ഭാഗ്യം സന്തോഷം കൊണ്ടുവരുമെന്നു നമുക്കൊക്കെ അറിയാം. എന്നാല്‍ ഭാഗ്യം പൊല്ലാപ്പായ് മാറിയാലോ? ഓണം ബംബര്‍ ഒന്നാം സമ്മാനമായ 25 കോടി രൂപ അടിച്ച അനൂപിന്റെ അനുഭവം അതാണ്.
സന്തോഷം പൂര്‍ണമായി ഇല്ലാതായെന്നും ഒന്നാം സമ്മാനം അടിക്കേണ്ടയിരുന്നില്ലെന്നാണ് ഇപ്പോള്‍ തോന്നുന്നതെന്നുമാണ് തിരുവനന്തപുരം ശ്രീവരാഹം സ്വദേശിയായ അനൂപ് പറയുന്നത്. മനസ്സമാധാനം നഷ്ടപ്പെട്ടു. സഹായം ചോദിച്ച് വരുന്നവരെ കൊണ്ട് പൊറുമുട്ടി വീട്ടില്‍ പോകാന്‍ പറ്റാത്ത അവസ്ഥയാണ്. മാസ്‌ക് വച്ച് പോലും പുറത്തിറങ്ങാനാകുന്നില്ലെന്നും അനൂപ് വീഡിയോയില്‍ പറയുന്നു.
”ലോട്ടറി അടിച്ചപ്പോള്‍ ഭയങ്കര സന്തോഷമായിരുന്നു. പിടിച്ചുനില്‍ക്കാന്‍ പറ്റാത്തത്ര സന്തോഷമായിരുന്നു. ഇപ്പോള്‍ ഓരോ ദിവസവും കഴിയുമ്പോള്‍ അവസ്ഥ മാറിവരികയാണ്. പുറത്തേക്കിറങ്ങാന്‍ പറ്റുന്നില്ല. എവിടെയും പോകാന്‍ പറ്റുന്നില്ല. ഓരോ ദിവസും ഓരോ വീട്ടിലാണ് നില്‍ക്കുന്നത്. ഓരോ വീടും തേടി കണ്ടുപിടിച്ച് ആള്‍ക്കാര്‍ വരുന്നു. രാവിലെ തന്നെ സഹായം ചോദിച്ചെത്തും. എല്ലാവരോടും പറയാന്‍ എനിക്കൊന്നേയുള്ളൂ, ഇതുവരെ പണം കിട്ടിയിട്ടില്ല. എത്ര പറഞ്ഞിട്ടും ആള്‍ക്കാര്‍ വിശ്വസിക്കുന്നില്ല. കുഞ്ഞിന് അസുഖമാണ്. അവനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പോലും കഴിയുന്നില്ല. ഇപ്പോള്‍ വീഡിയോയില്‍ പറയുന്നതിനിടയിലും ആള്‍ക്കാര്‍ വന്ന് ഗേറ്റില്‍ തട്ടിക്കൊണ്ടുനില്‍ക്കുന്നു.
ശ്വാസംമുട്ടല്‍ കാരണം ജോലിക്കു പോയിട്ട് രണ്ടുമാസമായി. ലോട്ടറി അടിച്ചതിന്റെ പണം കിട്ടിയിട്ടില്ല. എല്ലാവരും മനസിലാക്കണം. കിട്ടി കഴിഞ്ഞാലും എനിക്ക് ഒന്നും ചെയ്യാന്‍ പറ്റില്ല. നികുതിയുമായി ബന്ധപ്പെട്ട ഒരു കാര്യവും അറിയില്ല. ഞാനൊരു സാധാരണക്കാരനാണ്. അറിവുള്ളവര്‍ പറയുന്നതുകേട്ട് അതനുസരിച്ച് മാത്രമേ ചെയ്യാനാകൂ. ലോട്ടറിയടിച്ച പണം കൊണ്ട് രണ്ടുവര്‍ഷത്തേക്ക് ഒന്നും ചെയ്യുന്നില്ല. ബാങ്കിലിടാനാണു തീരുമാനം. അതുകഴിഞ്ഞേ എന്തെങ്കിലും ചെയ്യൂ. ഇതിന്റെ പേരില്‍ ആര്‍ക്കൊക്കെ പിണക്കമുണ്ടായാലും എനിക്കൊന്നും ചെയ്യാനില്ല. എന്റെ അവസ്ഥ മനസിലാക്കണം.
ആള്‍ക്കൂട്ടവും ബഹളവും കാമറകളും കണ്ടപ്പോള്‍ ഭയങ്കര സന്തോഷമായിരുന്നു. ഇപ്പോള്‍ വീട് മാറി താമസിക്കേണ്ട അവസ്ഥയിലാണ്. സ്വന്തം വീട്ടില്‍ കയറാന്‍ പറ്റുന്നില്ല. അടുത്ത വീട്ടിലെ ആള്‍ക്കാര്‍ പോലും ശത്രുക്കളായി. ഇത്രയും പണം കിട്ടേണ്ടിയിരുന്നില്ല. മൂന്നാം സമ്മാനം അടിച്ചാല്‍ മതിയായിരുന്നു. എല്ലാവരെയും സഹായിക്കണമെന്നുണ്ട്. മാസ്‌ക് വച്ച് പുറത്തിറങ്ങാന്‍ പോലും പറ്റാത്ത അവസ്ഥയാണ്,”അനൂപ് പറഞ്ഞു.
ഞായറാഴ്ച നടന്ന ഓണം ബംപര്‍ നറുക്കെടുപ്പില്‍ ടി ജെ 750605 എന്ന ടിക്കറ്റാണ് അനൂപിനെ ഒന്നാം സമ്മാനാര്‍ഹനാക്കിയത്. ടിക്കറ്റ് അനൂപ് നറുക്കെടുപ്പിനു പിറ്റേദിവസം ലോട്ടറി ഡയരക്ടറേറ്റിനു കൈമാറിയിരുന്നു. എന്നാല്‍ തുക ഇതുവരെയും ബാങ്ക് അക്കൗണ്ടിലേക്ക് എത്തിയിട്ടില്ല.
അനൂപിന് 10 ശതമാനം ഏജന്‍സി കമ്മിഷനും 30 നികുതിയും കിഴിച്ച് 15.75 കോടി രൂപയാണ് ലോട്ടറി വകുപ്പ് അക്കൗണ്ടിലേക്കു കൈമാറുക. എന്നാല്‍ ബാധ്യത തീരുന്നില്ല. അക്കൗണ്ടില്‍ എത്തിയ തുകയില്‍നിന്ന് നികുതി സര്‍ചാര്‍ജും മറ്റു തുകകകളും അടയ്‌ക്കേണ്ടി വരുന്നതോടെ തുക 12.88 കോടി രൂപയായി കുറയും.
അഞ്ചുകോടി രൂപയ്ക്കു മുകളില്‍ വരുമാനമുള്ളവര്‍ നികുതിയുടെ 37 ശതമാനമാണു സര്‍ചാര്‍ജ് അടയ്‌ക്കേണ്ടത്. അതായത് നികുതിയായി നല്‍കിയ 6.75 കോടിയുടെ 37 ശതമാനമായ 2,49,75,000 രൂപ. ഇതിനു പുറമെ നികുതിയും സര്‍ജചാര്‍ജും ചേര്‍ന്ന തുകയായ 9,24,75,000 രൂപയുടെ നാല് ശതമാനമായ 36,99,000 രൂപ ഹെല്‍ത്ത് ആന്‍ഡ് എഡ്യൂക്കേഷന്‍ സെസായി അടയ്ക്കണം. ഇങ്ങനെ 2,86,74,000 രൂപ കൂടി അനൂപ് അടക്കേണ്ടി വരും. ഇതെല്ലാം കഴിയുമ്പോള്‍ അനൂപിന്റെ കൈവശമുണ്ടാകുന്ന തുകയാണു 12.88 കോടി രൂപ. മേല്‍പ്പറഞ്ഞ തുക അടയ്ക്കാന്‍ വൈകിയാല്‍ ഓരോ മാസവും തുകയുടെ ഒരു ശതമാനം പിഴയായും അടയ്‌ക്കേണ്ടി വരും.
ടിക്കറ്റ് വാങ്ങാന്‍ 50 രൂപയുടെ കുറവുണ്ടായിരുന്നതിനാല്‍ മകന്‍ അദ്വൈതിന്റെ കുടുക്ക പൊട്ടിച്ചാണ് അനൂപ് ടിക്കറ്റ് വാങ്ങിയത്. സ്ഥിരമായി ലോട്ടറിയെടുക്കാറുള്ള അനൂപിനു മുന്‍പ് 5,000 രൂപ വരെ സമ്മാനം ലഭിച്ചിരുന്നു. കാശില്ലാത്തതിനാല്‍ ഓണം ബംപര്‍ എടുക്കേണ്ട എന്നാണു വിചാരിച്ചത്. ശനിയാഴ്ച കുറച്ചു പൈസ കിട്ടിയപ്പോള്‍ ടിക്കറ്റെടുക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് അനൂപ് പറഞ്ഞിരുന്നു.
കടങ്ങള്‍ വീട്ടാന്‍ മലേഷ്യയില്‍ ഷെഫിന്റെ ജോലിക്കായി പോകാനിരിക്കെയാണ് അനൂപിനെ തേടി ഭാഗ്യമെത്തിയത്. ഇനി വിദേശത്തേക്കു പോകുന്നില്ലെന്നും ലോട്ടറി എടുക്കുന്നതു നിര്‍ത്തില്ലെന്നും നേരത്തെ പറഞ്ഞ അനൂപ് ഹോട്ടല്‍ ബിസിനസ് നടത്തി നാട്ടില്‍ തന്നെ ജീവിക്കാനാണു തീരുമാനമെന്നും കൂട്ടിച്ചേര്‍ത്തിരുന്നു.