തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പിണറായി വിജയനെ ചോദ്യം ചെയ്തുകൊണ്ട് പട്ടാള വേഷത്തിൽ വിദ്വേഷ വീഡിയോ പ്രചരണം നടത്തിയയാളെ പൊലീസ് തിരയുന്നു. ഇയാള്‍ അയാൾ സൈനികനല്ല എന്ന് കരസേന വ്യക്തമാക്കിയതോടെയാണ് പൊലീസ് നടപടി എടുക്കുമെന്ന് വ്യക്തമാക്കിയത്.

രക്ഷാ പ്രവർത്തനത്തെ അപഹസിച്ചും മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തിയും പട്ടാളവേഷത്തിൽ സാമൂഹ്യമാധ്യമങ്ങളിലൂടെ വീഡിയോ പ്രചാരണം നടത്തിയ സംഭവത്തിലും ദുരിതശ്വാസ നിധിയെ കുറിച്ച് ഓഡിയോ രൂപത്തിൽ വ്യാജപ്രചാരണം നടത്തിയതുമായും ബന്ധപ്പെട്ട് അന്വേഷിക്കാൻ സൈബർ സെല്ലിനോട് ഡിജിപി ലോക്‌നാഥ് ബെഹ്റ നിർദ്ദേശിച്ചു. സാമൂഹ്യമാദ്ധ്യമങ്ങളിലൂടെയുള്ള വ്യാജപ്രചാരണം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നിർദ്ദേശം. സംഭവത്തിൽ കരസേനയും അന്വേഷണം ആരംഭിച്ചു.

ദുരിതാശ്വാസ പ്രവർത്തനങ്ങളെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നയാൾ സൈനികനല്ലെന്ന് കരസേനാ അഡീഷണൽ ഡയറക്ടറേറ്റ് ജനറൽ ഒഫ് പബ്ലിക് ഇൻഫർമേഷനാണ് അറിയിച്ചത്. ഇപ്പോഴത്തെ ദുരിതത്തെ മറികടക്കാനാണ് ഇന്ത്യൻ സൈന്യം ഓരോ നിമിഷവും ശ്രമിക്കുന്നത്. ഇതിനിടയിൽ കരസേനയുടെ പേരിൽ തെറ്റിദ്ധാരണ നടത്തിയത് ശ്രദ്ധയിൽ പെട്ടു. ഇത്തരം സന്ദേശങ്ങൾ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതിന് പിന്നാലെ ഇയാളെ കണ്ടെത്താനായി സോഷ്യൽ മീഡിയയില്‍ ആഹ്വാനം ഉയര്‍ന്നു. വെള്ളപ്പൊക്കത്തിനിടെ നടന്ന മറ്റ് പ്രചരണങ്ങളേയും സോഷ്യൽ മീഡിയയില്‍ ഇപ്പോള്‍ ചോദ്യം ചെയ്യപ്പെടുന്നുണ്ട്. കഴിഞ്ഞ ദിവസം മോശം കമന്റിട്ട യുവാവിന് ലുലു ഗ്രൂപ്പിലെ ജോലി നഷ്ടമായിരുന്നു. വെള്ളപ്പൊക്ക രക്ഷാപ്രവര്‍ത്തനം അടക്കമുളളവ തടസ്സപ്പെടുത്തുന്ന രീതിയിലാണ് ചിലര്‍ സോഷ്യൽ മീഡിയയില്‍ പ്രചാരണം നടത്തിയത്.

സൈനിക വേഷത്തിലെത്തിയ ആളെ കണ്ടെത്താനായി ഫോട്ടോ ഫെയ്സ്ബുക്കിലും വാട്സ്ആപ്പിലും പ്രചരിച്ചു. ഇയാൾ നടത്തിയ പ്രസ്താവനകൾ സംസ്ഥാനത്ത് ഏറെ വിവാദമുണ്ടാക്കിയിരുന്നു. സംസ്ഥാന ഭരണം നഷ്ടമാകുമെന്ന് ഭയന്ന് പിണറായി വിജയനും കൂട്ടരും സൈന്യത്തെ വിളിക്കാത്തതാണെന്നും സൈന്യത്തിന്റെ പ്രവർത്തനങ്ങളെപ്പറ്റി സർക്കാരിന് ഒന്നുമറിയില്ലെന്നുമായിരുന്നു ഇയാളുടെ പ്രസ്താവന. രക്ഷാപ്രവർത്തനം പൂർണമായും സൈനികരെ ഏൽപ്പിക്കാനാവില്ലെന്ന് പറഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ വ്യക്തിപരമായി അധിക്ഷേപിച്ച ഇയാൾ സർക്കാരിനെതിരെ രൂക്ഷവിമർശനമാണ് ഉയർത്തിയത്. യാഥാർത്ഥ്യം മനസിലാക്കാതെ നിരവധി പേർ ഈ വീഡിയോ ഷെയർ ചെയ്യുകയും ചെയ്തു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Social news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ