/indian-express-malayalam/media/media_files/2026/02/20/kerala-story-troll-2026-02-20-11-50-58.jpg)
കേരള സ്റ്റോറി 2-നെ ട്രോളി ടൂറിസം വകുപ്പ്
തിരുവനന്തപുരം: കേരളത്തെ അപകീർത്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള 'ദി കേരള സ്റ്റോറി 2' സിനിമയ്ക്കെതിരെ പരോക്ഷ പരിഹാസവുമായി സംസ്ഥാന ടൂറിസം വകുപ്പ്. "നോ ബീഫ് വിത്ത് എനിവൺ" എന്ന ഇരട്ട അർത്ഥമുള്ള തലക്കെട്ടോടെയുള്ള പോസ്റ്ററാണ് ടൂറിസം വകുപ്പ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്.
Also Read:കേരള സ്റ്റോറി 2നെതിരെ ഹർജി, സെന്‍സര്‍ ബോര്‍ഡിനും നിർമാതാക്കൾക്കും ഹൈക്കോടതി നോട്ടീസ്
സിനിമയുടെ ട്രെയിലറിലെ ബീഫ് വിവാദത്തിന് പിന്നാലെ വന്ന ഈ പോസ്റ്റർ ഇതിനോടകം വൈറലായിക്കഴിഞ്ഞു. ആരോടും വിദ്വേഷമില്ലാത്ത നാട്, അതാണ് ആഹ്ലാദത്തിനുള്ള രുചിക്കൂട്ട് എന്ന സന്ദേശമാണ് പോസ്റ്ററിലൂടെ ടൂറിസം വകുപ്പ് നൽകുന്നത്.
"സ്നേഹം, ഐക്യം, എല്ലാവരെയും ഉൾക്കൊള്ളുന്ന വിശാലമായ മനസ്സ്; ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് സ്വാഗതം"എന്ന കുറിപ്പോടെയാണ് പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. കേരളത്തിന്റെ അതിഥി മര്യാദയെയും മതേതര പാരമ്പര്യത്തെയും ഉയർത്തിക്കാട്ടുന്ന പോസ്റ്ററിന് സോഷ്യൽ മീഡിയയിൽ വലിയ പിന്തുണയാണ് ലഭിക്കുന്നത്.
/filters:format(webp)/indian-express-malayalam/media/media_files/2026/02/20/vcvrv4-2026-02-20-11-53-14.jpg)
കേരളത്തിൽ ബീഫ് നിർബന്ധിച്ച് കഴിപ്പിക്കുന്നു എന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള രംഗങ്ങൾ സിനിമയുടെ ട്രെയിലറിൽ ഉൾപ്പെടുത്തിയത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതിനുള്ള കൃത്യമായ മറുപടിയാണ് ടൂറിസം വകുപ്പ് നൽകിയിരിക്കുന്നതെന്ന് കമന്റുകൾ പറയുന്നു. വിദ്വേഷമില്ല എന്ന അർത്ഥം വരുന്ന ഇംഗ്ലീഷ് ശൈലി സമർത്ഥമായി ഉപയോഗിച്ചതിനെ അഭിനന്ദിച്ച് പലരും സാമൂഹിക മാധ്യമങ്ങളിൽ രംഗത്തെത്തിയിട്ടുണ്ട്.
ചില സാഹചര്യങ്ങളില്‍ 'ബീഫ്' എന്ന വാക്കിന് സംഘര്‍ഷം, വഴക്ക്, പിണക്കം എന്നൊക്കെ അര്‍ത്ഥം വരാറുണ്ട്. ഈ അര്‍ത്ഥത്തിലാണ് 'നോ ബീഫ്' എന്ന വാക്ക് ടൂറിസം വകുപ്പ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്.
Also Read:ലൈവിൽ ഫിൽറ്റർ ചതിച്ചു; യഥാർഥ മുഖം കണ്ട് ഞെട്ടി ഫാൻസ്; നഷ്ടമായത് 140,000 ഫോളോവേഴ്സിനെ
അതേസമയം, കേരള സ്റ്റോറി 2നെതിരെ സമർപ്പിച്ച ഹർജിയിൽ സെൻസർ ബോർഡിനും നിർമ്മാതാക്കളായ സൺഷൈൻ പിക്ചേഴ്സിനും ഹൈക്കോടതിയുടെ നോട്ടീസ്. ചിത്രത്തിന്‍റെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കണ്ണൂർ സ്വദേശിയായ ശ്രീദേവ് നമ്പൂതിരിയാണ് കോടതിയെ സമീപിച്ചത്.
കേസ് അടുത്ത ചൊവ്വാഴ്ച ഹൈക്കോടതി വീണ്ടും പരിഗണിക്കും. ഫെബ്രുവരി 27-ന് തിയേറ്ററുകളിലെത്താൻ നിശ്ചയിച്ചിട്ടുള്ള 'കേരള സ്റ്റോറി 2: ഗോസ് ബിയോണ്ട്' കേവലം ഒരു പ്രൊപ്പഗാൻഡ ചിത്രമാണെന്നും കേരളത്തെ കരിനിഴലിൽ നിർത്താനാണ് ഇതിലൂടെ ശ്രമിക്കുന്നതെന്നും ഹർജിക്കാരൻ ആരോപിക്കുന്നു. നാല് യുവതികൾ തീവ്രവാദികളുടെ കെണിയിൽപ്പെടുന്നതാണ് ചിത്രത്തിന്‍റെ ഇതിവൃത്തമെന്നാണ് കഴിഞ്ഞ 17-ന് പുറത്തിറങ്ങിയ ട്രെയിലർ സൂചിപ്പിക്കുന്നത്.
Also Read:''ആരെയോ കൊന്നിട്ട് ഇരിക്കുവാ... ചിരി കണ്ടാൽ അറിയാം"; മോഹൻലാലിന്റെ പോസ്റ്റിൽ ആരാധകൻ
വസ്തുതാവിരുദ്ധമായ അവകാശവാദങ്ങൾ ഉന്നയിച്ചുകൊണ്ട് വലിയ വിമർശനങ്ങൾ നേരിട്ട 'കേരള സ്റ്റോറി'യുടെ ആദ്യ ഭാഗം രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും ക്രമസമാധാന പ്രശ്നങ്ങൾക്ക് കാരണമായിരുന്നു. ഇതിന്‍റെ രണ്ടാം ഭാഗവും സമാനമായ രീതിയിൽ സംഘർഷങ്ങൾക്കും ക്രമസമാധാന തകർച്ചയ്ക്കും വഴിതെളിക്കുമെന്ന ആശങ്ക ഹർജിയിൽ പങ്കുവെക്കുന്നുണ്ട്.
നേരത്തെ, ചിത്രത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയിരുന്നു. കേരളത്തിനെതിരെ വിദ്വേഷം വിതയ്ക്കാനും നമ്മുടെ മതനിരപേക്ഷ പാരമ്പര്യത്തെ അവഹേളിക്കാനും ലക്ഷ്യമിട്ട് നിർമ്മിക്കപ്പെട്ട “ദി കേരള സ്റ്റോറി” എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗം പുറത്തിറങ്ങുന്നു എന്ന വാർത്ത ഗൗരവത്തോടെ കാണേണ്ടതാണെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
നട്ടാൽ കുരുക്കാത്ത നുണകളും വിദ്വേഷവും കേരളവിരുദ്ധ പ്രചാരണവും കുത്തിനിറച്ച ഒന്നാം ഭാഗം വർഗീയ ലക്ഷ്യത്തോടെ നിർമ്മിച്ചതാണെന്ന് ഈ നാട് തിരിച്ചറിഞ്ഞതാണ്. കലാസൃഷ്ടിയുടെ മേലങ്കി അണിഞ്ഞ് പുറത്തിറക്കിയ ആ വികൃത സൃഷ്ടിയെ ‘ദ റിയൽ കേരള സ്റ്റോറി' വിളിച്ചുപറഞ്ഞുകൊണ്ട് തള്ളിക്കളഞ്ഞതുമാണ്. സാഹോദര്യവും മതേതരത്വവും ഉയർത്തിപ്പിടിക്കുന്ന കേരളത്തിന്റെ മാതൃകയെ ഭയപ്പെടുന്നവരാണ് തുടർച്ചയായ വിദ്വേഷ പ്രചാരണങ്ങളുടെ അണിയറക്കാരെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
സമൂഹത്തിൽ വിദ്വേഷം പടർത്തുന്ന തികച്ചും അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് സിനിമയിലൂടെ പ്രചരിപ്പിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ പറഞ്ഞു കേരളത്തെയും രാജ്യത്തെയും മോശമായി ചിത്രീകരിക്കുകയെന്ന ബോധപൂർവമായ ലക്ഷ്യമാണ് ഈ സിനിമയ്ക്ക് പിന്നിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.വസ്തുതകൾക്ക് നിരക്കാത്ത ഉള്ളടക്കം സിനിമയുടെ പ്രമേയവും അതിൽ ഉന്നയിക്കുന്ന കണക്കുകളും യാഥാർഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത പച്ചക്കള്ളമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ആയിരക്കണക്കിന് പെൺകുട്ടികളെ മതം മാറ്റി ഭീകരപ്രവർത്തനത്തിനായി വിദേശത്തേക്ക് കടത്തിക്കൊണ്ടുപോയി എന്ന തരത്തിലുള്ള ചലച്ചിത്ര പ്രവർത്തകരുടെ പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണ്. ലഭ്യമായ ഔദ്യോഗിക വിവരങ്ങൾ പ്രകാരം കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കിടയിൽ ഇത്തരത്തിലുള്ള മുപ്പതോളം കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കേവലം മുപ്പത് പേർക്ക് സംഭവിച്ച കാര്യങ്ങളെ മുപ്പത്തിരണ്ടായിരം പേരുടേതായി പർവതീകരിച്ച് കാണിച്ച് കേരളത്തെ ഭീകരരുടെ നാടായി ചിത്രീകരിക്കാനുള്ള ശ്രമങ്ങളാണ് സിനിമയിലൂടെ നടക്കുന്നതെന്നും ശശി തരൂർ കൂട്ടിച്ചേർത്തു.
അതേസമയം, സിനിമ ഇഷ്ടമുള്ളവർ കാണട്ടേയെന്ന് നിലപാടാണ് ബിജെപി നേതാക്കൾ പങ്കുവെയ്ക്കുന്നത്. കേരള സ്റ്റോറി 2 സിനിമയ്‌ക്കെതിരെ ക്യാമ്പയിനുമായി എസ്എഫ്‌ഐ രംഗത്തെത്തി. നാളെ തിരുവനന്തപുരത്തെ മാനവീയം വീഥിയില്‍ എസ്എഫ്‌ഐ പൊറോട്ടയും ബീഫും വിളമ്പും. നല്ല ചൂട് പൊറോട്ടയും ബീഫും എന്ന പേരിലാണ് എസ്എഫ്‌ഐ പരിപാടി സംഘടിപ്പിക്കുന്നത്.
Read More: തള്ളിയത് അല്ലല്ലേ? ഒരു ഉണ്ടയ്ക്ക് രണ്ടു കടുവയെ വീഴ്ത്തി മമ്മൂക്ക; വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us