തിരുവനന്തപുരം: ബിവറേജസ് കോര്‍പറേഷന്റെ ഔട്ട്‌ലെറ്റുകളില്‍ നിന്നും മറ്റും മദ്യം വാങ്ങുന്നതിന് ക്യു നില്‍ക്കുന്നതിനായി മൊബൈല്‍ ആപ്പ് അവതരിപ്പിക്കാന്‍ തീരുമാനിച്ചപ്പോള്‍ ആരോടും ചോദിക്കാതെ പേരിട്ടു, ബെവ് ക്യു. പക്ഷേ, ട്രോളുകള്‍ കൊണ്ടും കുറിക്കു കൊള്ളുന്ന മറുപടികള്‍ കൊണ്ടും സോഷ്യല്‍ മീഡിയയിലെ താരമായ കേരള പൊലീസ് നല്‍കുന്ന സേവനങ്ങളെ ഉള്‍പ്പെടുത്തി ഒരു മൊബൈല്‍ ആപ്പ് അവതരിപ്പിക്കാന്‍ തീരുമാനിച്ചപ്പോള്‍ ആരാധകരോട് പേരിടാന്‍ പറഞ്ഞിരിക്കുകയാണ്. തെരഞ്ഞെടുക്കപ്പെടുന്ന പേര് നിര്‍ദ്ദേശിച്ചയാളിന് സംസ്ഥാന ഡിജിപിയുടെ വക സമ്മാനവുമുണ്ട്.
പൊലീസ് പോസ്റ്റിട്ട് 24 മണിക്കൂര്‍ തികയുന്നതിന് മുമ്പ് തന്നെ ആപ്പിന് പേര് നിര്‍ദ്ദേശിച്ചും ആ പേരുകള്‍ക്ക് ആപ്പ് വച്ചും ട്രോളിയും അയ്യായിരത്തിലധികം കമന്റുകള്‍ കേരള പൊലീസിന്റെ പേജില്‍ നിറഞ്ഞു. നിര്‍ദ്ദേശിക്കപ്പെടുന്ന പേരുകള്‍ ചിരി വാരി വിതറുന്നതിനൊപ്പം അവയ്ക്ക് പൊലീസ് നല്‍കുന്ന മറുപടികളും ലൈക്കുകള്‍ വാരുന്നു.
പ്രഭുല്‍ ദേവ് എന്നൊരാള്‍ കാവല്‍ എന്ന് നിര്‍ദ്ദേശിക്കുകയും അതിനൊരു പൂര്‍ണരൂപം ഉണ്ടാക്കിയാല്‍ പോരെയെന്നും ചോദിക്കുന്നു. പൊലീസിന് തമിഴിലെ പേരാണ് കാവല്‍. ഈ നിര്‍ദ്ദേശമനുസരിച്ചുള്ള ഫൈസല്‍ മേക്കുന്നിന്റെ വക ഫുള്‍ ഫോം ലൈക്കുകള്‍ അടിച്ച് കൂട്ടി ഫോമില്‍ തുടരുകയാണ്. കാക്കും അവന്‍ വീക്കും അവന്‍ ലാലാലലാ എന്നാണ് അദ്ദേഹം നിര്‍ദ്ദേശിച്ചിരിക്കുന്നത്.
നാട്ടില്‍ ജനമൈത്രി പൊലീസ് ചിലപ്പോള്‍ ജനവിരുദ്ധ പൊലീസെന്ന പേര് കേള്‍പ്പിക്കുമെങ്കിലും സോഷ്യല്‍ മീഡിയയില്‍ ചങ്കാണ്. അതുകൊണ്ട് അനുജ അനുജ എന്നൊരു പ്രൊഫൈല്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത് ഇങ്ങള് നമ്മുടെ ചങ്ക് ആയോണ്ട് ചങ്കാപ്പ് എന്ന് ഇട്ടാല്‍ മതി എന്നാണ്.
എങ്കിലും ഹിറ്റ് വേറൊരു പേരാണ്. പൊല്ലാപ്പ്. പൊലീസിന്റെ പൊല്, ആപ്പിന്റെ ആപ്പ് എന്നിവ ചേര്‍ത്ത് നാമകരണം നിര്‍വഹിച്ചിരിക്കുന്നത് ശ്രീകാന്താണ്. 1700 പേരാണ് ശ്രീകാന്തിന്റെ പേരിനോട് പ്രതികരിച്ചിരിക്കുന്നത്. നിന്റെ ഈ കൊച്ചു തലയ്ക്കകത്ത് ഇത്രയ്ക്കും വിവരമുണ്ടെന്ന് ഞാന്‍ അറിഞ്ഞില്ല എന്നാണ് കേരള പൊലീസിന്റെ ട്രോള്‍ മറുപടി.
ബെവ്ക്യു എന്ന പേര് ഇടാനാണ് രഞ്ജിത്തിന്റെ നിര്‍ദ്ദേശം. അങ്ങനെ എങ്കിലും അത് ഡൗണ്‍ലോഡ് ചെയ്യാമല്ലോയെന്ന കമന്റുമായി അദ്ദേഹം ബിവറേജസ് കോര്‍പറേഷന്റെ ആപ്പ് വൈകുന്നതിലെ നിരാശ പങ്കുവയ്ക്കുന്നു.
Read Also: മദ്യശാലകൾ തുറക്കാൻ വൈകുന്നത് ആപ്പിന് ഗൂഗിളിന്റെ അനുമതി കിട്ടാത്തതിനാലെന്ന് എക്സൈസ് മന്ത്രി
ബെവ്‌കോയുടെ ആപ്പ് വൈകുന്നതിലെ വിഷമം അനവധി പേര്‍ പങ്കുവയ്ക്കുന്നുണ്ട്. മെയ് 31 വരെ പേര് നിര്‍ദ്ദേശിക്കാം.