scorecardresearch
Latest News

Kerala Floods: ഇന്ന് കുട്ടനാട് ആളില്ലാ നാടാണ്, പക്ഷേ അവർ തിരിച്ചു വരും: കുട്ടനാട്ടിൽ നിന്നൊരു അതിജീവനകഥ

ശോഭിനിയെപ്പോലെ അത്യധ്വാനം ചെയ്യാൻ മടിയില്ലാത്ത, ദുരന്തമുഖത്ത് കൂന്നിപ്പോകാത്ത ധീര വനിതകളുടെ നാടാണ്. ശോഭിനിയും വീണ്ടും ജീവിതം പടുത്തുയർത്തും. എനിക്ക് സംശയമില്ല. കാരണം ഇത് കുട്ടനാടാണ്. അതിജീവിച്ചാണ് ഈ നാടിന് ശീലം

Kerala Floods: ഇന്ന് കുട്ടനാട് ആളില്ലാ നാടാണ്, പക്ഷേ അവർ തിരിച്ചു വരും: കുട്ടനാട്ടിൽ നിന്നൊരു അതിജീവനകഥ
Kerala Floods Stories of resilience Kuttanad

Kerala Floods: മാധ്യമ പ്രവർത്തനം അവസാനിപ്പിച്ച് സർക്കാർ ഉദ്യോഗസ്ഥനായ അനുപ് രാജൻ സാമൂഹിക വിഷയങ്ങളിൽ തന്റെ നിലപാട് വ്യക്തമായും ശക്തമായും  അവതരിപ്പിക്കുന്നയാളാണ്. മാധ്യമ പ്രവർത്തകനായിരിക്കെ ഒട്ടേറെ സാമൂഹിക പ്രസക്തിയുളള​ വിഷയങ്ങൾ സമൂഹത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവന്ന അനൂപ് ആ ജോലി വിട്ടശേഷം സാമൂഹിക പ്രസക്തിയുളള വിഷയങ്ങളെ മറക്കുന്നില്ല. മാനുഷികതയോടെ സാമൂഹിക വിഷയങ്ങളെയും സമകാലിക സംഭവങ്ങളെയും നോക്കി കാണുന്ന വ്യക്തിയാണ് കുട്ടനാട്  സ്വദേശി കൂടിയായ അനുപ് രാജൻ. വെളളം കയറിയ സാഹചര്യത്തിൽ​ സ്വന്തം വീട്ടിൽ നിന്നും മാറി താമസിക്കേണ്ടി വന്ന അനൂപ് രാജൻ, കുട്ടനാടുകാരിയായ മറ്റൊരു സഹപ്രവർത്തകയുടെ വെളളപ്പൊക്ക കാലത്തെ അതിജീവന അനുഭവത്തെ കുറിച്ച് എഴുതുന്നു. കുട്ടനാടിന്റെ ഈ​ പ്രളയ കാലത്തെ ദുരന്ത ചിത്രം വരച്ചു കാട്ടുന്നു ഈ കുറിപ്പ്.

ഇത് ഇന്നു രാത്രിതന്നെ എഴുതിയില്ലെങ്കിൽ ഞാൻ ഞാനല്ലാതാകുമെന്ന് തോന്നി
അതു കൊണ്ടു മാത്രം.

ഫോട്ടോയിൽ കാണുന്നത് പീപ്പിൾ ടി.വി ക്യാമറാമാൻ രാജീവ് കണ്ണാടിയും ഭാര്യ ശോഭിനിയും മക്കളുമാണ്. ശോഭിനി ഞാൻ ജോലി ചെയ്യുന്ന കുസാറ്റിന്റെ പുളിങ്കുന്നിലെ കുട്ടനാട് എഞ്ചിനീയറിംഗ് കോളജിൽ താൽക്കാലിക ടൈപ്പിസ്റ്റായി പലതവണ ജോലി ചെയ്തിട്ടുണ്ട്. വളരെ ഉത്സാഹത്തോടെ ഓടി നടന്ന് ജോലി ചെയ്യുന്ന ആളാണ്. അതിനാൽ നിയമപരമായ ഇടവേളക്ക് ശേഷം വീണ്ടും ജോലിക്ക് കയറാറുണ്ട്.

രാജീവ് ദീർഘകാലം പീപ്പിൾ ചാനലിന്റെ ദൽഹി ബ്യൂറോയിൽ ആയിരുന്നു. അവധിക്ക് വരുമ്പോൾ ഓഫിസിൽ വരും. കോളജിന്റെ ഏതാവശ്യത്തിനും സഹകരിക്കും. അമ്മക്ക് സുഖമില്ലാതായതോടെ അടുത്തിടെ തിരുവനന്തപുരത്തേക്ക് മാറ്റം വാങ്ങിപ്പോന്നു.

പുളിങ്കുന്ന് ആറിൽ ചേരുന്ന തോടിന്റെ തീരത്താണ് താമസം. ഒരു പഴയ ചെറിയ വീട്. പുതിയ വീടിന്റെ പണി തുടങ്ങാൻ കുറച്ചു നാളായി ഓടിനടക്കുകയാണ് ഭാര്യയും ഭർത്താവും. വീട്ടിലേക്ക് പോകാൻ ഒരു ചെറിയ വഴി മാത്രമാണുള്ളത്.

വെള്ളപ്പൊക്കം രൂക്ഷമായതു മുതൽ കുട്ടനാട്ടിലെ മറ്റു സഹപ്രവർത്തകരെ വിളിച്ചതു പോലെ ശോഭിനിയെയും വിളിക്കാൻ നോക്കുന്നുണ്ടായിരുന്നു. പക്ഷെ കിട്ടിയില്ല. രാജീവിന്റെ കിടപ്പിലായ അമ്മയും പ്രായമായ അച്ഛനും ശോഭിനിയും രണ്ടു കൊച്ചു കുട്ടികളും മാത്രമാണെന്ന് അറിയാവുന്നതിനാൽ സഹായം ആവശ്യമായേക്കുമെന്ന് തോന്നിയിരുന്നു.

ഇന്നു രാത്രി (19) ഒമ്പതു മണിയോടെ ശോഭിനി വിളിച്ചു.

Kerala Floods: ഇനി ഫോണിൽ ഞാൻ കേട്ടത്:

“സാറെ പതിനഞ്ചാം തീയതി മുതൽ കരണ്ടില്ലായിരുന്നു. രാജീവേട്ടൻ തിരുവനന്തപുരത്തായിരുന്നു. മൂന്നു ദിവസം ഇരുട്ടത്തായിരുന്നു. വെളളം വീട്ടിനകത്ത് കയറാൻ തുടങ്ങി. വഴിയെല്ലാം മുങ്ങി. വെളളം കൂടുതലായതു കൊണ്ട് തോട്ടിലെ പാലത്തിനടിയിൽ കൂടി വളളം വരത്തില്ലാരുന്നു. അമ്മയെ പുറത്തെത്തിക്കാൻ വേറെ വഴിയില്ല.

പതിനേഴാം തീയതി രാജീവേട്ടൻ എങ്ങനെയൊക്കെയോ വീട്ടിലെത്തി. ഒരു പാട് സ്ഥലത്ത് വിളിച്ചു. ഹെൽപ് ലൈനിലും പോലീസിലും ഒക്കെ. ഒടുവിൽ ഒരു സ്പീഡ് ലോഞ്ച് വന്നു. അതിൽ അമ്മയെ കയറ്റി. അച്ഛനും ഞങ്ങൾ രണ്ടും കേറി. സ്ഥലമില്ലാത്തതിനാൽ മക്കളെ കയറ്റാൻ പറ്റിയില്ല. അവരെ തൊട്ടടുത്ത് ചിറ്റയുടെ വീട്ടിലാക്കി.

അമ്മയെ ആലപ്പുഴ കൊണ്ടുചെന്ന് കലവൂര് രാജീവേട്ടന്റെ പെങ്ങടെ വീട്ടിലാക്കി.
തിരിച്ച് ഞങ്ങളെ ബോട്ടുകാര് കാവാലം തട്ടാശേരിയിൽ കൊണ്ടുവിട്ടു. അപ്പോ രാത്രി ഒമ്പതു മണിയായി. ഞങ്ങൾ രണ്ടു പേരും അരക്കൊപ്പം വെള്ളത്തിൽ ആ ഇരുട്ടത്ത് വീട്ടിലേക്ക് നീന്തി. ശരിക്കും പേടിച്ചു. വലിയ റിസ്കാണെടുത്തത്.

രണ്ടു മണിക്കൂർ നീന്തി രാത്രി പതിനൊന്നു മണിക്കാണ് വീട്ടിലെത്തിയത്.
പതിനെട്ടാം തീയതി രാവിലെ ആയപ്പം വീടിനകത്ത് ശരിക്കും വെള്ളം കേറി. ഞങ്ങൾ അടുത്തുള്ള നാല് വീട്ടുകാര് ഒറ്റപ്പെട്ടു പോയി. ഫോണിലെ ചാർജെല്ലാം തീർന്നിട്ട് രണ്ടു ദിവസം ആയാരുന്ന്. ആരേം വിളിക്കാൻ മാർഗമില്ല.

ഞങ്ങളെല്ലാവരും നീന്താൻ തീരുമാനിച്ചു. ഇളയ മോൻ ഉണ്ണിക്കുട്ടനെ രാജീവേട്ടൻ തോളിലിരുത്തി. മൂത്തയാളെ രണ്ടു പേര് ചേർന്ന് പൊക്കിപ്പിടിച്ചു. അവന് തലക്ക് മോളിൽ വെള്ളമൊണ്ടായിരുന്നു. എനിക്ക് നെഞ്ചൊപ്പവും. ഞാൻ ഒബാഗിൽ കൊറച്ച് ഡ്രെസെടുത്ത് അത് തലയിൽ വെച്ചു.]

ഞങ്ങൾ പതിമൂന്ന് പേര് പുളിങ്കുന്നിലേക്ക് നീന്താൻ തുടങ്ങി.

കുരിശുപളളിയുടെ അടുത്ത് കനറാ ബാങ്കിന്റെ അവിടായപ്പം എനിക്ക് കഴുത്തൊപ്പം വെളളമായി. അമ്മേ നമ്മൾ മുങ്ങിപ്പോകുവോ എന്ന് മോൻ ചോദിക്കുന്നൊണ്ടായിരുന്നു.
വലിയ ആറ്റിൽ കൂടി വലിയ വള്ളങ്ങൾ പോകുന്നത് കാണാമായിരുന്നു. ഞങ്ങൾ അവിടെ നിന്ന് കൂവി വിളിച്ചു. ഒരു മീൻ പിടിത്ത വള്ളത്തിൽ പോയവര് ഞങ്ങളെക്കണ്ട് അവിടെത്തന്നെ നിക്കാൻ പറഞ്ഞു. അവര് ഞങ്ങടെ അടുത്തേക്ക് വന്നു. വലിയ വള്ളമായിരുന്നു. ഞങ്ങള് കഴുത്തൊപ്പം വെള്ളത്തിലും. അതിലൊണ്ടായിരുന്ന പോലീസുകാര് ഒരു വിധത്തിൽ ഞങ്ങളെയെല്ലാം വലിച്ച് അകത്തിട്ടു.

 

ഞങ്ങക്ക് ചങ്ങനാശേരിക്കായിരുന്നു വരേണ്ടത്. പക്ഷെ പിള്ളേരുമായിട്ട് അങ്ങോട്ട് പോകത്തില്ലെന്ന് പറഞ്ഞ് പുളിങ്കുന്ന് ആശുപത്രിയുടെ അവിടെ ഇറക്കി. അവിടെ ഗരുഡ ബാർജ് ഉണ്ടായിരുന്നു. അഞ്ഞൂറ് അറുനൂറ് പേരായാലേ അത് വിടത്തൊള്ളു. അങ്ങനെ നനഞ്ഞ് കുറെ നേരം അവിടെ നിന്നു. പിന്നെ ഗരുഡയിൽ ആലപ്പുഴയെത്തി.

ഇതിനിടെ എന്റെ വീട്ടിൽ വലിയ പ്രശ്നമായി. എന്റെ അമ്മ ഞങ്ങടെ ഒരു വിവരോം അറിയാഞ്ഞ് ആകെ കരച്ചിലും ബഹളോമായി. എന്റെ ആങ്ങള സോബിൻ ഓടി നടക്കുവാരുന്ന്. വിളിക്കാവുന്നിടത്തെല്ലാം വിളിച്ചു. കൺട്രോൾ റൂമിൽ വിളിച്ചപ്പോൾ അവർ ഞങ്ങടെ നമ്പര് കൊടുക്ക്. കണ്ടു പിടിക്കാമെന്ന് പറഞ്ഞു. പക്ഷെ ഫോണെല്ലാം രണ്ടു ദിവസമായിട്ട് ഓഫായിരുന്നു.

ആലപ്പുഴ എത്തിയപ്പം രാജീവേട്ടൻ ഫോൺ ചാർജ് ചെയ്ത് ആങ്ങളെയെ വിളിച്ചു. അപ്പോ തന്നെ കൺട്രോൾ റൂമിൽ നിന്നും വിളിച്ചു. സോബിന്റെ പെങ്ങളാണോ എന്നും ചോദിച്ച്.
നിങ്ങൾ എവിടാണെങ്കിലും ഞങ്ങൾ വരാം എന്നു പറഞ്ഞു. ഞങ്ങള് സേഫാണ്, ആലപ്പുഴയെത്തി എന്ന് പറഞ്ഞു.

അവിടെ നിന്ന് കൈപ്പുഴ നീണ്ടൂർ വഴിയുള്ള കോട്ടയം ബസിന് കേറി കോട്ടയത്ത് ചെന്ന് രാത്രി എട്ടു മണിക്ക് ചിങ്ങവനം ചാന്നാനിക്കാട്ടെ ക്യാമ്പിൽ പോയി. അവിടെ നിന്ന് ഇപ്പോൾ ബന്ധുവീട്ടിലെത്തി.

വീട്ടിലെ എല്ലാം പോയി സാറെ. രണ്ടു മാസം മുമ്പ് വാങ്ങിച്ച ഫ്രിഡ്ജ്, സോഫകൾ, ബെഡ്, നാല് അലമാരകൾ, അതിലുണ്ടായിരുന്ന ഡ്രസ്, പാത്രങ്ങൾ, അടുപ്പ് എല്ലാം.
ജീവൻ മാത്രം രക്ഷപ്പെട്ടു.

ശോഭിനി പറയുന്നത് ഞാൻ കേട്ടുകൊണ്ടേയിരുന്നു. മലയാള ഭാഷാ അഹങ്കാരിയായ എന്റെ വായിൽനിന്ന് സാരമില്ല തുടങ്ങി ഒന്നു രണ്ടു വാക്കേ പുറത്തു വന്നുള്ളു. ഇത് ഒരുപാട് കുട്ടനാട്ടുകാർ കഴിഞ്ഞ ദിവസങ്ങളിൽ കടന്നുപോയ അനുഭവങ്ങളിൽ ഒന്നു മാത്രമാണ്.

ഒരു മരണം പോലും ഇന്ന് കുട്ടനാട്ടിൽ നിന്ന് ഇല്ല എന്ന് ജില്ലാ കലക്ടർ ടിവിയിൽ പറഞ്ഞത് ഇന്ന് ഞാൻ കേട്ടു. ഇങ്ങനെയൊക്കെയാണ് കുട്ടനാട്ടുകാർ അതിജീവിച്ചത്. രണ്ടര ലക്ഷം പേർ ക്യാമ്പിൽ. അത്രതന്നെ പേർ ബന്ധുവീടുകളിൽ. ഇന്ന് കുട്ടനാട് ആളില്ലാ നാടാണ്. പക്ഷെ അവർ തിരിച്ചു വരും.

ശോഭിനിയെപ്പോലെ അത്യധ്വാനം ചെയ്യാൻ മടിയില്ലാത്ത, ദുരന്തമുഖത്ത് കൂന്നിപ്പോകാത്ത ധീര വനിതകളുടെ നാടാണ്. ശോഭിനിയും വീണ്ടും ജീവിതം പടുത്തുയർത്തും. എനിക്ക് സംശയമില്ല. കാരണം ഇത് കുട്ടനാടാണ്. അതിജീവിച്ചാണ് ഈ നാടിന് ശീലം.

ഇത് ഇന്നുതന്നെ എഴുതിയില്ലെങ്കിൽ ഞാൻ ഞാനല്ലാതാകുമെന്ന് തോന്നി. അതു കൊണ്ടു മാത്രം

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: Kerala floods stories of resilience kuttanad