കേരളത്തെ നടുക്കിയ പ്രളയ ദുരിതത്തിൽനിന്നും കരകയറാനുളള നാടിന്റെ ശ്രമങ്ങൾക്ക് മലയാളികൾക്കൊപ്പം ലോകജനതയും കൈകോർക്കുന്നുണ്ട്. ലോകത്തിന്റെ ഓരോ കോണിൽനിന്നും കേരളത്തിന് സഹായ ഹസ്തങ്ങൾ നീളുന്നുണ്ട്. പണമായും അവശ്യ വസ്തുക്കളായും സഹായങ്ങൾ കേരളത്തിലേക്ക് ഒഴുകിയെത്തുന്നു. പ്രായഭേദമന്യേ കേരള ജനതയ്ക്ക് സാന്ത്വനമേകി ഓരോരുത്തരും മുന്നിലുണ്ട്.

ജീവിതത്തിലെ ആകെ സമ്പാദ്യമായ ഒരു ലക്ഷം രൂപ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സാധനങ്ങള്‍ വാങ്ങി എത്തിയ 73 കാരിയായ ശാന്തകുമാരിയുടെ വാർത്ത പ്രളയദുരിതത്തിൽ മനം നൊന്തവർക്ക് ആശ്വാസമേകുന്നതായിരുന്നു. കല്‍പ്പറ്റ എമിലിയില്‍ വാടകയ്ക്ക് താമസിക്കുന്ന ശാന്തകുമാരി തന്റെ സമ്പാദ്യമായി ബാങ്കില്‍ ഉണ്ടായിരുന്ന ഒരു ലക്ഷം രൂപ പിന്‍വലിച്ച് സാധനങ്ങള്‍ വാങ്ങി വാഹനത്തില്‍ കയറ്റി വയനാട് കലക്ടറേറ്റിനു മുന്‍പില്‍ വന്നത് കണ്ടുനിന്നവരുടെ കണ്ണ് നനയിക്കുന്ന കാഴ്ചയായിരുന്നു.

Read More: ‘അമ്മയെന്ന കരുതലും സ്‌നേഹവും’; ഒരു ലക്ഷത്തിന്റെ സാധനങ്ങളുമായി 73 കാരി, കെട്ടിപ്പിടിച്ചുമ്മ നല്‍കി സോഷ്യല്‍ മീഡിയ

പയ്യന്നൂര്‍ ഷേണായി സ്മാരക സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയും കേരള ജനതയുടെ കണ്ണ് നനയിച്ചു. തനിക്കും കുഞ്ഞനുജനുമായി അച്ഛന്‍ നല്‍കിയ ഒരേക്കര്‍ സ്ഥലം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി സ്വാഹ എന്ന കൊച്ചു മിടുക്കി. ഒരു തുണ്ട് ഭൂമിക്ക് വേണ്ടി ആളുകള്‍ പരസ്പരം തല്ലാനും കൊല്ലാനും മടിക്കാത്തത് കണ്ടിട്ടുണ്ട്. അങ്ങനെയുള്ളപ്പോഴാണ് സ്വാഹ ഒരേക്കര്‍ ഭൂമി നാടിന് വേണ്ടി വിട്ടു കൊടുത്തത്.

Read More: ‘ഞങ്ങളുടെ നാളെയല്ല, നാടിന്റെ ഇന്നാണ് വലുത്’; അച്ഛന്‍ നല്‍കിയ ഒരേക്കര്‍ ഭൂമി നാടിന് നല്‍കി പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തന്റെ നാല് വര്‍ഷത്തെ നിക്ഷേപമായ 9,000 രൂപ നല്‍കി തമിഴ്നാട്ടില്‍ നിന്നുളള പെണ്‍കുട്ടിയും കേരളക്കരയുടെ സ്നേഹം പിടിച്ചുപറ്റി. സൈക്കിള്‍ വാങ്ങാനായി നാല് വര്‍ഷമായി സ്വരൂപിച്ച് കൂട്ടിയിരുന്ന 9,000 രൂപ പണമാണ് അനുപ്രിയ കേരളത്തെ സഹായിക്കാനായി നൽകിയത്.

Read More: കേരളം വിതുമ്പി: നമുക്കായ് ‘നിക്ഷേപ കുടുക്ക’ പൊട്ടിച്ച് ചെന്നൈക്കാരി മിടുക്കി

പിറന്നാൾദിനത്തിൽ അച്‌ഛൻ സമ്മാനമായി നൽകിയ സ്വർണ കേക്കാണ് എട്ടാം ക്ലാസുകാരി സംഭാവന ചെയ്ത്. ദുബായ് ഡൽഹി പബ്ലിക് സ്കൂട്ടിലെ വിദ്യാർത്ഥിനിയായ പ്രണതി എന്ന മിന്നുവാണ് അരകിലോയോളം ഭാരമുളള സ്വർണ കേക്ക് പ്രളയദുരിതം അനുഭവിക്കുന്നവർക്ക് സഹായഹസ്തമായി നൽകിയത്.

Read More: അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണ കേക്ക് ദുരിതാശ്വാസ നിധിയിലേക്ക് നൽകി എട്ടാം ക്ലാസുകാരി

ഓരോ ദിനം കഴിയുന്തോറും ഇത്തരത്തിലുളള നല്ല വാർത്തകൾ എത്തിക്കൊണ്ടിരിക്കുന്നു. പണമായി സഹായിക്കാൻ കഴിയാത്തവർ ദുരിതാശ്വാസ ക്യാംപുകളിലേക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങി നൽകിയും ദുരിതാശ്വാസപ്രവർത്തനങ്ങളിൽ വോളന്രിയർമാരായി പങ്കെടുത്തും കേരളത്തിന് കൈതാങ്ങാകുന്നുണ്ട്. ഇത്തരത്തിൽ ദുരിതാശ്വാസ ക്യാംപിലേക്കുളള സാധനങ്ങളുമായി എത്തുന്ന ഒരു കൊച്ചു പയ്യന്റെ ചിത്രമാണ് സോഷ്യൽ മീഡിയ വഴി പുറത്തുവന്നിട്ടുളളത്. കിറ്റിൽ സാധനങ്ങളും തൂക്കി പിടിച്ച് കേരളത്തിലേക്ക് ദുരിതാശ്വാസ ക്യാംപുകളിൽ എത്തിക്കുന്നതിനുളള സാധനങ്ങൾ സമാഹരിക്കുന്ന സ്ഥലത്തേക്കാണ് അവനെത്തിയത്. ചില ചിത്രങ്ങൾക്ക് അടിക്കുറിപ്പിന്റെ ആവശ്യമില്ലെന്നു പറഞ്ഞാണ് ഒരാൾ ഈ ചിത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. അതേസമയം, ഈ ചിത്രം എവിടെനിന്നാണ് പകർത്തിയതെന്ന് വ്യക്തമല്ല.

അതെ, ചില ചിത്രങ്ങൾക്ക് അടിക്കുറിപ്പിന്റെ ആവശ്യമില്ല. ആ ചിത്രം തന്നെ നമ്മോട് നിരവധി കഥകൾ പറയും. ഒരു രാത്രികൊണ്ട് കിടപ്പാടം നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്ന ലക്ഷങ്ങൾക്ക് ഈ കുഞ്ഞിന്റെ മുഖം നാളേയ്ക്കുളള പ്രചോദനമാകട്ടെ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook