തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ പുതിയ ബോധവൽക്കരണ വീഡിയോയുമായി കേരള പൊലീസ്. അടുത്തിടെ ഹിറ്റായ ‘എൻജോയ് എൻജാമി’ എന്ന പാട്ടിന്റെ പാരഡിയുടെ രൂപത്തിൽ ഒരു ബോധവൽക്കരണ വീഡിയോ ആണ് സ്റ്റേറ്റ് പൊലീസ് മീഡിയ സെന്റർ അവരുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ പങ്കുവച്ചിട്ടുള്ളത്.
മാസ്ക് കൃത്യമായി ധരിക്കുക, സാമൂഹിക അകലം പാലിക്കുക, ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കുക തുടങ്ങിയ നിർദേശങ്ങൾ പാട്ടിന്റെ വരികളായി വീഡിയോയിൽ അവതരിപ്പിക്കുന്നു. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വാക്സിനേഷൻ സ്വീകരിക്കണമെന്നും പാട്ടിൽ പറയുന്നു.
Read More: ദേശീയ ദുരന്തമുണ്ടാവുമ്പോൾ മൂകസാക്ഷിയായിരിക്കാൻ കഴിയില്ല: സുപ്രീം കോടതി
“മഹാമാരിയെ ഒത്തൊരുമിച്ചു നേരിടാം. കേരള പോലീസ് എപ്പോഴും നിങ്ങളോടൊപ്പം,” എന്ന കാപ്ഷനോട് കൂടിയാണ് പൊലീസ് മീഡിയ സെന്റർ ഈ വീഡിയോ പങ്കുവച്ചിട്ടുള്ളത്.
പൊലീസ് മീഡിയ സെന്റർ ഡെപ്യൂട്ടി ഡയരക്ടർ വിപി പ്രമോദ് കുമാറാണ് വീഡിയോ സംവിധാനം ചെയ്തത്. ഹേമന്ദ് ആർ നായർ, ഷിഫിൻ സി രാജ്, രാജീവ് സിപി എന്നിവരാണ് കാമറ. ആദിത്യ എസ് നായർ, രജീഷ് ലാൽ വംശ എന്നിവരാണ് വരികളെഴുതിയത്. നഹൂം എബ്രഹാം, നിള ജോസഫ് എന്നിവരാണ് ഗായകർ.
സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ചൊവ്വാഴ്ച 32, 819 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ദിവസം രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം 30,000 കടക്കുന്നത്.
Read More: 30,000 കടന്ന് പ്രതിദിന രോഗബാധിതരുടെ എണ്ണം: ഇന്ന് 32, 819 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
കോഴിക്കോട് 5015, എറണാകുളം 4270, മലപ്പുറം 3251, തൃശൂർ 3097, കോട്ടയം 2970, തിരുവനന്തപുരം 2892, പാലക്കാട് 2071, കണ്ണൂർ 1996, ആലപ്പുഴ 1770, കൊല്ലം 1591, പത്തനംതിട്ട 1163, വയനാട് 968, കാസർഗോഡ് 906, ഇടുക്കി 859 എന്നിങ്ങനേയാണ് ഇന്ന് വിവിധ ജില്ലകളിൽ സ്ഥിരീകരിച്ച രോഗബാധ.