കേരളത്തില്‍ നാശം വിതച്ച മഴയെ തോല്‍പ്പിച്ച് തിരുവനന്തപുരത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്ന ദുരിതാശ്വാസ പ്രവര്‍ത്തകര്‍ക്കും മറ്റു വോളന്റിയര്‍മാര്‍ക്കും ആവേശം പകര്‍ന്ന് കലക്ടര്‍ വാസുകി. കോട്ടണ്‍ഹില്‍ സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലെത്തിയ കലക്ടര്‍ പറഞ്ഞ വാക്കുകള്‍ കേട്ടിരുന്നവര്‍ മാത്രമല്ല, സോഷ്യല്‍ മീഡിയയിലും ആവശേത്തോടെയാണ് ഷെയര്‍ ചെയ്യപ്പെടുന്നത്.

‘നിങ്ങളിപ്പോള്‍ ചെയ്യുന്നതെന്താണെന്ന് മനസിലാക്കിയിട്ടുണ്ടോ? നിങ്ങള്‍ ഇപ്പോള്‍ ചരിത്രം സൃഷ്ടിക്കുകയാണ്. ഇത്രയും വലിയൊരു ദുരിതത്തെ എങ്ങനെ നേരിടാന്‍ കഴിയുമെന്നാണ് ലോകത്തിന് മലയാളികള്‍ കാണിച്ചു കൊടുക്കുന്നത്. രാജ്യത്തിനകത്തു മാത്രമല്ല, അന്തര്‍ദേശീയ തലത്തില്‍ പോലും നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞു,’ കലക്ടര്‍ പറയുന്നു.

സ്വാതന്ത്ര്യത്തിനു വേണ്ടി നമ്മള്‍ പോരാടിയ പോലെയാണ് ഇപ്പോള്‍ നിങ്ങള്‍ ഓരോരുത്തരും പോരാടുന്നത്. എയര്‍പോര്‍ട്ടില്‍ 400 വോളന്റിയര്‍മാരുണ്ട്. അവിടെ വരുന്ന സാധനങ്ങള്‍ അണ്‍ലോഡ് ചെയ്യുക എന്നത് വളരെ പ്രയാസമുള്ള ജോലിയാണ്. അത് നിങ്ങള്‍ കൂലിക്കു ചെയ്യുകയാണെങ്കില്‍ കോടികള്‍ നല്‍കിയേനെ. സര്‍ക്കാരിന് വലിയ ചെലവു വന്നേനേ എന്നു പറഞ്ഞ കലക്ടര്‍ വാസുകി, കോളേജിൽ പഠിക്കുന്ന കാലത്ത് നല്ല പ്രവൃത്തികള്‍ ചെയ്യുമ്പോള്‍ ‘ഓ പോട്’ എന്ന് ഉച്ചത്തില്‍ താന്‍ പറയാറുണ്ടെന്നും ഇപ്പോൾ താൻ അങ്ങനെ പറയുമ്പോൾ നിങ്ങൾ ഓഹോ എന്നു പറയണമെന്നും ഉച്ചത്തില്‍ ശബ്ദമുണ്ടാക്കി.

തന്റെ തിരക്കുകള്‍ മൂലം ഒരുപാട് നേരം ക്യാംപുകളില്‍ സമയം ചെലവഴിക്കാന്‍ പറ്റാറില്ലെന്നും എന്നാല്‍ സഹപ്രവര്‍ത്തകര്‍ നിങ്ങള്‍ക്കൊപ്പം തന്നെയുണ്ടെന്നും ഉറപ്പു നല്‍കി. തങ്ങളുടെ ഭാഗത്തുനിന്ന് എന്തെങ്കിലും തെറ്റുകൾ പറ്റിയിട്ടുണ്ടെങ്കിൽ എല്ലാവരും ക്ഷമിക്കണം എന്നും കലക്ടർ പറഞ്ഞു. കലക്ടറുടെ വാക്കുകള്‍ ശരിക്കും അവിടെ കൂടി നിന്ന ഓരോരുത്തര്‍ക്കും ആവേശം പകരുന്ന തരത്തിലായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook