കനത്ത മഴയെ തുടർന്ന് എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണെന്ന് പ്രഖ്യാപിക്കുന്നതിൽ ജില്ലാ കലക്ടറിൽ വൈകിയതിൽ വിമർശനം. എറണാകുളം ജില്ലാ കലക്ടര്‍ ഡോ. രേണു രാജിന്റെ ഔദ്യോഗിക ഫെയസ്ബുക്ക് പേജില്‍ വന്ന പോസ്റ്റിന് താഴെയാണ് വിമര്‍ശനവുമായി രക്ഷിതാക്കളും കുട്ടികളും എത്തിയത്.
പല കുട്ടികളും സ്കൂളിൽ എത്തിയതിനുശേഷമാണ് ഇന്ന് അവധിയാണെന്ന കലക്ടറുടെ അറിയിപ്പ് വന്നത്. ഇതാണ് രക്ഷിതാക്കളെ ചൊടിപ്പിച്ചത്. കുട്ടികൾ സ്കൂളിൽ എത്തി ക്ലാസ് തുടങ്ങിയപ്പോഴാണോ കലക്ടറേ അവധി പ്രഖ്യാപിക്കുന്നതെന്നായിരുന്നു ഒരു രക്ഷിതാവിന്റെ കമന്റ്. കുട്ടികൾ സ്കൂളിലേക്ക് പോയി കഴിഞ്ഞു ഇതുപോലെ ഇറങ്ങുന്ന ഉത്തരുവുകൾ…ആശ്വാസമല്ല മറിച്ചു ആധിയാണെന്നായിരുന്നു മറ്റൊരു കമന്റ്. കലക്ടർ, താങ്കൾ ഇപ്പോഴാണോ എഴുന്നേറ്റത്. രാവിലെ അഞ്ചര മുതൽ അങ്ങയുടെ പേജ് പലവട്ടം പരിശോധിച്ചു. എറണാകുളത്തുള്ള കുഞ്ഞുങ്ങൾ രാവിലെ ആറരയ്ക്കും മുൻപേ മുതൽ സ്കൂളിൽ പോയി തുടങ്ങും. മഴ തോർന്നേക്കും എന്നതുകൊണ്ട് ആവണം അവധി പ്രഖ്യാപിക്കാത്തത് എന്ന് വിചാരിച്ചാണ് കുഞ്ഞിനെ സ്കൂളിൽ വിട്ടത്. ഇത് തീർത്തും നിരുത്തരവാദപരമായ ഒരു സമീപനമായി പോയി. കൂടുതലൊന്നും പറയുന്നില്ലെന്നായിരുന്നു മറ്റൊരു കമന്റ്.
കലക്ടറുടെ ഫെയ്സ്ബുക്ക് പോസ്റ്റിനു താഴെ കുട്ടികളുടെയും പൊങ്കാലയാണ്. കലക്ടർ ഉറങ്ങിപ്പോയോ എന്നും ഞങ്ങൾ അര മണിക്കൂർ മുൻപേ പുറപ്പെട്ടു. വേണമെങ്കിൽ ഒരു മണിക്കൂർ മുൻപേ പുറപ്പെടാം എന്നിങ്ങനെ പോകുന്നു കമന്റുകൾ.
പോസ്റ്റിനു താഴെ വിമർശനം കടുത്തതോടെ കലക്ടർ പുതിയൊരു അറിയിപ്പ് പോസ്റ്റ് ചെയ്തു. രാത്രിയിൽ ആരംഭിച്ച മഴ ഇപ്പോഴും നിലക്കാതെ തുടരുന്നതിനാലും അപകടങ്ങൾ ഒഴിവാക്കുന്നതിനുമാണ് അവധി പ്രഖ്യാപിച്ചത്. ഇതിനകം പ്രവർത്തനം ആരംഭിച്ച സ്കൂളുകൾ അടക്കേണ്ടതില്ല. സ്കൂളുകളിലെത്തിയ വിദ്യാർത്ഥികളെ തിരിച്ചയക്കേണ്ടതില്ലെന്നുമായിരുന്നു പുതിയ അറിയിപ്പ്. ഇതിനു താഴെയും നിരവധി പേരാണ് വിമർശനവുമായി എത്തിയത്.