കൽപറ്റക്കാരുടെ സ്വന്തം എംഎൽഎയാണ് സി.കെ.ശശീന്ദ്രൻ. കൽപറ്റക്കാരുടെ ഏതാവശ്യത്തിനും മുന്നിൽ തന്നെ അവരുടെ പ്രിയപ്പെട്ട എംഎൽഎയുണ്ടാവും. അതിനാൽ തന്നെ കൽപറ്റക്കാർക്ക് സി.കെ.ശശീന്ദ്രൻ അവരുടെ ശശിയേട്ടനാണ്. മഹാമാരിയിൽ കൽപറ്റക്കാർ ദുരിതമനുഭവിക്കുമ്പോൾ അവർക്ക് താങ്ങും തണലുമായി ശശീന്ദ്രൻ ഒപ്പം തന്നെയുണ്ട്.

കൽപറ്റയിൽ മഴക്കെടുതിയിൽ വൻ നാശനഷ്ടങ്ങളാണ് ഉണ്ടായിട്ടുളളത്. കഴിഞ്ഞ 5 ദിവസമായി ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമാണ് ശശീന്ദ്രൻ എംഎൽഎ. രക്ഷാപ്രവർത്തനത്തിനും ദുരിതബാധിതരെ സഹായിക്കുന്നതിനും അദ്ദേഹം പങ്കാളിയാകുന്നുണ്ട്. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. കോരിച്ചൊരിയുന്ന മഴയത്തും രക്ഷാപ്രവർത്തനത്തിൽ സജീവനായിരിക്കുന്ന ശശീന്ദ്രൻ എംഎൽഎയെ അഭിനന്ദിച്ച് പ്രതിപക്ഷ പാർട്ടിയിലെ നേതാക്കൾ പോലും രംഗത്തുവന്നിട്ടുണ്ട്. രാഷ്ട്രീയ നേതാക്കന്മാർ ശശീന്ദ്രനെ കണ്ടു പഠിക്കണമെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.

സി.കെ.ശശീന്ദ്രന്‍ എന്നും സോഷ്യൽ മീഡിയയില്‍ പ്രിയങ്കരനാണ്. കൈയില്‍ തൂക്കിപ്പിടിച്ച അരിയുമായി അദ്ദേഹം വീട്ടിലേക്ക് വരുന്ന ചിത്രം സോഷ്യൽ മീഡിയയിൽ നേരത്തെ വൈറലായിരുന്നു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലെ വിജയത്തിനു ശേഷം സത്യപ്രതിജ്ഞ ചെയ്യാന്‍ ശശീന്ദ്രൻ തിരുവനന്തപുരത്തേക്ക് ബസിൽ പോയതും ശ്രദ്ധേയമായിരുന്നു. ശശീന്ദ്രന്റെ മിക്ക യാത്രകളും ഓട്ടോയിലും ബസിലുമാണ്. എംഎല്‍എ ആയിട്ടും മാറ്റമില്ലാതെയുള്ള ജീവിതമാണ് ശശീന്ദ്രനെ കൂടുതല്‍ ജനകീയനാക്കുന്നത്.

കഴിഞ്ഞ നിമയസഭ തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ മാധ്യമശ്രദ്ധയും ജനശ്രദ്ധയും കിട്ടിയ മത്സരാര്‍ത്ഥിയായിരുന്നു കൽപറ്റയിലെ എല്‍ഡിഎഫ് സ്ഥാനാർഥി സി.കെ.ശശീന്ദ്രന്‍. കൽപറ്റയിലെ അദ്ദേഹത്തിന്റെ മത്സരം സിറ്റിങ് എംഎല്‍എ ജെഡിയുവിന്റെ എം.വി.ശ്രേയാംസ്‌ കുമാറിനോടായിരുന്നു. 13,000 ലേറെ വോട്ടുകള്‍ക്ക് ശ്രേയാംസ് കുമാറിനെ പരാജയപ്പെടുത്തിയാണ് ശശീന്ദ്രന്‍ കൽപറ്റയില്‍ നിന്നും നിയമസഭയിലേക്ക് വിജയിച്ചത്.

Read Here: കേരളത്തിനായി: റിസർവ് ബാങ്ക് ഗവർണർക്ക് രാഹുൽ ഗാന്ധിയുടെ കത്ത്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook