മലയാളത്തില്‍ അഡ്രസ് എഴുതി വിദേശ രാജ്യങ്ങളിലേക്ക് അയച്ചാല്‍ കത്ത് കിട്ടുമോ? കത്ത് ഉടമയുടെ കയ്യിലെത്തണമെങ്കില് പോസ്റ്റ് ഓഫീസില്‍ ഒരു മലയാളി എങ്കിലും വേണ്ടി വരില്ലേ? ലോകത്ത് എവിടെയും ഇത് സാധ്യമാകുമോ എന്നറിയില്ല. പക്ഷെ, ബഹറിനിലേക്ക് മലയാളത്തില്‍ അഡ്രസ് എഴുതി കത്തയച്ചാല്‍ സംഭവം നടക്കും, അങ്ങനെ നടന്നിട്ടുമുണ്ടേ.
ബഹറിനിലെ മനാമയിൽ കുടുംബസമേതം താമസിക്കുന്ന കോഴിക്കോട് സ്വദേശിയായ സുരഭിക്കാണ് ഇത്തരത്തില്‍ കത്ത് ലഭിച്ചത്. സുരഭി തന്റെ സമൂഹ മാധ്യമ അക്കൗണ്ടിലൂടെയാണ് തന്നെ തേടിയെത്തിയ ‘മലയാളി കത്ത്’ പങ്കുവച്ചതും.
സുരഭിയുടെ ഇനീഷ്യൽ പോലുമില്ലാത്ത വിലാസത്തിൽ പോസ്റ്റ് ബോക്‌സ് നമ്പർ മാത്രമാണു ഇംഗ്ലീഷിൽ എഴുതിയിരിക്കുന്നത്. സംഭവം ലേശം രസകരമായി തോന്നുമെങ്കിലും കത്തിന്റെ ഉള്ളടക്കം അങ്ങനെയല്ല. സുരഭിടെ ജോലി പോയതറിയിച്ചുകൊണ്ടുള്ള കത്താണ് തേടിയെത്തിയത്.
സംസ്ഥാന റവന്യു വകുപ്പിൽനിന്നാണ് കത്ത്. 15 വര്‍ഷത്തെ അവധിക്കു ശേഷവും തിരകെ ജോയിന്‍ ചെയ്യാത്തതിനാലാണു ജോലി നഷ്ടപ്പെട്ടത്. രസകരമായ കുറിപ്പിലൂടെയാണ് സുരഭി കത്ത് കിട്ടിയ എക്സൈറ്റ്മെന്റ് പങ്കുവച്ചിരിക്കുന്നത്. കത്തിന്റെ മുന്‍വശത്തിന്റെ ചിത്രവും ഫെയ്സ്ബുക്ക് കുറിപ്പിനൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്.
“മലയാളം ഒരു അന്താരാഷ്ട്ര ഭാഷയാണോയെന്ന് ഇനിയൊരിക്കലും സംശയിക്കില്ല…
മലയാളത്തിൽ മാത്രം അഡ്രസ് എഴുതിയ കത്ത് ചുറ്റിക്കറങ്ങാതെ ഇതാ ഇവിടെ എത്തിയിരിക്കുന്നു!
നാട്ടിലെ റവന്യൂ ഡിപാർട്ട്മെന്റിൽനിന്ന് കടൽ കടന്ന് എന്നെ തേടി ബഹറിനിലെത്തിയ കത്തിലാണ് മലയാളത്തിൽ പേരും അഡ്രസും എഴുതിയിരിക്കുന്നത്.
പോസ്റ്റ് ബോക്സിൽനിന്ന് കത്തുകൾ എടുക്കാൻ പോയ കെ ടി നൗഷാദ് അവിടുന്ന് തന്നെ എന്നെ വിളിച്ചറിയിച്ചു, ‘നിനക്ക് മലയാളം വിലാസത്തിൽ ഒരു ലവ് ലെറ്റർ വന്നിട്ടുണ്ട്’ എന്ന്.
ബഹറിന്‍ എന്ന അഡ്രസ് കണ്ടിട്ടും മലയാളത്തിൽ തന്നെ അഡ്രസെഴുതി വിട്ട ക്ലാർക്ക് പൊളി തന്നെ.
എന്നാലും ആ കത്തിനകത്ത് എന്തായിരിക്കുമെന്ന് ആലോചിച്ചവർക്കായി, 15 വർഷം ലീവിന് ശേഷം ജോയിൻ ചെയ്യാത്തതു കൊണ്ട് ജോലി പോയിരിക്കുന്നു, ഇനി ഈ വഴിക്ക് വരേണ്ട എന്ന് അറിയിക്കാനുള്ള കത്തായിരുന്നു,” സുരഭി കുറിച്ചു.