സമീപകാല ചരിത്രത്തിലൊന്നും കേരളം കണ്ടിട്ടില്ലാത്ത പ്രളയമാണ് ഈ ദിനങ്ങളില്‍ ഉണ്ടായത്. അപ്രതീക്ഷിത ദുരന്തത്തെ അസാമാന്യ മനഃസാന്നിധ്യത്തോടെ കേരളം ഒറ്റക്കെട്ടായി നേരിട്ടു. വ്യോമസേ, നാവികസേന, കരസേന, മത്സ്യത്തൊഴിലാളികള്‍ എന്നിവരൊക്കെ ഒരുമിച്ച് നിന്ന് വെള്ളക്കെട്ടുകളില്‍ നിന്നും ജീവനുകള്‍ കരയ്ക്കെത്തിച്ചു. വെള്ളത്തിനടിയിലായ കേരളത്തില്‍ നിന്നുളള ഓരോ കാഴ്ചയും കണ്ണ് നിറയ്ക്കുന്നതായിരുന്നു. സ്നേഹം ചാലിച്ച് സൈന്യം ഓരോരുത്തരേയും ആകാശത്തേക്ക് പൊക്കി ഉയര്‍ത്തിയത് മുതല്‍, മത്സ്യബന്ധന ബോട്ടുകളില്‍ ജനങ്ങളെ കരയ്ക്ക് അടുപ്പിച്ച മത്സ്യത്തൊഴിലാളികളുടെ പ്രവര്‍ത്തനം വരെ ഹൃദയം നിറച്ചു.

ഇതില്‍ ശ്രദ്ധേയമായ ഒരു പ്രവൃത്തിയായിരുന്നു രക്ഷാപ്രവർത്തനത്തിനിടെ ജൈസൽ എന്ന യുവാവ് സ്വന്തം ശരീരം ചവിട്ടുപടിയാക്കി സ്ത്രീകൾ ഉൾപ്പെടെയുളളവരെ രക്ഷിച്ചത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. സോഷ്യൽ മീഡിയ ഒന്നടങ്കം ജൈസലിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. മലപ്പുറത്തെ ട്രോമോകെയർ സംഘത്തിലെ ആളാണ് ജൈസൽ.

രക്ഷാപ്രവര്‍ത്തനത്തിനിടെ റബ്ബര്‍ ബോട്ടില്‍ കയറാനാകാതെ വിഷമിച്ച പ്രായമായ സ്ത്രീകള്‍ ഉള്‍പ്പെടെ ഉള്ളവര്‍ക്കാണ് ജൈസൽ തന്റെ മുതുക് ചവിട്ടുപടിയാക്കിയത്. എന്നാല്‍ ഈ വീഡിയോ വൈറലായത് ചിലര്‍ക്ക് അത്ര പിടിച്ചില്ലെന്നാണ് സോഷ്യൽ മീഡിയയിലെ പ്രചരണങ്ങള്‍ തെളിയിക്കുന്നത്. ഈ വീഡിയോയ്ക്ക് എതിരായ പ്രചരണമെന്ന നിലയിലാണ് ഇപ്പോള്‍ ഒരു ചിത്രം പ്രചരിക്കുന്നത്.

ഒരു സൈനികന്റെ മുതുകത്ത് ചവിട്ടി യുവതി താഴേക്ക് ഇറങ്ങുന്ന ചിത്രമാണ് ഫെയ്സ്ബുക്കില്‍ പ്രചരിക്കുന്നത്. ‘ശരിയായ ഒരു ഇന്ത്യക്കാരന് ഈ ചിത്രം അവഗണിക്കാനാവില്ല, ഇത് നമ്മുടെ സൈന്യമാണ്, നമുക്ക് വേണ്ടി എന്തും ചെയ്യും’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം അപ്‌ലോഡ് ചെയ്തിരിക്കുന്നത്. നരേന്ദ്രമോദി- ട്രൂ ഇന്ത്യന്‍ (ശരിയായ ഇന്ത്യക്കാരന്‍) എന്ന ഫെയ്സ്ബുക്ക് പേജിലൂടെയാണ് ചിത്രം വ്യാപകമായി പ്രചരിക്കപ്പെട്ടത്. ആര്‍എസ്എസ് അനുകൂല പോസ്റ്റുകളും വ്യാജ പ്രചരണങ്ങളും നിരന്തരമായി നടത്തുന്ന പേജാണിത്.

എന്നാല്‍ ചിത്രത്തില്‍ കാണുന്നത് നമ്മുടെ സേനയല്ലെന്ന് വ്യക്തമാക്കി നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. സിറിയയിലെ രക്ഷാപ്രവര്‍ത്തനത്തിന്റെ ചിത്രമാണ് ഇതെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. ഇത് ഇന്ത്യന്‍ സൈന്യം അല്ലെന്ന് വ്യക്തമാക്കി സൈനികനാണെന്ന് അവകാശപ്പെടുന്ന ആദിത്യ താന്‍വാര്‍ എന്നയാളും കമന്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ പ്രയത്നത്തെ തൃണവത്കരിക്കാന്‍ ഈ ചിത്രമൊന്നും പോരെന്ന് പറഞ്ഞ് പ്രതിപ്രചരണവും ആരംഭിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook