പ്രളയത്തെ തുടര്‍ന്നുളള രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായി ഇടപെടുകയാണ് നടനായ ടൊവിനോ തോമസ്. തൃശൂരിലെ ദുരിതാശ്വാസ ക്യാംപുകളില്‍ എല്ലാ സഹായങ്ങളുമായി അദ്ദേഹം നിറസാന്നിധ്യമാണ്. പ്രളയബാധിതരെ വീട്ടിലേക്കു ക്ഷണിച്ച് ഫെയ്സ്ബുക്ക് പോസ്റ്റിട്ടതിനു പിന്നാലെ ശാരീരികസഹായങ്ങളുമായും ടൊവിനോ ക്യാംപിലെത്തി. ഇരിങ്ങാലക്കുടയിലെ വീടിനടുത്തുള്ള ദുരിതാശ്വാസ ക്യാംപില്‍ സഹായം എത്തിക്കുന്നതും ടൊവിനോയുടെ നേതൃത്വത്തിലാണ്. ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട ടൊവിനോയുടെ വീഡിയോയും ചിത്രങ്ങളും ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയാണ്.
മലയാളത്തില്‍ നിന്നും ഏറ്റവുമധികം സഹായങ്ങളുമായി എത്തിയത് നടന് ടൊവിനോ തോമസായിരുന്നു. ഇരിങ്ങാലക്കുടയിലെ തന്റെ വീട് ദുരിതമനുഭവിക്കുന്നവർക്കായി വിട്ടു നൽകിയിരുന്നു. അതോടൊപ്പം, പടിയൂരിലെ ദുരിതാശ്വാസ ക്യംപിലേക്ക് ആവശ്യമായ സാധനങ്ങള്‍ വിതരണം ചെയ്യാന്‍ താരം നേരിട്ടെത്തിയിരുന്നു.
ജനങ്ങള്‍ക്കൊപ്പം പച്ചക്കറിയും, അരിയും മറ്റുള്ള സാധാനങ്ങള്‍ ചുമന്ന് ക്യാംപിലേക്ക് എത്തിക്കുകയും ക്യംപില്‍ കഴിയുന്നവരെ ആശ്വസിപ്പിക്കുകയും ചെയ്യാന്‍ അദ്ദേഹം മുന്നിലുണ്ട്. ഇനി എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ തന്നെ വിളിക്കണമെന്നും താരം വ്യക്തമാക്കുന്നുണ്ട്. ഇന്നും രക്ഷാപ്രവർത്തനത്തിന് മുന്നിൽ തന്നെയുണ്ട് ടൊവിനോ.
നേരത്തേ ദുരിതബാധിതര്‍ക്ക് സ്വന്തം വീട്ടില്‍ അഭയം നല്‍കാമെന്ന് പറഞ്ഞ് താരം ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ‘ഞാന്‍ തൃശൂര്‍ ഇരിങ്ങാലക്കുടയിലെ എന്റെ വീട്ടിലാണുള്ളത്. ഇവിടെ അപകടകരമായ രീതിയില്‍ വെള്ളം പൊങ്ങിയിട്ടില്ല. കറന്റ് ഇല്ല എന്ന പ്രശ്നം മാത്രമേയുള്ളൂ. തൊട്ടടുത്തുള്ള സുരക്ഷിതകേന്ദ്രമായിക്കണ്ട് ആര്‍ക്കും വരാവുന്നതാണ്. കഴിയുംവിധം സഹായിക്കും. പരമാവധി പേര്‍ക്കിവിടെ താമസിക്കാം. സൗകര്യങ്ങള്‍ ഒരുക്കാം. ദയവുചെയ്ത് ദുരുപയോഗം ചെയ്യരുതെന്ന് അപേക്ഷ’. ടൊവിനോ ഫെയ്സ്ബുക്കില്‍ കുറിച്ചു.