മിതമായ നിരക്കിൽ മുംബൈയിൽ താമസസൗകര്യം കണ്ടെത്തുന്നത് പുറത്തു നിന്ന് വരുന്നവർക്ക് ബുദ്ധിമുട്ടായിരിക്കും. അതിനു മലയാളി കണ്ട വഴിയാണ് സോഷ്യൽമീഡിയ ഇപ്പോൾ ചർച്ച ചെയ്യുന്നത്.
പങ്കാളികളെ കണ്ടെത്താൻ ഉപയോഗിക്കുന്ന ഡേറ്റിങ് ആപ്പ് എടുത്താണ് മലയാളി യുവാവ് മുംബൈയിൽ ഒരു അപ്പാർട്ട്മെന്റ് തിരഞ്ഞത്.
ട്വിറ്ററിൽ അന ഡി അമരാസ് എന്ന യുവതി ഈ യുവാവിന്റെ ബംബിൾ ബയോയുടെ സ്ക്രീൻഷോട്ട് പങ്കുവച്ചതോടെയാണ് ഇത് വൈറലായത്. “ഞാനൊരു സാപിയോസെക്ഷ്വൽ അല്ല, മുംബൈയിൽ ഒരു ഫ്ലാറ്റ് തിരയുന്നു.” എന്നായിരുന്നു യുവാവ് ബയോയിൽ കുറിച്ചിരുന്നത്. “നിങ്ങൾ മുംബൈയിലാണെങ്കിൽ വലത്തേക്ക് സ്വൈപ്പു ചെയ്ത് എന്നെ വെസ്റ്റേൺ ലൈനിൽ ഒരു സ്ഥലം കണ്ടെത്താൻ സഹായിക്കണം എനിക്ക് ഹിന്ദി അറിയില്ല” എന്നായിരുന്നു എറണാകുളം സ്വദേശിയായ യുവാവ് കുറിച്ചിരുന്നത്.
ബ്രോക്കർ കാശ് ആവശ്യപ്പെട്ടാൽ താൻ മോശമായി കാണില്ലെന്നും അന്ധേരിയിൽ ബ്രോക്കർ കാശ് നൽകാതെ നല്ല സ്ഥലങ്ങൾ ഉണ്ടെങ്കിൽ അയച്ചുതരുന്നതാണ് തന്റെ ഹൃദയത്തിലേക്കുള്ള ഏറ്റവും നല്ല മാർഗമെന്നും യുവാവ് ബയോയിൽ നൽകിയിട്ടുണ്ട്.
ട്വീറ്റിന് നിരവധി രസകരമായ കമന്റുകളാണ് ലഭിക്കുന്നത്. അയാൾക്ക് അയാളുടേതായ മുൻഗണനകൾ ഉണ്ടെന്നും അന്ധേരിയിൽ ഒരു ഫ്ലാറ്റ് കിട്ടുന്നത് ബുദ്ധിമുട്ടാണെന്നുമൊക്കെയാണ് ഓരോരുത്തരുടെ കമന്റുകൾ.