ഇന്നലെ മുതൽ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു പോസ്റ്ററിനു പിന്നിലെ വസ്‌തുതയെന്താണ്? കേരള പൊലീസ് ‘ബ്രേക്ക് ദ ചെയിൻ’ ക്യാംപയ്‌നുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ പോസ്റ്റർ എന്ന തരത്തിലാണ് ഇത് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

മാസ്‌ക് ധരിക്കാൻ പ്രോത്സാഹിപ്പിക്കുന്നതാണ് പോസ്റ്റർ. എന്നാൽ, പോസ്റ്ററിലെ കഥാപാത്രങ്ങൾ മാസ്‌ക് കൃത്യമായി ധരിച്ചിട്ടില്ല. പോസ്റ്ററിൽ പൊലീസ് യൂണിഫോമിൽ നിൽക്കുന്നവർ സർക്കാർ നിർദേശപ്രകാരമല്ല മാസ്‌ക് ധരിച്ചിരിക്കുന്നത്. ഇതാണ് വിവാദങ്ങൾക്ക് കാരണമായത്.

Read Also: അമ്മയുടെ മൃതദേഹം നോക്കാതെ, അന്ത്യകർമകളിൽ പങ്കെടുക്കാൻ വിസമ്മതിച്ച സുശാന്ത്

നിരവധിപേർ സാമൂഹ്യമാധ്യമങ്ങളിൽ ഈ പോസ്റ്റർ പങ്കുവച്ച് കേരള പൊലീസിനെ വിമർശിച്ച് രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ, യഥാർഥത്തിൽ ഇത് കേരള പൊലീസ് ഒരുക്കിയ ബോധവത്‌കരണ പോസ്റ്ററല്ല. ഓസ്‌കാർ ഫ്രെയിംസ് എന്ന ഫെയ്‌സ്ബുക്ക് ഐഡിയിലാണ് തെറ്റിദ്ധാരണ പരത്തുംവിധം കേരളാ പൊലീസിന്റെ പേരില്‍ ‘ബ്രേക്ക് ദ ചെയ്ന്‍’ ക്യാംപയ്‌ൻ പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്.

പ്രത്യക്ഷത്തിൽ കേരള പൊലീസ് ഒരുക്കിയ പോസ്റ്ററാണിതെന്ന് തോന്നും. എന്നാൽ, മറ്റൊരു സ്വകാര്യ കമ്പനി ഏപ്രിൽ 18 ന് അവരുടെ ഫെയ്‌സ്‌ബുക്ക് പേജിലാണ് ഈ പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്. ഏകദേശം മൂന്നര മാസം മുൻപുള്ള പോസ്റ്ററാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചൂടേറിയ ചർച്ചയ്‌ക്ക് കാരണമായിരിക്കുന്നത്.

അതേസമയം, കോവിഡ് പ്രതിരോധത്തിനായി മാസ്‌ക് ധരിക്കണമെന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കർശനമായി നിർദേശിച്ചിട്ടുണ്ട്. പൊതുഇടങ്ങളിൽ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയാൽ പിഴയടക്കേണ്ടിവരും. എന്നാൽ, മാസ്‌ക് അശ്രദ്ധയോടെ ധരിക്കുന്നവരുടെ എണ്ണവും കൂടിവരികയാണ്. മൂക്കും വായയും മൂടുന്ന തരത്തിലായിരിക്കണം മാസ്‌ക് ധരിക്കേണ്ടത്. ജനപ്രതിനിധികളടക്കം പലരും മാസ്‌ക് കൃത്യമായി ധരിക്കാത്ത ചിത്രങ്ങളും വീഡിയോകളും സാമൂഹ്യമാധ്യമങ്ങളിൽ വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook