കൊച്ചി: കേരള പൊലീസ് ഒരു കാർ യാത്രക്കാരന് പെറ്റിയടിക്കുന്നതിന്റെ ഒരു വീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്. കാറിൽ സീറ്റ് ബെൽട്ട് ഇടാതെ യാത്രചെയ്ത ഒരാളെയാണ് പൊലീസ് തടഞ്ഞതും പെറ്റിയടച്ചതും. പിഴത്തുകയൊക്കെ അടക്കാൻ ആ യാത്രക്കാരൻ തയ്യാറായിരുന്നു. പക്ഷേ സ്വന്തം പേര് പൊലീസിനോട് പറയാൻ അയാൾ തയ്യാറായില്ല.
പൊലീസിനോട് ‘പൈസ കിട്ടിയില്ലേ’ എന്ന് ചോദിച്ചുകൊണ്ടാണ് യാത്രക്കാരൻ ഇനി പേര് പറയേണ്ട ആവശ്യമുണ്ടോ എന്ന് പൊലീസുകാരോട് ചോദിക്കുന്നത്. യാത്രക്കാരൻ പേര് പറയാൻ തയ്യാറാകാത്തതോടെ പൊലീസുകാർ അയാളോട് റെസീപ്റ്റിൽ എഴുതാൻ വേണ്ടി എന്തെങ്കിലും പേര് പറയാൻ പറയുന്നു. പേര് മാത്രമല്ല അച്ഛന്റെ പേരും വിലാസവും പൊലീസ് ചോദിക്കുന്നുണ്ട്. അവയ്ക്കെല്ലാം യാത്രക്കാരൻ തനിക്ക് തോന്നിയ മറുപടികളും നൽകി.
പേര് എന്താണെന്ന് ചോദിച്ചപ്പോൾ രാമൻ എന്നാണ് യാത്രക്കാരൻ മറുപടി നൽകിയത്. പിതാവിന്റെ പേരിന് ദശരഥൻ എന്നും സ്ഥലം എവിടെയെന്ന ചോദ്യത്തിന് അയോധ്യയെന്നും യാത്രക്കാരൻ മറുപടി നൽകി.
യാത്രക്കാരന്റെ മറുപടി കേട്ട ശേഷം പൊലീസുകാരൻ തന്റെ അഭിപ്രായവും പറയുന്നുണ്ട്. “ഇത് സർക്കാരിന്റെ കാര്യമല്ലേ, എന്ത് പറഞ്ഞാലും പ്രശ്നമില്ല,” എന്നാണ് യാത്രക്കാരൻ പറഞ്ഞ പേരുകൾ കേട്ടപ്പോൾ പൊലീസുകാരൻ അഭിപ്രായം പറഞ്ഞത്.