കേരളത്തിൽ ഇന്ന് വളരെ സജീവമായി ഉപയോഗിക്കപ്പെടുന്ന സമൂഹ മാധ്യമ ആപ്പുകളിൽ ഒന്നാണ് ക്ലബ്ഹൗസ്. ശബ്ദത്തിലൂടെ ലൈവായി സംവദിക്കാവുന്ന ആപ്പാണിത്. തത്സമയ ഓഡിയോ ചാറ്റ് റൂമുകൾ അത്ര പരിചിതരല്ലാതെ മലയാളികൾക്ക് ഇടയിലേക്ക് എത്തിയ ക്ലബ്ഹൗസിന് നിരവധി ഉപയോക്താക്കളാണ് ഉള്ളത്. കുട്ടികൾ ഉൾപ്പടെ ഈ ആപ്പ് ഉപയോഗിക്കുന്നുണ്ട്. ഇപ്പോഴിതാ, കുട്ടികൾ ആപ്പ് ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് കേരള പൊലീസ്.
ഇത്തരത്തിലുള്ള ആപ്പുകളിലൂടെ കുട്ടികളുമായി സംസാരിച്ചു അവരെ ചൂഷണം ചെയ്യുന്ന ആളുകൾ ഉണ്ടെന്ന് പൊലീസ് മുന്നറിയിപ്പ് നൽകുന്നു. കുട്ടികൾ ഇത്തരത്തിലുള്ള ആപ്പുകൾ ഉപയോഗിക്കുന്നില്ലന്ന് രക്ഷകർത്താക്കൾ ഉറപ്പു വരുത്തണമെന്നും. അവർ മൊബൈൽ ഉപയോഗിക്കുന്ന സമയം കൃത്യമായി ശ്രദ്ധിക്കണമെന്നും പൊലീസ് പറയുന്നു.
“ക്ലബ്ഹൗസ് പോലുള്ള പുത്തൻ തലമുറ സമൂഹ മാധ്യമ ആപ്പ്ളിക്കേഷനുകൾ വഴി കുട്ടികളെ വലയിലാക്കുന്ന സംഘങ്ങൾ സജീവമാകുന്നുണ്ട്. ശബ്ദ സന്ദേശങ്ങൾ മാത്രം അയക്കാൻ കഴിയുന്ന ഇത്തരം ആപ്പുകൾ നിസാരന്മാരല്ല. ആയിരക്കണക്കിനു ആൾക്കാരെ ഒരേസമയം ഉൾപ്പെടുത്തി ഗ്രൂപ്പുകൾ നിർമിക്കാൻ ഈ ആപ്പുകൾക്കു കഴിയും. കുട്ടികളുടെ പേരുകൾ ഉപയോഗിച്ച് വ്യാജമായി നിർമിച്ചിരിക്കുന്ന പല ചാറ്റ് റൂമുകളിലും നടക്കുന്ന ശബ്ദ സംഭാഷണങ്ങൾ വാക്കുകളിലൂടെ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നവയാണ്.”
“കുട്ടികളെ ഇത്തരം ചാറ്റ് റൂമുകളിലേക്ക് ആകർഷിച്ചു അവരെ ലൈംഗിക കുറ്റകൃത്യങ്ങൾക്ക് പ്രേരിപ്പിക്കുക വരെ ചെയ്യുന്നുണ്ട്. മിക്കപ്പോഴും രക്ഷകർത്താക്കളുടെ ഫോണിൽ നിന്നുമാണ് ഇത്തരം ആപ്പുകളിലേക്കു കുട്ടികൾ പ്രവേശിച്ചു തുടങ്ങുന്നത്. അതിനാൽ ഇത്തരത്തിലുള്ള ആപ്പുകൾ കുട്ടികൾ ഉപയോഗിക്കുന്നില്ല എന്ന് രക്ഷകർത്താക്കൾ ഉറപ്പു വരുത്തുക. കുട്ടികളുടെ സ്ക്രീൻ ടൈം കൃത്യമായി ശ്രദ്ധിക്കുക. ഓർമിക്കുക.” കേരള പൊലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ കുറിച്ചു.
കഴിഞ്ഞ മാസം അവസാനത്തോടെയാണ് ക്ലബ്ഹൗസ് കേരളത്തിൽ ജനപ്രീതി നേടിയത്. ആപ്പ് ഉപയോഗിക്കുന്നവർ പതിനെട്ടു വയസിനു മുകളിൽ ഉള്ളവർ ആയിരിക്കണം എന്ന് ക്ലബ്ഹൗസ് പറയുന്നുണ്ടെങ്കിലും കുട്ടികൾ ഉൾപ്പടെ ആപ്പ് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഇപ്പോൾ ക്ലബ്ഹൗസിനു സമാനമായ ആപ്പുകൾ സ്പോട്ടിഫൈ, ഫേസ്ബുക്ക് ഉൾപ്പടെയുള്ളവരും പുറത്തിറക്കിയിട്ടുണ്ട്.
Read Also: Clubhouse: ഓൺലൈൻ ചർച്ചകൾക്ക് പുതിയ ഇടം; എന്താണ് ക്ലബ്ഹൗസ്? എങ്ങനെ ഉപയോഗിക്കാം?