scorecardresearch

Latest News

അവസാന ചിരി മണിയാശാന്, തോല്‍വി സമ്മതിച്ച് കടകംപള്ളി; കോപ്പയില്‍ നേതാക്കള്‍

ബ്രസീലിനായി സമൂഹ മാധ്യമങ്ങളില്‍ ഏറ്റവും വാശിയോടെ പോരാടിയ വ്യക്തിയാണ് മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

Photo: Faceboo/MM Mani/Kadakampally Surendran

കൊച്ചി: കോപ്പ തുടങ്ങിയപ്പോള്‍ മുതല്‍ കേരള രാഷ്ട്രിയത്തിലും പോരു മുറികിയിരുന്നു. ഭരണ പ്രതിപക്ഷ ഭേദമില്ലാതെയുള്ള വെല്ലുവിളികള്‍. ബ്രസീലിനും അര്‍ജന്റീനക്കുമായി നേതാക്കള്‍ സമൂഹ മാധ്യമങ്ങളില്‍ പോരടിച്ചു.

അര്‍ജന്റീനക്കായി സജീവമായി ഉണ്ടായിരുന്നത് ഇടുക്കിയുടെ സ്വന്തം മണിയാശാനായിരുന്നു. ബ്രസീലിനായി അങ്ങ് തലസ്ഥാനത്ത് നിന്ന് കടകംപള്ളി സുരേന്ദ്രനും. കോപ്പ അവസാനിച്ചു. അര്‍ജന്റീന കപ്പുയര്‍ത്തി. ചില നേതാക്കള്‍ നല്ല വിഷമത്തിലാണ്. പക്ഷെ മറ്റു ചിലര്‍ ആഘോഷിക്കുകയാണ്.

കളി തുടങ്ങയി നിമിഷം മുതല്‍ മണിയാശാന്‍ ഫെയ്സ്ബുക്കില്‍ ആക്ടീവായിരുന്നു. കൃത്യമായ അപ്ഡേറ്റുകള്‍. മ്മടെ ബ്രസീല്‍ പടമായിട്ടോ എന്നായിരുന്നു ജയത്തിന് ശേഷമുള്ള ആശാന്റെ ആദ്യ പ്രതികരണം. അധികം വൈകാതെ അടുത്തത്, ആശാനെ മെസി ചതിച്ചില്ല. വീട്ടിലെ ആ ചെറിയ ടീവിയ്ക്ക് മുന്നില്‍ പൊട്ടിച്ചിരിക്കുന്ന ചിത്രവും അദ്ദേഹം പങ്കു വച്ചിട്ടുണ്ട്.

എന്നാല്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ നല്ല വിഷമത്തിലാണ്. “എൻറെ ടീം ബ്രസിൽ തോറ്റു. എന്നാലും നല്ല മത്സരം കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. മെസ്സിക്ക് ഇതൊരു നല്ല തിരിച്ചു വരവായി.എങ്കിലും നെയ്മറുടെ കരച്ചിൽ മനസ്സിൽ ഒരു വിങ്ങലായി നിൽക്കുന്നു,” സതീശന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

അര്‍ജന്റീനയുടേയും മെസിയുടേയും നേട്ടത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സന്തോഷവാനാണ്. “അതിർത്തികൾ ഭേദിക്കുന്ന സാഹോദര്യമാണ് ഫുട്ബോളിന്റെ സൗന്ദര്യം. അർജന്റീനയ്ക്കും ബ്രസീലിനും വേണ്ടി ആർത്തുവിളിക്കാൻ ലക്ഷക്കണക്കിനാളുകൾ ഇങ്ങ് കേരളത്തിലും ഉള്ളത് ആ കാരണം കൊണ്ടാണ്. അർജന്റീനയുടെ വിജയവും ലയണൽ മെസി എന്ന ലോകോത്തര താരത്തിന്റെ കിരീടധാരണവും എത്രമാത്രം സുന്ദരം,” അദ്ദേഹം ഫെയ്സ്ബുക്കിലെഴുതി.

ബ്രസീലിനായി സമൂഹ മാധ്യമങ്ങളില്‍ ഏറ്റവും വാശിയോടെ പോരാടിയ വ്യക്തിയാണ് മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇന്നലെ അര്‍ധരാത്രി വരെ എം.എം മണിയുടെ ഫെയ്സ്ബുക്കില്‍ പോയി വെല്ലുവിളിച്ചിരുന്നു. തോല്‍വി അംഗീകരിച്ചു, കരുത്തോടെ ബ്രസീല്‍ തിരിച്ചു വരുമെന്ന ശുഭ പ്രതീക്ഷയും കടകംപള്ളി പങ്കു വച്ചു.

മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഷാഫി പറമ്പില്‍ എം.എല്‍.എ, എം.എ ബേബി തുടങ്ങി നിരവധി രാഷ്ട്രീയ നേതാക്കള്‍ അര്‍ജന്റീനയ്ക്ക് അഭിനന്ദനവുമായി എത്തി.

കേരളത്തില്‍ അങ്ങോളിമിങ്ങോളമുള്ള അര്‍ജന്റീന ആരാധകര്‍ക്ക് ആവേശത്തിലാണ്. നീണ്ട 28 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള കിരീട നേട്ടം. അതിലുപരി എല്ലാം നേടിയിട്ടും അകന്ന് നിന്ന് കിരീടം മെസിയെ തേടിയെത്തിയതിന്റെ ആനന്ദവും.

മറുവശത്ത് ബ്രസീല്‍ ആരാധകര്‍ നിശബ്ദരാണ്. കളി തുടങ്ങുന്നതിന് നിമിഷങ്ങള്‍ക്ക് മുന്‍പ് വരെ സമൂഹമാധ്യമങ്ങളില്‍ ആര്‍ത്ത് വിളിച്ചവരെ കാണാനില്ല. ഇത്ര നാളും കിരീടം ദാരിദ്ര്യത്തിന്റെ പേരില്‍ അര്‍ജന്റീനക്ക് മുകളില്‍ ആധിപത്യം സ്ഥാപിക്കാന്‍ അവര്‍ക്കായിരുന്നു. ഇനി അതെല്ലാം ചരിത്രമായി കഴിഞ്ഞു.

Also Read: മിശിഹയ്ക്ക് കിരീടധാരണം; ആരാധകര്‍ക്ക് ആഘോഷരാവ്

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: Kerala political leaders on argentinas copa championship