scorecardresearch
Latest News

ഇവിടെ വരുമ്പോ കാണണം, എന്റെ ആപ്പീസീന്ന് മോളെ വിളിക്കും; തോമസ് ഐസക്കിന് നന്ദി അറിയിക്കാൻ ഇച്ചപ്പൻ വിളിച്ചു

എന്തായാലും നാട്ടിലെത്തുമ്പോൾ മന്ത്രിയെ നേരിട്ടു കാണാമല്ലോ എന്ന സന്തോഷത്തിലാണ് ഈ കൊച്ചുമിടുക്കി

ഇവിടെ വരുമ്പോ കാണണം, എന്റെ ആപ്പീസീന്ന് മോളെ വിളിക്കും; തോമസ് ഐസക്കിന് നന്ദി അറിയിക്കാൻ ഇച്ചപ്പൻ വിളിച്ചു

മന്ത്രി തോമസ് ഐസക് തന്റെ ആറാം ബജറ്റാണ് ഇന്നലെ നിയമസഭയിൽ അവതരിപ്പിച്ചത്. ധനമന്ത്രിയെന്ന നിലയിൽ തോമസ് ഐസക്കിന്റെ പന്ത്രണ്ടാം ബജറ്റായിരുന്നു. മുൻ വർഷങ്ങളിലെ പോലെ കുട്ടികളുടെ വരികളും വരകളും നിറഞ്ഞു നിൽക്കുന്നതായിരുന്നു തോമസ് ഐസക്കിന്റെ ഇത്തവണത്തെ ബജറ്റ് പ്രസംഗവും.

ബജറ്റ് രേഖയുടെ പുറംചട്ടയിൽ സൂര്യകാന്തി തോട്ടത്തിനു നടുവിലൂടെ നടക്കുന്ന ഒരു പെൺകുട്ടിയുടെ ചിത്രമാണ് ഇടം പിടിച്ചത്. ഈ ചിത്രത്തിന്റെ ഉടമ അങ്ങ് ദുബായിലാണ്. തന്റെ ചിത്രം ബജറ്റ് രേഖയുടെ പുറംചട്ടയിൽ ഇടംപിടിച്ചതിന്റെ സന്തോഷത്തിലാണ് അജ്‌മാൻ ഹാബിറ്റാറ്റ് സ്‌കൂളിലെ രണ്ടാം ക്ലാസുകാരി നിയ. ഫെയ്‌സ്‌ബുക്ക് പേജിൽ വരച്ച് പോസ്റ്റ് ചെയ്തവയിൽ നിന്നാണ് നിയയുടെ സൂര്യകാന്തിപ്പൂക്കളുടെ ചിത്രം ബജറ്റ് പുറംചട്ടയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

Read Also: കേരള ബജറ്റ് 2021: ബജറ്റ് പ്രസംഗത്തിനു പകിട്ടേകി കുട്ടികളുടെ രചനകൾ

തന്റെ സന്തോഷം അറിയിക്കാൻ മന്ത്രി തോമസ് ഐസക്കിനെ നിയ വിളിച്ചു. മന്ത്രിയുടെ ഗൺമാൻ വഴി നിയയുടെ മാതാപിതാക്കളാണ് മന്ത്രിയുമായി സംസാരിക്കാൻ അവസരമുണ്ടാക്കിയത്. മന്ത്രിക്ക് നിയ സ്വയം പരിചയപ്പെടുത്തി, ബജറ്റ് രേഖയിൽ ഏത് ചിത്രമായിരുന്നു തന്റേതെന്നും മന്ത്രിക്ക് വിശദീകരിച്ചു കൊടുത്തു. ഉടനെ എത്തി മന്ത്രിയുടെ അഭിനന്ദനം. ‘ഇവിടെ വരുമ്പോ കാണണം, എന്റെ ആപ്പീസീന്ന് മോളെ വിളിക്കും,’ എന്ന് മന്ത്രി പറഞ്ഞപ്പോൾ ചിത്രംവരക്കാരിയുടെ മുഖം കൂടുതൽ തെളിഞ്ഞു.

ബജറ്റ് രേഖയിൽ ഇടംപിടിച്ച നിയയുടെ ചിത്രം

നിയ മന്ത്രിയുമായി സംസാരിക്കുന്ന വീഡിയോ

വീട്ടുകാർ ‘ഇച്ചപ്പൻ’ എന്നു വിളിക്കുന്ന നിയ തീരെ ചെറുപ്പത്തിൽ തന്നെ ചിത്രങ്ങൾ വരയ്‌ക്കാൻ താൽപര്യം കാണിച്ചിരുന്നു. ഇച്ചപ്പനും റെക്‌സും എന്ന പേരിൽ കാർട്ടൂൺ സീരീസ് പുറത്തിറക്കിയിട്ടുണ്ട്.

അക്രിലിക് വരകളിലും നിയക്ക് കമ്പമുണ്ട്. ഇതുവരെ 55 അക്രിലിക് ചിത്രങ്ങൾ നിയ വരച്ചിട്ടുണ്ട്. ഷാർജയിൽ പരസ്യ കമ്പനി നടത്തുന്ന തിരൂർ സ്വദേശി മുനീറിന്റെയും ഐടി ഉദ്യോഗസ്ഥ അൻഷയുടെയും മകളാണ് നിയ. എന്തായാലും നാട്ടിലെത്തുമ്പോൾ മന്ത്രിയെ നേരിട്ടു കാണാമല്ലോ എന്ന സന്തോഷത്തിലാണ് ഈ കൊച്ചുമിടുക്കി.

ഇത്തവണ ബജറ്റ് പ്രസംഗത്തിന്റെ ചിത്രം കാസർഗോഡ് ഇരിയണ്ണി പിഎഎൽപിഎസിലെ ഒന്നാം ക്ലാസുകാരൻ വി.ജീവന്റേതായിരുന്നു. ജെൻഡർ ബജറ്റിന്റെ ചിത്രവും ജീവന്റേത് തന്നെ.

ഇംഗ്ലീഷ് പ്രസംഗത്തിന്റെ കവർ ഇടുക്കി കുടയത്തൂർ ഗവ.എച്ച്എസ്എസിലെ പ്ലസ് ടു വിദ്യാർഥിനി ശ്രീനന്ദന വരച്ച ചിത്രമാണ്. ബാക്ക് കവർ കോഴിക്കോട് വേദവ്യാസ വിദ്യാലയത്തിലെ രണ്ടാം ക്ലാസുകാരൻ ജഹാൻ ജോബിയുടേയും.

ബജറ്റ് ഇൻ ബ്രീഫിലെ കവർചിത്രങ്ങൾ തൃശൂർ വടക്കാഞ്ചേരി ഗവ.ഗേൾസ് എൽപിഎസിലെ അമൻ ഷസിയ അജയ് വരച്ചതാണ്. എക്സ്പെൻഡിച്ചർ റിവ്യൂ കമ്മിറ്റി റിപ്പോർട്ടിന്റെ കവർ ചിത്രവും അമൻ ഷസിയയുടേത് തന്നെ.

തൃശൂർ എടക്കഴിയൂർ എസ്എംവി എച്ച്എസിലെ എട്ടാം ക്ലാസുകാരി കെ.എം.മർവയ വരച്ച ചിത്രമാണ് എക്സ്പെൻഡിച്ചർ റിവ്യൂ കമ്മിറ്റി റിപ്പോർട്ടിന്റെ ബാക്ക് കവറിൽ.

കുട്ടികൾക്കെല്ലാം മന്ത്രി അഭിനന്ദനം അറിയിച്ചു.

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: Kerala budget thomas issac niya muneer cover pic