ന്യൂഡല്‍ഹി: വെള്ളപ്പൊക്കത്തെ അതിജീവിച്ച് മുന്നോട്ട് പോകുന്ന കേരളത്തെ അര്‍ണാബ് ഗോസ്വാമി അപമാനിച്ചിട്ടില്ലെന്ന് രാഹുല്‍ ഈശ്വര്‍. ‘ഇന്ത്യയിലെ ഏറ്റവും നാണംകെട്ട വര്‍ഗം’ എന്ന് അര്‍ണാബ് സൂചിപ്പിച്ചത് തീവ്ര ഇടുപക്ഷം, മാവോയിസ്റ്റ്, മതഭ്രാന്തമാര്‍ എന്നീ കൂട്ടത്തെയാണെന്നും രാഹുല്‍ പറഞ്ഞു. താന്‍ അര്‍ണാബിനോട് ഇക്കാര്യത്തെ കുറിച്ച് വ്യക്തിപരമായി ചോദിച്ച് മനസ്സിലാക്കിയെന്നും രാഹുല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. അദ്ദേഹത്തെ ആക്രമിക്കുന്നത് ശരിയായില്ലെന്നും രാഹുല്‍ ഈശ്വര്‍ കുറിച്ചു.

‘ഞാൻ ശ്രീ അർണാബ് ഗോസ്വാമിയെ പല തവണ ആക്രമിച്ചു സംസാരിച്ചിട്ടുണ്ട്. ശബരിമല വിഷയത്തിൽ, ശശി തരൂർ സർനെ കരിവാരി തേക്കുന്ന കാര്യത്തിൽ. 11 വർഷമായി എനിക്ക് അർണാബ് ഗോസ്വാമിയെ അറിയാം. പല കാര്യങ്ങളിലും ശക്തമായ നിലപാട് വ്യത്യാസം ഉണ്ടെങ്കിലും ഉത്തരേന്ത്യ, ദക്ഷിണേന്ത്യ വാര്‍ത്തകള്‍ക്ക് എന്നും പ്രാതിനിധ്യം നൽകുന്ന ഒരു അസംകാരൻ ആണ് അർണാബ് ഗോസ്വാമി. സന്ദര്‍ഭം മാറ്റിയ വീഡിയോ ഉപയോഗിച്ച് അദ്ദേഹത്തെ തെറ്റായി നമ്മൾ ആക്രമിക്കരുത്. അത് സത്യമല്ല, ശരിയല്ല’, രാഹുല്‍ പറഞ്ഞു.

എന്നാല്‍ ഇതിന് പിന്നാലെ രാഹുല്‍ ഈശ്വറിന്റെ പേജിലും പുറത്തും മലയാളികള്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി രംഗത്തെത്തി. യുഎഇയില്‍ നിന്നുളള സഹായം ലഭ്യമാകുമെന്ന് പ്രതീക്ഷിച്ച മലയാളികളെ മുഴുവനുമാണ് അര്‍ണാബ് അപമാനിച്ചതെന്ന് ഫെയ്സ്ബുക്കില്‍ ആരോപിക്കപ്പെട്ടു. അര്‍ണാബിനെ പിന്തുണച്ച് രാഹുല്‍ ഈശ്വര്‍ വസതുതകള്‍ വളച്ചൊടിക്കുകയാണെന്നും ആരോപണം ഉയര്‍ന്നു.

‘ഇന്ത്യയിലെ ഏറ്റവും നാണംകെട്ട വര്‍ഗമാണ് ഇവര്‍’ എന്നാണ് അര്‍ണാബ് കഴിഞ്ഞ ദിവസം പറഞ്ഞത്. റിപബ്ലിക് ടിവിയുടെ ചര്‍ച്ചയിലായിരുന്നു അര്‍ണാബിന്റെ പരാമര്‍ശം. ‘ഫ്ലഡ് എയ്ഡ് ലൈ’ (വെള്ളപ്പൊക്ക സഹായം ഒരു കള്ളം) എന്ന വിഷയത്തിലാണ് അദ്ദേഹം ചര്‍ച്ച സംഘടിപ്പിച്ചത്.

യുഎഇ 700 കോടി കേരളത്തിന് സഹായധനം പ്രഖ്യാപിച്ചതായി പ്രചരിപ്പിച്ചെന്നായിരുന്നു അര്‍ണാബിന്റെ ആരോപണം. ഇത്തരം പ്രചരണങ്ങളിലൂടെ ഇന്ത്യയെ കളങ്കപ്പെടുത്താനാണ് ശ്രമമെന്നും ഇദ്ദേഹം പറയുന്നു.
“ഈ വർഗം നാണം കെട്ടവരാണ്. ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും നാണം കെട്ട ഒരു കൂട്ടം ആളുകളാണിവർ. അവർ കള്ളത്തരങ്ങൾ പ്രചരിപ്പിക്കുന്നു. അതുകൊണ്ട് അവർക്കെന്താണ് ലഭിക്കുന്നതെന്ന് എനിക്ക് മനസ്സിലാവുന്നില്ല. സ്വന്തം രാജ്യത്തെ അപമാനിക്കുന്നതിന് അവർക്ക് പണം ലഭിക്കുന്നുണ്ടോ? ആരാണവർക്ക് പണം നൽകുന്നത്? ഇന്ത്യയെ കളങ്കപ്പെടുത്തുകയാണ് ഇവരുടെ ഉദ്ദേശം”അര്‍ണാബ് പറഞ്ഞു.

സംഭവം പ്രചരിച്ചതോടെ മലയാളികൾ റിപ്പബ്ലിക്ക് ടിവിയുടെ ഫെയ്സ്ബുക്ക് പേജിലും അര്‍ണാബിന്റെ പേജിലും പ്രതിഷേധം അറിയിച്ചെത്തി. ബിജെപിയുടെ കുഴലൂത്തുകാരനായ അര്‍ണാബ് കേരളത്തെ അപമാനിക്കാനാണ് പണം വാങ്ങിയിരിക്കുന്നതെന്ന് അദ്ദേഹത്തിന്റെ പേജില്‍ ആരോപണം ഉയര്‍ന്നു. നിരവധി പേരാണ് വിഷയത്തില്‍ അര്‍ണാബിനെ പൊങ്കാലയിടാന്‍ സോഷ്യല്‍മീഡിയയില്‍ അണിനിരന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Social news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ