കൊച്ചി: അട്ടപ്പാടിയിൽ മോഷണക്കുറ്റം ആരോപിച്ച് ജനക്കൂട്ടം മധുവിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ വർഗ്ഗീയത കലർത്തി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വീരേന്ദർ സെവാഗിന്റെ ട്വീറ്റ്. പ്രതിപ്പട്ടികയിലെ മൂന്ന് മുസ്ലിം നാമധാരികളെ മാത്രം ഉയർത്തിക്കാട്ടിയാണ് വീരേന്ദർ സെവാഗ് ട്വിറ്ററിൽ കുറിപ്പിട്ടത്.

“മധു ഒരു കിലോഗ്രാം അരി മോഷ്ടിച്ചു. ഹുസൈൻ, ഉബൈദ്, അബ്ദുൾ കരീം എന്നിവരുടെ കൂട്ടം പാവപ്പെട്ട ആദിവാസി യുവാവിനെ മർദ്ദിച്ച് കൊന്നു. ഇത് പരിഷ്കൃത സമൂഹത്തിന് ഒട്ടും യോജിച്ചതല്ല. എനിക്ക് ഈ സംഭവത്തിൽ അത്യധികം ലജ്ജ തോന്നുന്നു” എന്നാണ് വീരേന്ദർ സെവാഗ് കുറിച്ചത്.

മുക്കാലി പ്രദേശത്ത് വിവിധ തൊഴിൽ ചെയ്യുന്നവരും വിവിധ മതവിഭാഗങ്ങളിൽ പെട്ടവരുമാണ് പ്രതികൾ. ഇതിൽ ഹിന്ദുക്കളും കൃസ്ത്യാനികളും മുസ്ലിങ്ങളും പ്രതികളാണ്. എന്നാൽ കേരളത്തിൽ ഉണ്ടായ അത്യന്തം ഹീനമായ ഒരു കൊലപാതകത്തെ വർഗ്ഗീയമായി ഉപയോഗിക്കുകയാണ് സെവാഗെന്നാണ് വിമർശനം ഉയർന്നിരിക്കുന്നത്.

മലയാളികളായ ഒട്ടനേകം പേർ സെവാഗിനെതിരെ നിലപാടെടുത്തു. എന്നാൽ മധുവിനെ ആക്രമിച്ചതിന്റെ ചിത്രങ്ങൾ കാട്ടി കാവിമുണ്ട് ഉടുത്തവരും പ്രതികളാണെന്ന് റാഷിദ് എന്ന യുവാവ് പറഞ്ഞു. കാവിമുണ്ട് മുസ്ലിങ്ങൾ ഉപയോഗിക്കാറില്ലെന്നും ഇത് ഹിന്ദുക്കൾ മാത്രമാണ് ഉപയോഗിക്കുന്നതെന്നുമാണ് തന്റെ വാദത്തിന് ശക്തിപകരാൻ റാഷിദ് ചൂണ്ടിക്കാട്ടിയത്. അതേസമയം അപൂർണ്ണമായ വിവരങ്ങൾ അപവാദ പ്രചരണങ്ങളേക്കാൾ അപകടമാണെന്ന് ദി ലെജന്റ് ചാപ് എന്ന ട്വിറ്റർ അക്കൗണ്ട് വിമർശിച്ചു.

ട്വിറ്ററിൽ നിരന്തരം പല വിഷയങ്ങളിലും തന്റെ അഭിപ്രായങ്ങൾ പ്രകടിപ്പിച്ച് കൈയ്യടി വാങ്ങിയിട്ടുളള വീരേന്ദർ സെവാഗ് പക്ഷെ, രാഷ്ട്രീയമായി ബിജെപി അനുകൂല നിലപാടുളളയാളാണെന്ന് വിമർശനമുണ്ട്. ഈ നിലപാടാണ് വർഗ്ഗീയത കലർന്ന പരാമർശത്തിന് കാരണമെന്നാണ് വിമർശനം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook