കേരളമൊട്ടാകെ ആകാംക്ഷയോടെ തെരെഞ്ഞെടുപ്പ് ഫലം അറിയാനുള്ള കാത്തിരിപ്പിലാണ്. തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും എൽഡിഎൽ മുന്നേറുമ്പോൾ കോർപറേഷനുകളിൽ തുല്യനിലയിലാണ് ഇരു മുന്നണികളും.
ഇലക്ഷൻ ന്യൂസിന് ഒരു വള്ളംകളിയുടെ ആവേശത്തിമർപ്പ് സമ്മാനിക്കുന്ന 24 ന്യൂസിന്റെ ലൈവാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്. ആവേശത്തിന് ഒട്ടും കുറവില്ലാതെയാണ് അരുൺ കുമാറും ശ്രീകണ്ഠൻനായരും വിജയകുമാറും ചേർന്ന് 24 ന്റെ ഇലക്ഷൻ ന്യൂസ് അവതരിപ്പിച്ചത്. ഇഞ്ചോടിഞ്ചെന്ന രീതിയിൽ മുന്നണികൾ മുന്നേറുമ്പോൾ ആവേശമൊട്ടും ചോരാതെയാണ് ഇവരുടെ അവതരണവും.
ലൈവിനിടെ ഇരുവരുടെയും സംസാരത്തിൽ വന്നുപോയ അബദ്ധങ്ങളെ ശ്രീകണ്ഠൻ നായരും അരുണും പരസ്പരം ട്രോളുന്നുമുണ്ട്.
“ശ്രീകണ്ഠൻ നായർ: ബിജെപി സംസ്ഥാന കമ്മറ്റി ഓഫീസും എൽഡിഎഫ് വിജയവുമായി എന്ത് ബന്ധം?
അരുൺ കുമാർ: അപ്പോൾ എകെജി സെന്ററും അവിടുത്തെ യുഡിഎഫ് വിജയവും തമ്മിൽ എന്തായിരുന്നു ബന്ധം?
ശ്രീകണ്ഠൻ നായർ: എന്നാ പോട്ടെ….”
എന്നിങ്ങനെ തഗ്ഗ് ലൈഫ് ഡയലോഗുകളും കമന്റുകളും നിറയുകയാണ് ലൈവിൽ.
ട്രോളുകളും സ്റ്റാറ്റസുമൊക്കെയായി സോഷ്യൽ മീഡിയയും 24ന്റെ ആവേശത്തിരക്കമുള്ള ലൈവിനെ ട്രോളി ആഘോഷമാക്കുകയാണ്. Adrenaline Rush with 24, 24ൽ ശ്രീകണ്ഠൻനായരും അരുൺ കുമാറും തമ്മിൽ കടുത്ത മത്സരം, ഇവർക്ക് വെള്ളം കൊടുക്കാൻ ആരുലേ, അവിടെ ഇഞ്ചോടിഞ്ച് പോരാട്ടം ഇവിടെ അലറലോടലറൽ, പണ്ട് ലേലം വിളിയായിരുന്നോ അരുണിന് പണിയെന്നു തോന്നി എന്നിങ്ങനെ രസകരമായ കമന്റുകളാണ് ലൈവിനു ലഭിച്ചുകൊണ്ടിരിക്കുന്നത്.
Read more: തദ്ദേശ തിരഞ്ഞെടുപ്പ് ഫലം: കോർപറേഷനുകളിൽ ഇടത് മുന്നേറ്റം