ഭക്ഷണത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്തവരാണ് മലയാളികള്‍. അതിനി കഴിക്കുന്നതായാലും കഴിപ്പിക്കുന്നതായാലും ഒന്നുതന്നെ. കേരള ടൂറിസം വകുപ്പ് മലയാളികളുടെ ഭക്ഷണങ്ങള്‍ മറ്റുളളവര്‍ക്ക് പരിചയപ്പെടുത്തി കൊടുക്കാറുണ്ട്. തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് കേരളത്തിന്റെ തനത് വിഭവങ്ങള്‍ മറ്റുളളവരിലേക്ക് എത്തിക്കുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം കേരള ടൂറിസം വകുപ്പിന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പ്രചരിച്ച ഒരു വിഭവം കണ്ട് മൂക്കത്ത് വിരല്‍ വച്ചിരിക്കുകയാണ് മലയാളികള്‍.

കേരള സ്റ്റൈല്‍ അവിയലാണ് ഇതെന്ന് പരിചയപ്പെടുത്തിയാണ് വിഭവത്തിന്റെ ചിത്രം കേരള ടൂറിസം വകുപ്പ് ട്വീറ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ ഇത് അവിയലാണെന്ന് സമ്മതിക്കാന്‍ മലയാളികള്‍ തയ്യാറായിട്ടില്ല. തങ്ങളുടെ അവിയല്‍ ഇങ്ങനെ അല്ലെന്നാണ് മലയാളികള്‍ കമന്റ് ചെയ്തിരിക്കുന്നത്. പച്ചക്കറി അരിഞ്ഞ് വേവിക്കുക പോലും ചെയ്യാതെയാണ് വിളമ്പിയിരിക്കുന്നതെന്നാണ് പരാതി. കേരളത്തിലെ അവിയലിന്റെ അടുത്ത് പോലും ഇത് എത്തിയിട്ടില്ലെന്നും പരാതിയുണ്ട്.

കേരളത്തിലെ വിഭവങ്ങളെ മറ്റ് നാട്ടുകാര്‍ക്ക് മുമ്പില്‍ കാണിക്കുന്ന കേരള ടൂറിസത്തിലെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് ഉപയോഗിക്കുന്നവര്‍ക്ക് അബദ്ധം പറ്റിയതാണോ എന്ന് പലരും ചോദിക്കുന്നുണ്ട്. എന്നാല്‍ തങ്ങള്‍ക്ക് പറ്റിയതല്ലെന്ന് കേരള ടൂറിസം വകുപ്പ് പരോക്ഷമായി മറ്റൊരു വീഡിയോയിലൂടെ പ്രതികരിക്കുന്നുണ്ട്. ട്വിറ്ററില്‍ ഷെയര്‍ ചെയ്ത മറ്റൊരു വീഡിയോയില്‍ കേരളത്തില്‍ പല തരത്തിലുളള അവിയല്‍ ഉണ്ടെന്നാണ് ടൂറിസം വകുപ്പ് പറയുന്നത്.

ഇതില്‍ കട്ടികൂടിയ രീതിയില്‍ പച്ചക്കറികള്‍ അരിഞ്ഞ് തയ്യാറാക്കുന്ന അവിയലാണ് ഇതെന്ന് പരാമര്‍ശിക്കുന്നുണ്ട്. എന്തായാലും ഇത് തങ്ങളുടെ അവിയലാണെന്ന് സമ്മതിക്കാന്‍ മലയാളികള്‍ തയ്യാറായിട്ടില്ല. വിവിധതരം പച്ചക്കറികൾ ഉപയോഗിച്ചാണ് സാധാരണ കേരള സ്റ്റൈല്‍ അവിയല്‍ തയ്യാറാക്കുന്നത്. അവിയലിൽ ചേരാത്ത കഷ്ണമില്ല എന്നാണ് ചൊല്ല്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Social news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ