തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലെ പ്രെഫഷണൽ ട്രോളന്മാരെ കടത്തിവെട്ടിയ കേരളത്തിന്റെ സ്വന്തം പൊലീസ് ട്രോളന്മാർ വീണ്ടും കളത്തിൽ. കേരള ട്രാഫിക് പൊലീസിന്റെ ഔദ്യോഗിക പേജിൽ ഇന്നലെ വന്ന ട്രോളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ചെത്ത് പിള്ളാരുടെ മരണ പാച്ചിലിന് ബോധവത്കരണം എന്ന നിലയിലാണ് പുതിയ ട്രോൾ. ഇത് സംബന്ധിച്ച് നേരത്തെ വന്ന ട്രോളുകളിലെ കാലൻ തന്നെയാണ് ഇതിലും മുഖ്യ കഥാപാത്രം. മുമ്പും കേരള പൊലീസിന്റെയും ട്രാഫിക് പൊലീസിന്റെയും പേജുകളിലെ ട്രോളുകൾ ഇത്തരത്തിൽ വൈറലായിട്ടുണ്ട്.

നേരത്തെ തന്നെ ഫെയ്സ്ബുക്ക് ഉപയോക്താക്കളുടെ ഇഷ്ട പേജ് ആയി കേരള പൊലീസിന്റെ ഔദ്യോഗിക പേജ് മാറിയിരുന്നു. രാജ്യത്ത് ഏറ്റവുമധികം ഫോളോവേഴ്സുള്ള പൊലീസ് ഫെയ്സ്ബുക്ക് പേജ് ഇപ്പോൾ നമ്മുടെ സ്വന്തം കേരള പൊലീസിന്റേതാണ്. പ്രത്യേക പരിശീലനം നേടിയ അഞ്ച് പേരടങ്ങുന്ന സ്പെഷ്യൽ ടീമിനെയാണ് കേരള പൊലീസ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. കമന്റുകള്‍ക്ക് ലഭിക്കുന്ന അതിവേഗ മറുപടികളും തമാശകളുമാണ് പേജിനെ സജീവമാക്കി നിര്‍ത്തുന്നത്. ഇത് തന്നെയാണ് പേജിന് പിന്നിലെ വലിയ ജനപ്രീതിക്കുള്ള കാരണവും.

കേരള പൊലീസിന്റെ മുഖഛായ മാറ്റിയ സംഭവമായിരുന്നു കേരള പൊലീസിന്റെ ഫെയ്സ്ബുക്ക് പേജിൽ വന്ന മാറ്റം. പൊലീസിന്റെ പോയിട്ട് ഒരു സാധാരണ സര്‍ക്കാര്‍ ഏജന്‍സിയുടെ പോലും ഗൗരവ സ്വഭാവങ്ങളൊന്നുമില്ലാതെ ജനങ്ങള്‍ക്കിടയില്‍ ഏറെ സ്വീകാര്യത നേടിയെടുക്കാന്‍ ഫെയ്‌സ്ബുക്ക് പേജിന് സാധിച്ചു. സന്ദേശങ്ങളും, ഉപദേശങ്ങളും, മുന്നറിയിപ്പുകളും, എന്തിന് ചെറിയ ഭീഷണികളുമെല്ലാം തമാശയുടെ മേമ്പൊടിയോടെ അവതരിപ്പിക്കാന്‍ വിദഗ്‌ധരാണ് കേരളാ പൊലീസ് പേജിന് പിന്നിലുള്ള ട്രോളന്മാർ.

പേജിൽ വരുന്ന ട്രോളുകളിൽ ഭൂരിഭാഗവും യുവാക്കളെ ഉദ്ദേശിച്ചാണ്. എത്ര കളിയാക്കിയാലും ഭീഷണി മുഴക്കിയാലും പൊലീസിന്റെ പ്രധാന ആരാധകർ യുവാക്കൾ തന്നെ. സാധാരണ പൊലീസ് രീതികളിൽ നിന്ന് വ്യത്യസ്തമായുള്ള പുതിയ രീതിക്ക് സമൂഹത്തിൽ മാറ്റങ്ങൾ വരുത്താനും സഹായിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ. കൂടുതൽ വിഷയങ്ങളിൽ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ട്രോളുകളുമായി പൊലീസ് എത്തുന്നത് കാത്തിരിക്കുകയാണ് ആളുകൾ.

Get Malayalam News and latest news update from India and around the world. Stay updated with today's latest Social news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ