കുഴികൾ കൊണ്ട് റോഡ് നിറയുന്നതിനിടെ സർക്കാരിനെതിരായ ട്രോളുകൾ കൊണ്ട് നിറയുകയാണ് സോഷ്യൽ മീഡിയ. കഴിഞ്ഞ ഏതാനും ദിവസമായി ഹൈക്കോടതിയും നിരന്തം സർക്കാരിനോട് ചോദിക്കുന്നതും റോഡിലെ കുഴികളെക്കുറിച്ചാണ്. ഒടുവിൽ ‘പശവച്ചാണോ റോഡിലെ കുഴികൾ അടയ്ക്കുന്നത്?’ എന്നുവരെ സർക്കാരിനോട് ഹൈക്കോടതിക്ക് ചോദിക്കേണ്ടി വന്നു.
കഴിഞ്ഞ ദിവസം കുഞ്ചാക്കോ ബോബന്റെ ‘ന്നാ താന്‍ കേസ് കൊട്’ എന്ന സിനിമയുടെ പത്രപരസ്യവും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ‘തീയറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട് എന്നാലും വന്നേക്കണേ’ എന്നായിരുന്നു പത്രപരസ്യം. ഇതോടെ വീണ്ടും ട്രോളന്മാർ റോഡിലെ കുഴികൾ ഏറ്റെടുത്തു.

ട്രിപ്പിൾ ജംപിൽ മലയാളികൾ ചരിത്ര നേട്ടം നേടിയത് റോഡിലെ കുഴികളുമായി താരതമ്യം ചെയ്തുള്ള ഒരു ട്രോളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. കോമൺവെൽത്ത് ഗെയിംസിൽ ട്രിപ്പിൾ ജംപിൽ മലയാളികൾക്കു സ്വർണവും വെള്ളിയും, വിജയരഹസ്യം പഠിക്കാൻ ലോകപഠന സംഘം കേരളത്തിലേക്ക് എന്നായിരുന്നു ട്രോളിലെ വാചകം. റോഡിലെ കുഴിയിൽ വെള്ളം നിറഞ്ഞുകിടക്കുന്നതും ഒരാൾ ചാടി മറികടക്കുന്ന ഫൊട്ടോയും ഉണ്ട്.
കേരളത്തിൽ ദേശീയപാതകളിലെ കുഴികൾ ഒരാഴ്ചയ്ക്കകം അടയ്ക്കണമെന്നു ദേശീയപാതാ അതോറിറ്റിക്കു ഹൈക്കോടതി അന്ത്യശാസനം നൽകിയിരുന്നു. ഇന്ത്യയിലെങ്ങും ഈ അവസ്ഥയില്ല, കേരളത്തിലെന്താണ് ഇങ്ങനെ സംഭവിക്കുന്നതെന്നും കോടതി ചോദിച്ചിരുന്നു.