ഏതൊരു ട്രോള്‍ പേജിനേക്കാളും സോഷ്യല്‍ മീഡിയയില്‍ ഹിറ്റാണ് കേരളാ പൊലീസിന്റെ ഫെയ്‌സ്ബുക്ക് പേജ്. പൊതുജനങ്ങള്‍ക്കുള്ള മുന്നറിയിപ്പുകളും ജാഗ്രതാനിര്‍ദ്ദേശങ്ങളും മറ്റ് അറിയിപ്പുകളും മാത്രമല്ല ഓരോ കമന്റിനും മറുപടി നല്‍കുകയും ചെയ്യുന്ന പേജിന് വന്‍ ജനപ്രീതിയാണുള്ളത്.
ട്രോള്‍ രീതിയിലുള്ള മറുപടികള്‍ നല്‍കുന്നതില്‍ മിടുക്കരാണ് കേരളാ പൊലീസ് പേജിന്റെ അഡ്മിന്മാര്‍. തമാശ പറയേണ്ടിടത്ത് തമാശ പറയുകയും എന്നാല്‍ ഗൗരവ്വവമുള്ള വിഷയ്ങ്ങളില്‍ ആ തരത്തിലും ഇടപെടുന്നതു കൊണ്ട് തന്നെ ചുരുങ്ങിയ കാലയളവില്‍ പേജ് സോഷ്യല്‍ മീഡിയയില്‍ ഏറ്റവും ആക്ടീവായ പേജുകളിലൊന്നായി മാറി.
നിലവില്‍ രാജ്യത്തെ ഏറ്റവും പ്രചാരമുള്ള പൊലീസ് ഫെയ്‌സ്ബുക്ക് പേജാണ് കേരളാ പൊലീസിന്റേത്. എന്നാല്‍ ഇപ്പോഴിതാ ഇന്ത്യയും കടന്ന് ലോകത്തിലെ തന്നെ ഏറ്റവും ആക്ടീവായ പേജുകളിലൊന്നായി മാറിയിരിക്കുകയാണ് കേരളാ പൊലീസിന്റെ പേജ്.
ന്യൂയോര്‍ക്ക് പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ പേജിനെയാണ് കേരളാ പൊലീസ് പേജ് പിന്തള്ളിയിരിക്കുന്നത്. പേജിലൂടെ തന്നെയാണ് കേരളാ പൊലീസ് ഈ വിവരം അറിയിച്ചത്. തങ്ങള്‍ക്കൊപ്പം നിന്ന എല്ലാവരോടും നന്ദി പറയുകയും ചെയ്യുന്നുണ്ട് കേരളാ പൊലീസ്.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
രാജ്യത്തെ ഏറ്റവും പ്രചാരമുള്ള ‘പൊലീസ് ഫേസ്ബുക്ക് പേജ്’ എന്ന നേട്ടം കൈവരിച്ച കേരള പൊലീസ് ഫേസ്ബുക്ക് പേജ് ലോക നെറുകയിലേയ്ക്ക് കുതിക്കുകയാണ്…
ന്യൂയോര്‍ക്ക് പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ പേജിനെ(NYPD) പിന്തള്ളി കേരള പൊലീസ് പേജ് ലോകത്തിലെ തന്നെ പൊലീസ് ഫേസ്ബുക്ക് പേജുകളിലൊന്നായി മുന്നേറുകയാണ്…
പ്രളയത്തിന്റെയും പ്രതിസന്ധികളുടെയും വിഷമഘട്ടത്തിലും ഞങ്ങള്‍ക്കൊപ്പം നിന്നവരെ ഈ ഘട്ടത്തില്‍ നന്ദിയോടെ സ്മരിക്കുന്നു. അഭിമാനകരമായ ഈ നേട്ടം കൈവരിക്കാന്‍ കേരള പൊലീസിന്റെ നവമാധ്യമ ഇടപെടലുകള്‍ക്ക് സഹായകരമായ ഏവരുടെയും പിന്തുണ തുടര്‍ന്നും പ്രതീക്ഷിക്കുന്നു. നന്ദി.