മല്ലിക സുകുമാരനെ മാറ്റിപ്പാര്‍പ്പിച്ചു; ക്രൂരമായ പരിഹാസം കൊണ്ട് ആഘോഷമാക്കി ചിലര്‍

മല്ലിക സുകുമാരനെ രക്ഷാപ്രവര്‍ത്തകര്‍ ചേര്‍ന്ന് വലിയ ചെമ്പില്‍ ഇരുത്തിയാണ് സുരക്ഷിത സ്ഥാനത്തേക്ക് നീക്കിയത്

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ കേരളത്തിലെ ഭൂരിഭാഗം ജില്ലകളും വെള്ളത്തിനടിയിലായി. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, എറണാകുളം, കോഴിക്കോട്, വയനാട്, ആലപ്പുഴ, മലപ്പുറം എന്നീ ജില്ലകളെയാണ് വെള്ളപ്പൊക്കം കൂടുതലും ബാധിച്ചത്. നിരവധി പേരെ മാറ്റിപ്പാര്‍പ്പിച്ചെങ്കിലും പലരും ഇപ്പോഴും വീടുകളിലും ഫ്ലാറ്റുകളിലും സ്ഥാപനങ്ങളിലും കുടുങ്ങിക്കിടക്കുകയാണ്.

തിരുവനന്തപുരത്ത് നടി മല്ലികാ സുകുമാരനെ രക്ഷാപ്രവര്‍ത്തകര്‍ എത്തി മാറ്റിപ്പാര്‍പ്പിച്ചു. തിരുവനന്തപുരം നഗരസഭാ പ്രതിപക്ഷ നേതാവ് ഗിരി കുമാര്‍ അടക്കമുളള സംഘമാണ് മല്ലികയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പെയ്ത മഴയില്‍ നടന്‍ പൃഥ്വിരാജിന്റെ അമ്മ കൂടിയായ മല്ലിക സുകുമാരന്റെ വീട്ടില്‍ വെള്ളം കയറിയിരുന്നു.

മുറ്റത്തു കിടക്കുന്ന കാര്‍ പകുതിയും വെള്ളത്തിനടിയിലാണ്. മല്ലിക സുകുമാരനെ രക്ഷാപ്രവര്‍ത്തകര്‍ ചേര്‍ന്ന് വലിയ ചെമ്പില്‍ ഇരുത്തിയാണ് സുരക്ഷിത സ്ഥാനത്തേക്ക് നീക്കിയത്. ഇന്ന് രാവിലെ ദേശീയ ദുരന്ത നിവാരണ സേനാ അംഗങ്ങളും, നാട്ടുകാരും ചേർന്ന് രക്ഷാ പ്രവർത്തനം നടത്തുകയായിരുന്നു.

ദുരന്തത്തിലും മല്ലിക സുകുമാരനെ പരിഹസിച്ച് ഒരു വിഭാഗം രംഗത്ത് എത്തിയിട്ടുണ്ട്. രണ്ട് വർഷം മുൻപ് ഒരു അഭിമുഖത്തിൽ തിരുവനന്തപുരത്തെ റോഡുകളുടെ മോശം അവസ്ഥയെപ്പറ്റി മല്ലിക പ്രതികരിച്ചിരുന്നു. മകന്റെ ആഡംബര വാഹനമായ ലംബോർഗിനി എത്തിക്കാൻ പര്യാപ്തമായ റോഡുകൾ കേരളത്തിലില്ല എന്നായിരുന്നു മല്ലികയുടെ പരിഹാസം. ഇതിന്റെ ചുവട് പിടിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയ മല്ലികയെ ട്രോളുന്നത്. ദുരിതത്തിനിടയിലും മലയാളിയുടെ ക്രൂരതയുടെ അടയാളമായി ഇത്.

വീടിനകത്ത് വെള്ളവും ചെളിയും നിറഞ്ഞ് കിടക്കുകയാണ്. ഇതിന്റെ ചിത്രങ്ങളും പുറത്തുവന്നു. അതേസമയം, ദുരിതം അനുഭവിക്കുന്നവര്‍ക്ക് തന്റെ വീട്ടില്‍ താമസിക്കാമെന്ന് ടൊവിനോ തോമസ് അറിയിച്ചു. തന്റെ വീട്ടില്‍ വെള്ളം ഇതുവരെ കയറിയിട്ടില്ലാത്തതിനാല്‍ സുരക്ഷിത കേന്ദ്രമായി കണ്ട് ആര്‍ക്ക് വേണമെങ്കിലും അങ്ങോട്ട് താമസിക്കാനായി എത്താമെന്നാണ് ടൊവിനോ ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്. കറന്റ് ഇല്ലെന്ന പ്രശ്‌നം മാത്രമേയുള്ളൂവെന്നും ടൊവിനോ കുറിച്ചു.

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Kerala flood mallika sukumaran evacuated from flooded home

Next Story
Kerala Rains: ജെയിംസ് വിൽസന്റെ ട്വീറ്റുകൾക്കായി കൺതുറന്ന് ലോകം, നോട്ട് നിരോധനം മുതൽ മഴക്കെടുതി വരെ സോഷ്യൽ മീഡിയയിലെ മലയാളി ശബ്‌ദംJames Wilson Kerala Social Media Mullaperiyar Demonetisation
The moderation of comments is automated and not cleared manually by malayalam.indianexpress.com