പ്രളയ കാലത്ത് രാത്രി ഒറ്റയ്‌ക്കോ കുടുംബമായോ യാത്ര ചെയ്യുമ്പോൾ അപ്രതീക്ഷിതമായി വെള്ളം കയറി വരുന്നതിനെ കുറിച്ച് ഒന്നാലോചിച്ചു നോക്കു. അങ്ങനെ ഒരു അപകടത്തെ മുഖാമുഖം കണ്ട് അവിടെ നിന്നും രക്ഷപ്പെട്ടു വന്നതിനെ കുറിച്ച് കേക്ക് ഡിസൈനർ മീര മനോജ് എഴുതിയ കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

കൊച്ചിയിൽ ഭർത്താവിനും മക്കൾക്കുമൊപ്പം താമസിക്കുന്ന മീര വെള്ളിയാഴ്ച രാത്രി പത്തരയോടെ വെണ്ണലയ്ക്കും എരൂരിനുമിടയിൽ നിന്ന് ഇരുമ്പനത്തേക്കുള്ള കുറുക്കുവഴിയിലൂടെ പോകുകയായിരുന്നു. വെള്ളം കണക്കിലെടുക്കാതെ പതിയെ മുന്നോട്ടു പോകുകയും തുടർന്നുണ്ടായ സംഭവവികാസങ്ങളുമാണ് മീര ഫെയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

ഇത്തരം സമയങ്ങളിൽ അത്യാവശ്യ ഘട്ടങ്ങളിലല്ലാതെ വാഹനവുമായി പുറത്തേക്ക് പോകാതിരിക്കുന്നതാണ് നല്ലത്.

വെള്ളപ്പൊക്കത്തിൽ അകപ്പെടുന്ന വാഹനങ്ങളുടെ കാര്യത്തിൽ ഉടനടി ചെയ്യേണ്ടതെന്ത്?

1. നിങ്ങൾ യാത്ര ചെയ്തുകൊണ്ടിരിക്കുമ്പോൾ, വണ്ടി മുന്നോട്ടോ പിന്നോട്ടോ എടുക്കാൻ പറ്റാത്ത സാഹചര്യം വന്നാൽ എൻജിൻ ഓഫ് ചെയ്ത് വണ്ടി വെള്ളം കുറഞ്ഞിടത്തേക്ക് മാറ്റാൻ ശ്രമിക്കുക. ഇങ്ങനെ ഓഫ് ചെയ്യുന്ന വണ്ടികൾ, പിന്നീട് ഒരു കാരണവശാലും വെള്ളമില്ലാത്ത സ്ഥലത്ത് കൊണ്ടു പോയി  സ്റ്റാർട്ട് ചെയ്യരുത്. ഒരു വർക്ഷോപ്പിൽ നിന്നും മെക്കാനിക്കിനെ വിളിച്ച്, സ്പാർക്ക് പ്ലഗ്, എയർ ഫിൽട്ടർ എന്നിവയെല്ലാം ക്ലീൻ ചെയ്ത്, ഹൈഡ്രോസ്റ്റാറ്റിക് എൻജിൻ ലോക്ക് ഇല്ലെന്ന് ഉറപ്പുവരുത്തിയതിനു ശേഷമേ എൻജിൻ സ്റ്റാർട്ട് ചെയ്യാവൂ.

Read More: Kerala Weather, Heavy Rain: ഒഴുക്കിൽപ്പെട്ട കാറിൽ നിന്ന് ഡ്രൈവർ സാഹസികമായി രക്ഷപ്പെട്ടു, വീഡിയോ

2. പൂർണമായി മുങ്ങിയ സാഹചര്യത്തിൽ, വാഹനം സ്റ്റാർട്ട് ചെയ്യാതെ, വെള്ളമില്ലാത്ത സ്ഥലത്തേക്ക് തള്ളി മാറ്റാൻ ശ്രമിക്കുക. അതിനു ശേഷം ബാറ്ററി ടെർമിനലുകൾ എത്രയും പെട്ടെന്ന് മാറ്റി, വർക്‌ഷോപ്പിന്റെ സഹായം തേടുക. ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഗണത്തിൽ പെട്ട വാഹനങ്ങൾ നിരപ്പായ എന്തെങ്കിലും പ്രതലത്തിൽവച്ചു മാത്രമേ പ്രവർത്തിപ്പിക്കാൻ പാടുള്ളൂ. ഓട്ടോമാറ്റിക് വാഹനങ്ങൾ ഒരു കാരണവശാലും തള്ളി സ്റ്റാർട്ട് ചെയ്യരുത്.

3. വണ്ടികൾ പാർക്ക് ചെയ്തിടത്തും കാർപോർച്ചിലുമൊക്കെ വെള്ളം കയറി വെള്ളം ടയർ നിരപ്പിനു മുകളിലേക്കെത്തിയാൽ വണ്ടി ആ സ്ഥലത്തു നിന്നു തള്ളിമാറ്റി എയർ ഫിൽറ്ററിൽ വെള്ളം കയറിയിട്ടില്ലെന്നു ഉറപ്പുവരുത്തി മാത്രം എൻജിൻ സ്റ്റാർട്ട് ചെയ്യുക.

4. എൻജിനിൽ വെള്ളം കയറിയാൽ ഉടനെ എൻജിൻ ഓയിൽ മാറ്റണം. എയർഫിൽറ്റർ, ഓയിൽ ഫിൽറ്റർ, ഫ്യുവൽ ഫിൽറ്റർ എന്നിവ മാറ്റി പുതിയ ഘടിപ്പിക്കണം. കാറുകളിൽ എൻജിൻ ഓയിൽ മാറ്റി നിറച്ചതിന് ശേഷം ജാക്കി വച്ച് മുൻ വീലുകൾ ഉയർത്തി ടയര്‍ കൈകൊണ്ട് കറക്കിക്കൊടുക്കുക. ഓയിൽ എൻജിന്റെ എല്ലാ ഭാഗത്തും എത്തുന്നതിനായാണ് ഇങ്ങനെ ചെയ്യുന്നത്. ഏകദേശം പതിനഞ്ചു മിനിറ്റെങ്കിലും ഇത് ചെയ്യണം.

5. വാഹനത്തിന്റെ ഇലക്ട്രിക് പാർട്സുകൾ പ്രവർത്തനക്ഷമമാണോ എന്നും പരിശോധിക്കണം. ഡീലർ വർക്‌ഷോപ്പുകളിൽ മാത്രം വാഹനം ഏൽപ്പിക്കുക.

6. വെള്ളം കയറി ഓഫ് ആയ വണ്ടികൾ വർക്‌ഷോപ്പിന് കൈമാറുമ്പോൾ എന്താണ് വണ്ടിയ്ക്ക് പറ്റിയതെന്ന് കൃത്യമായുള്ള വിവരങ്ങൾ മെക്കാനിക്കിനെ ധരിപ്പിക്കണം. വെള്ളപ്പൊക്കത്തിൽ പെട്ട വാഹനങ്ങൾ റിപ്പയറിങ്ങിന് കൊടുക്കുമ്പോൾ എൻജിൻ സ്റ്റാർട്ട് ചെയ്യുന്നതിനു മുൻപ് സ്പാർക്ക് പ്ലഗ് അഴിച്ചാണോ മെക്കാനിക് വണ്ടി ചെക്ക് ചെയ്യുന്നത് എന്നു ശ്രദ്ധിക്കണം.

സ്പാർക്ക് പ്ലഗ് അഴിച്ച് എൻജിൻ മാനുവൽ ആയി കറങ്ങുന്നുണ്ടോ എന്നു പരിശോധിക്കണം. എയർ ഫിൽറ്റർ, എയർ ഇൻടേക്ക് മാനിഫോൾഡ്, എൻജിൻ ഓയിൽ എല്ലാം ചെക്ക് ചെയ്യണം. എൻജിൻ ഓയിൽ കണ്ടീഷൻ നോക്കി ആവശ്യമെങ്കിൽ ഓയിൽ മാറ്റിയതിനു ശേഷം മാത്രം സ്റ്റാർട്ട് ചെയ്യാൻ ശ്രമിക്കുക. വണ്ടി സ്റ്റാർട്ടായാലും ആക്സിലേറ്റർ കൊടുത്ത് ആർപിഎം കൂട്ടാതിരിക്കാൻ ശ്രദ്ധിക്കണം. അങ്ങനെ ചെയ്താൽ എൻജിൻ ബ്ലാസ്റ്റ് ചെയ്യാനുള്ള സാധ്യതകളുണ്ട്. ഇക്കാര്യങ്ങളെല്ലാം മെക്കാനിക് കൃത്യമായിട്ടാണോ ചെയ്യുന്നതെന്ന് ഉറപ്പുവരുത്തണം.

7. വണ്ടികൾ നിർത്തിയിടുന്ന സ്ഥലത്ത് വെള്ളം കയറുവാൻ സാധ്യതയുണ്ടെങ്കിൽ വണ്ടികളുടെ വിൻഡോ ക്ലോസ് ചെയ്തു ബാറ്ററി ഡിസ്കണക്റ്റ് ചെയ്ത് റിമൂവ് ചെയ്യുന്നത് കൂടുതൽ നഷ്ടം ഒഴിവാക്കാൻ സഹായിക്കും.

Kerala Flood 2019: വെള്ളപ്പൊക്കത്തിൽ പെട്ട വാഹനങ്ങളുടെ ഇൻഷുറൻസ്: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പ്രകൃതി ദുരന്തങ്ങളിൽ പെടുകയോ മരം വീണും മണ്ണിടിച്ചില്‍ മൂലവുമുണ്ടാകുന്ന അപകടങ്ങൾക്കും ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതാണ്. എന്നാൽ ഇത്തരം കാര്യങ്ങളിലെല്ലാം കൃത്യമായ നിബന്ധനകൾ ഇൻഷുറൻസ് കന്പനികൾ മുന്നോട്ടു വയ്ക്കുന്നുണ്ട്.

1. വാഹനത്തിന്റെ എൻജിനിൽ വെള്ളം കയറിയാൽ ഇൻഷുറൻസ് പരിരക്ഷ കിട്ടാൻ പ്രയാസമാണ്. കാരണം എൻജിനിൽ വെള്ളം കയറുന്ന വിധത്തിൽ വാഹനമോടിക്കുന്ന അവസ്ഥയെ ഉപഭോക്താവിന്റെ ശ്രദ്ധക്കുറവായിട്ടാണ് ഇൻഷുറൻസ് നിയമങ്ങൾ പരിഗണിക്കുന്നത്.

വാഹനം പൂർണ്ണമായും വെള്ളത്തിൽ മുങ്ങിക്കിടന്നാലും എൻജിനിൽ വെള്ളം കയറില്ല. എന്നാൽ, വെള്ളത്തിൽ വച്ച് വാഹനം സ്റ്റാർട്ട് ആക്കിയാൽ എൻജിനിൽ വെള്ളം കയറും. അതുകൊണ്ടു തന്നെ, വാഹനം പൂർണമായും വെള്ളത്തിൽ മുങ്ങിയ സാഹചര്യങ്ങളിൽ എൻജിൻ ഓൺ ചെയ്യാൻ ശ്രമിക്കാതെ ഇൻഷുറൻസ് കമ്പനിയുമായി ബന്ധപ്പെടുകയാണ് വേണ്ടത്.

2. വാഹനങ്ങൾ നിർത്തിയിട്ട സ്ഥലങ്ങളിൽ വെള്ളം കയറിയിട്ടുണ്ടെങ്കിൽ, വാഹനത്തിന്റെ നമ്പർ പ്ലേറ്റ് തെളിയുന്ന രീതിയിൽ വെള്ളം ഇറങ്ങി പോകുന്നതിനു മുമ്പേ വെള്ളക്കെട്ടിൽ വാഹനം നിൽക്കുന്ന ഫോട്ടോ എടുത്തുവേണം ഇൻഷുറൻസ് കമ്പനിയെ വിവരമറിയിക്കാൻ.

വാഹനം വെള്ളപ്പൊക്കത്തിൽ പെട്ടു എന്നതിനുള്ള തെളിവിനാണ് ഈ ഫോട്ടോ. ഓർക്കുക, അത്തരം സാഹചര്യത്തിൽ വാഹനങ്ങൾ യാതൊരു കാരണവശാലും സ്റ്റാർട്ട് ചെയ്യരുത്. പകരം ടോയിങ് വെഹിക്കിളോ ഫ്ളാറ്റ് ബെഡ് വെഹിക്കിളോ ഉപയോഗിച്ചു വേണം സർവ്വീസ് സെന്ററിൽ  വാഹനങ്ങൾ എത്തിക്കാൻ. അതിനു മുൻപേ ഇൻഷുറൻസ് കമ്പനിയിൽ വിവരം അറിയിക്കേണ്ടതുണ്ട്.

വിവരങ്ങൾക്ക് കടപ്പാട്
ജെസ്റ്റിൻ അഗസ്റ്റീൻ, ടോണി ഗോഡ്ഫ്രെ, ടികെ സദാശിവൻ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook