പ്രളയം തന്നെ എങ്കിലും ആശ്വാസ തീരത്തേക്ക് തുഴയുകയാണ് നാം. സംസ്ഥാനത്തുടനീളം ലക്ഷക്കണക്കിന് പേരായ ദുരിതബാധിതരെ പല ദുരിതാശ്വാസ ക്യാംപുകളിലേക്കായി മാറ്റിക്കഴിഞ്ഞു. ബാക്കിയുളളവരെ രക്ഷപ്പെടുത്താനായി രക്ഷാപ്രവര്‍ത്തകര്‍ ഇപ്പോഴും സജീവമാണ്. ഇന്നലെയും ഇന്നുമായി മഴ കുറഞ്ഞതും കേരളത്തിന് ആശ്വാസം നല്‍കുന്നു.

പ്രളയത്തിൽ മുങ്ങിയ കേരളത്തിന് രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും കൂടുതൽ സഹായങ്ങൾ എത്തുന്നുണ്ട്. അടിയന്തര ധനസഹായമായി പ്രധാനമന്ത്രി നരേന്ദ്രമോദി 500 കോടി രൂപ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സംസ്ഥാന സർക്കാരുകളും സഹായം പ്രഖ്യാപിച്ചത്. മഹാരാഷ്ട്ര, തെലങ്കാന, യുപി, ഡല്‍ഹി, മദ്ധ്യപ്രദേശ്, പഞ്ചാബ്, ബിഹാര്‍, ഹരിയാന, ചത്തീസ്ഗഢ്, ഗുജറാത്ത്, കര്‍ണാടക, തിഴ്നാട്, ജാര്‍ഖണ്ഡ്, ഒഡിഷ, ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങള്‍ സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്.

കേരളത്തിനായി സോഷ്യല്‍മീഡിയയിലും സഹായ അഭ്യര്‍ത്ഥനകള്‍ പ്രചരിച്ചു. ഫുട്ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അടക്കമുളളവരുടെ ശ്രദ്ധയില്‍ കേരളത്തിന്റെ അവസ്ഥ അറിയിക്കാന്‍ സോഷ്യല്‍മീഡിയയില്‍ ശ്രമങ്ങള്‍ ഉയര്‍ന്നു. സിനിമകളുടെ വ്യാജ പതിപ്പ് ഇറക്കി സിനിമാവ്യവസായത്തില്‍ കല്ലുകടിയായി മാറിയ തമിള്‍ റോക്കേഴ്സും കേരളത്തിനായി സഹായം അഭ്യര്‍ത്ഥിച്ച് രംഗത്തെത്തിയവരുടെ കൂട്ടത്തിലുണ്ട്.

തമിള്‍ റോക്കേഴ്സിന്റെ വെബ്സൈറ്റിന്റെ മുകളില്‍ തന്നെ കേരളത്തിലെ വെള്ളപ്പൊക്കത്തെ കുറിച്ചുളള വിവരങ്ങളും സഹായം അഭ്യര്‍ത്ഥിച്ചുളള സന്ദേശങ്ങളും കാണാം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ സഹായനിധിയിലേക്ക് സംഭാവന നല്‍കാനും ഇതിന്റെ വിശദവിവരങ്ങളും വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്. കൂടാതെ അടിയന്തര സഹായങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പറുകള്‍, അവശ്യസാധനങ്ങള്‍ എത്തിക്കേണ്ട സ്ഥലങ്ങള്‍, ഹെല്‍പ് ലൈന്‍ നമ്പറുകള്‍ എന്നിവയൊക്കെ വെബ്സൈറ്റില്‍ നല്‍കിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook