scorecardresearch

പ്രിയ്യപ്പെട്ട അപരാ... കാലമെത്ര കറങ്ങി തീര്‍ന്നാലും നമ്മള്‍ കണ്ടുമുട്ടുക തന്നെ ചെയ്യും!

13 വര്‍ഷമായി ശരീരം തളര്‍ന്ന് കിടപ്പിലാണെങ്കിലും ആ 'ചെറിയ വലിയ' ആഗ്രഹത്തിന് പിന്നാലെ സോഷ്യല്‍മീഡിയയിലൂടെ ഓടുകയാണ് ഈ 30കാരന്‍, കൂടെ റയീസിനെ അറിയുന്ന ആയിരക്കണക്കിന് ഫെയ്സ്ബുക്ക് സുഹൃത്തുക്കളും

13 വര്‍ഷമായി ശരീരം തളര്‍ന്ന് കിടപ്പിലാണെങ്കിലും ആ 'ചെറിയ വലിയ' ആഗ്രഹത്തിന് പിന്നാലെ സോഷ്യല്‍മീഡിയയിലൂടെ ഓടുകയാണ് ഈ 30കാരന്‍, കൂടെ റയീസിനെ അറിയുന്ന ആയിരക്കണക്കിന് ഫെയ്സ്ബുക്ക് സുഹൃത്തുക്കളും

author-image
Ashique Rafeekh
അപ്‌ഡേറ്റ് ചെയ്‌തു
New Update
പ്രിയ്യപ്പെട്ട അപരാ... കാലമെത്ര കറങ്ങി തീര്‍ന്നാലും നമ്മള്‍ കണ്ടുമുട്ടുക തന്നെ ചെയ്യും!

മലപ്പുറം: "അറിയാം പ്രിയനേ, നിന്നിലേക്കുള്ള വഴികള്‍ എളുപ്പമല്ലെന്ന്. പക്ഷെ വഴികളില്‍ എവിടെയോ വെച്ച് നാം കണ്ടു മുട്ടുക തന്നെ ചെയ്യും". റയീസ് ഹിദായ എന്ന മലപ്പുറം സ്വദേശി തന്റെ ഫെയ്സ്ബുക്കില്‍ കുറിച്ച വരികളാണിവ. 17ആമത്തെ വയസ്സിൽ ഉണ്ടായ അപകടത്തിൽ കഴുത്തിന്​ താഴേക്ക്​ തളർന്നുപോയ റയീസ്​ ഇന്ന് ഒരു ദൗത്യത്തിലാണ്. ഫെയ്സ്ബുക്കില്‍ നിന്നും ലഭിച്ച ഒരു ഫോട്ടോയില്‍ നിന്നും തിരിച്ചറിഞ്ഞ തന്റെ അപരനെ തേടുകയാണിന്ന് റയീസ്. 13 വര്‍ഷമായി ശരീരം തളര്‍ന്ന് കിടപ്പിലാണെങ്കിലും ആ 'ചെറിയ വലിയ' ആഗ്രഹത്തിന് പിന്നാലെ സോഷ്യല്‍മീഡിയയിലൂടെ ഓടുകയാണ് ഈ 30കാരന്‍, കൂടെ റയീസിനെ അറിയുന്ന ആയിരക്കണക്കിന് ഫെയ്സ്ബുക്ക് സുഹൃത്തുക്കളും.

Advertisment

റയീസിന്റെ സുഹൃത്താണ് ആദ്യമായി ഒരു വിദേശി യുവാവിന്റെ ഫോട്ടോ ഫെയ്സ്ബുക്കില്‍ കണ്ടത്. അമേരിക്കന്‍ നീന്തല്‍താരമായ മൈക്കല്‍ ഫിലിപ്സ് പോസ്റ്റ് ചെയ്തൊരു വീഡിയോയ്ക്ക് താഴെയാണ് ആരോ ആ ചിത്രം പോസ്റ്റ് ചെയ്തത്. റയീസിനോട് രൂപസാദൃശ്യമുള്ള യുവാവ് ഒരു പെണ്‍കുട്ടിയോടൊപ്പം നിന്നെടുത്ത ആ സെല്‍ഫി ചിത്രം സുഹൃത്ത് റയീസിന് അയച്ചുകൊടുത്തു. അന്ന് മുതല്‍ റയീസ് ഫെയ്സ്ബുക്കിലും ട്വിറ്ററിലും മറ്റ് സമൂഹ മാധ്യമങ്ങളിലും തന്റെ അപരനെ തേടിയിറങ്ങി.

publive-image

എന്നാല്‍ ശ്രമങ്ങളൊക്കെ വിഫലമായതല്ലാതെ അപരനെ കണ്ടെത്താന്‍ മാത്രം റയീസിനായില്ല. പലതവണ റയീസ് തന്റെ ഫെയ്സ്ബുക്കില്‍ പലരോടും സഹായം അഭ്യര്‍ത്ഥിച്ച് കുറിപ്പുമെഴുതി. ‘‘ലോകത്തി​​​​​​​ന്റെ ഏതോ ഒരു കോണില്‍ ഈ മനുഷ്യനും ഭംഗിയായി ജീവിക്കുന്നുണ്ടാവും. ഊരോ പേരോ ഒന്നുമറിയില്ല. അറിയാവുന്ന വഴികളിലൊക്കെ തിരഞ്ഞു നോക്കി....ഒന്ന് കണ്ടു പിടിക്കാൻ എന്താ വഴി...?’’ റയീസ് കുറിച്ചു.

ആ അപരനെ കണ്ടുമുട്ടിയിട്ട് എന്തിനാണെന്ന പലരുടേയും നെറ്റിചുളിക്കലിനുള്ള  സിംപിളായൊരു ഉത്തരവും റയീസിന്റെ കൈയിലുണ്ട്.  "കണ്ടുമുട്ടിയാൽ അയാളെ ഒന്നു കെട്ടിപ്പിടിക്കണം. എന്നിട്ട്​ ചോദിക്കണം, ‘‘അല്ലെടോ, നീയെങ്ങനെയാ എന്നെപ്പോലെയായത്​...?’’ അത്രയേയുള്ളു റയീസിന്റെ ആഗ്രഹം.

Advertisment

publive-image

സെല്‍ഫി ചിത്രം കണ്ട പല സുഹൃത്തുക്കളും അത് റയീസാണെന്നാണ് കരുതിയത്. അതിന്റെ പേരില്‍ പലരും തമാശരൂപേണെ കളിയാക്കുകയും ചെയ്തു. സ്വകാര്യനിമിഷത്തിലെ ഫോട്ടോ അബദ്ധത്തില്‍ ലീക്ക് ആയത് കൊണ്ടാണ് റയീസ് പുതിയ നമ്പറുമായി രംഗത്തെത്തിയതെന്ന് ചില സുഹൃത്തുക്കള്‍ റയീസിനെ കളിയാക്കി പറഞ്ഞു. ചിലര്‍ അപരനെ കണ്ടെത്താനുള്ള വഴികള്‍ ആത്മാര്‍ത്ഥതയോടെ പറഞ്ഞുകൊടുത്തു. തനിക്ക് അറിയുന്നതും കേട്ടറിഞ്ഞതുമായ പലവിധ വഴികളും റയീസ് നോക്കി. എന്നിട്ടും എന്നിട്ടും അപരന്‍ മാത്രം അകന്നു നിന്നു... റയീസ് പറഞ്ഞത് പോലെ "പിരിയന്‍ ഗോവണി കണക്കെയുള്ള ജീവിതത്തില്‍ ഏതെങ്കിലും ഒരു പടിയില്‍ വെച്ച് ആ അപരന്‍ മുഖത്തോട് മുഖം നോക്കട്ടേ"യെന്ന് നമുക്കും പ്രത്യാശിക്കാം.

publive-image

Malappuram Viral Photo

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: