രാജ്യം കടുത്ത പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നു പോകുമ്പോൾ ജീവിതം സമരമാക്കുകയാണ് ഷിജിൻ രാജനും ചാന്ദ്നി വർഷയും. കല്യാണത്തിന് മുമ്പ് ആണ്‍വീട് കാണാൻ ഷിജിന്റെ വീട്ടിലെത്തിയപ്പോഴാണ് ചാന്ദിനിയെയും ഷിജിനെയും നമ്മൾ ആദ്യം ശ്രദ്ധിച്ചത്. ഇപ്പോളിതാ സേവ് ദി ഡേറ്റിലും വ്യത്യസ്തതയുമായി ഇരുവരും എത്തിയിരിക്കുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമൊട്ടാകെ പ്രതിഷേധിക്കുമ്പോൾ ജീവിതം കൊണ്ട് ആ എതിർ സ്വരങ്ങളുടെ ഭാഗമാകുകയാണ് ഇവരും.

“വിദ്വേഷത്തിന്റെ പ്രത്യയ ശാസ്ത്രങ്ങൾ കടലെടുക്കട്ടെ. വിഭജനത്തിന്റെ രാഷ്ട്രീയം കാറ്റിൽ കലങ്ങട്ടെ, കൊടുങ്കാറ്റിൽ ചിതറട്ടെ. We Reject CAA, Stand for Secularism” എന്ന വാചകങ്ങളാണ് തങ്ങളുടെ വിവാഹത്തിന് മുന്നോടിയായുള്ള സേവ് ദി ഡേറ്റ് കാർഡിൽ ഇരുവരും ആലേഖനം ചെയ്തിരിക്കുന്നത്.

“നാട്ടിലാകെ പ്രതിഷേധമാണ്. നമുക്കൊരിക്കലും അതിൽനിന്ന് വിട്ടുനിൽക്കാൻ സാധിക്കില്ല. വ്യത്യസ്തമായ പ്രതിഷേധ രീതികളാകുകമ്പോൾ അതിൽ ആളുകളുടെ ശ്രദ്ധ പതിയുകയും കൂടുതൽ പേരിലേക്ക് എത്തുകയും ചെയ്യും. പറയാനുള്ള കാര്യങ്ങൾ കൂടുതൽ പേരിലേക്ക് എത്തിക്കുക എന്നതാണല്ലോ നമ്മുടെ ഉദ്ദേശ്യം. അതുകൊണ്ടാണ് വെറുതേ ഒരു സേവ് ദി ഡേറ്റിന് പകരം അത് പ്രതിഷേധിക്കാനുള്ള ഒരു മാധ്യമമാക്കി മാറ്റിയത്,” ഷിജിൻ ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞു.

കോഴിക്കോട് തിക്കോടി സ്വദേശിയായ ഷിജിൻ കീഴൂർ എയുപി സ്കൂളിലെ അധ്യാപകനാണ് . ഇത്തരത്തിൽ ഒരു ആശയം ഇരുവരുടേതും ആയിരുന്നെന്നും വീട്ടുകാരും അതിനെ അനുകൂലിച്ചെന്നും ഷിജിൻ പറയുന്നു. നടുവണ്ണൂരിൽ വച്ച് ഡിസംബർ 29നാണ് ഇരുവരും വിവാഹിതരാകുന്നത്. വിവാഹ വേദി പ്രതിഷേധത്തിനുള്ള വേദിയാക്കി മാറ്റണമെന്നുണ്ടെന്നും  അതേക്കുറിച്ച് തീരുമാനമായിട്ടില്ലെന്നുമാണ് ഇരുവരും പറയുന്നു.

“ഇത്തരം ഒരു അവസ്ഥയിൽ എങ്ങനെയാണ് സേവ് ദി ഡേറ്റ് ചെയ്യുക എന്ന് ഞാൻ ഷിജിനേട്ടനോട് ചോദിച്ചപ്പോൾ പുള്ളിയാണ് പറഞ്ഞത് ഇത് നമുക്ക് പ്രതിഷേധ സൂചകമായി ചെയ്യാം എന്ന്. നിലവിലെ അവസ്ഥയിൽ പ്രൊഫൈൽ പിക്ചർ മാറ്റുന്നത് പോലും അശ്ലീലമായിട്ടാണ് എനിക്ക് തോന്നുന്നത്. അപ്പോൾ പിന്നെങ്ങനെയാ സേവ് ദി ഡേറ്റ് ചെയ്യുക യെന്നാണ് ഞാൻ ആലോചിച്ചത്. നിലവിലെ സാഹചര്യത്തിൽ നമ്മുടെ ഓരോ ദിവസവും പ്രതിഷേധമാണ്. ആർക്കും അതിൽനിന്നു മാറിനിൽക്കാൻ സാധിക്കില്ല. പിന്നെ സുഹൃത്തുക്കളുടെ പിന്തുണയും ഉണ്ടായിരുന്നു. വീട്ടുകാരും ഇതൊക്കെ മനസിലാക്കുന്ന ആളുകളാണ്. വിവാഹ ദിവസവും ഇങ്ങനെ എന്തെങ്കിലും ചെയ്യണമെന്നുണ്ട്. സുഹൃത്തുക്കളൊക്കെ പറയുന്നുണ്ട്. പക്ഷെ ഇതുവരെ ഒന്നും തീരുമാനിച്ചിട്ടില്ല,” ചാന്ദ്നി പറയുന്നു. നടുവണ്ണൂർ സ്വദേശിനിയായ ചാന്ദ്നി കോഴിക്കോട് സിഎംഎഫ്ആർഐയിൽ ഗവേഷകയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook