സേവ് ദ ഡേറ്റ്, വിവാഹ ഫൊട്ടോ ഷൂട്ട് എങ്ങനെ വ്യത്യസ്തമാക്കാമെന്ന ചിന്തയിലാണു ഫൊട്ടോഗ്രാഫര്‍. വൈറലാകാന്‍ വധൂവരന്മാരും റെഡി. അത്തരമൊരു വിവാഹ ഫൊട്ടോഷൂട്ട് ഇപ്പോള്‍ ഇന്റര്‍നെറ്റ് സെന്‍സേഷനായി മാറിയിരിക്കുകയാണ്.
പ്രകൃതിരമണീയമായ ലൊക്കേഷനല്ല ഇവിടെ പശ്ചാത്തലം. മറിച്ച്, നിലവില്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയങ്ങളിലൊന്നായ റോഡിലാണ്. കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ വധു സഞ്ചരിക്കുന്നതാണു ഫൊട്ടോയില്‍ ചിത്രീകരിച്ചിരിക്കുന്നത്.
ചുവന്ന വിവാഹസാരി ധരിച്ച വധു കുഴികള്‍ നിറഞ്ഞ റോഡിലൂടെ നടക്കുന്നതു വീഡിയോ ക്ലിപ്പില്‍ കാണാം. ചെളിവെള്ളം നിറഞ്ഞ വലിയ കുഴി മറികടന്ന് യുവതി നടക്കുമ്പോള്‍ സമീപത്തുകൂടി വാഹനങ്ങള്‍ പോകുന്നതും മുന്നില്‍ അല്‍പ്പം ദൂരെനിന്ന് ഫൊട്ടോഗ്രാഫര്‍ ആ നിമിഷം പകര്‍ത്തുന്നതും കാണാം. വളരെ ചുറുചുറുക്കോടെ പുഞ്ചിരിയോടെയാണു വധു കാമറയെ സമീപിക്കുന്നത്.
‘റോഡിന്റെ നടുവില്‍ വധുവിന്റെ ഫൊട്ടോഷൂട്ട്’ എന്ന അടിക്കുറിപ്പോടെ ആരോ വെഡ്ഡിങ് കമ്പനി എന്ന ഇന്‍സ്റ്റാഗ്രാം ഹാന്‍ഡിലിലാണു ക്ലിപ്പ് പങ്കിട്ടിരിക്കുന്നത്. സെപ്റ്റംബര്‍ 11നു പങ്കിട്ട ക്ലിപ്പ് ഇന്‍സ്റ്റാഗ്രാമില്‍ 41 ലക്ഷത്തിലധികം വ്യൂസും 3.6 ലക്ഷം ലൈക്കുകളും നേടി.
സംസ്ഥാനത്തെ റോഡുകളുടെ മോശം അവസ്ഥയുമായി ബന്ധപ്പെട്ട് രൂക്ഷമായ വിമര്‍ശമാണു ഹൈക്കോടതി കഴിഞ്ഞദിവസങ്ങളില്‍ സര്‍ക്കാരിനെതിരെ ഉയര്‍ത്തിയത്. സംസ്ഥാനത്തെ കുഴികള്‍ നികത്തുന്നതിന് മുമ്പ് എത്ര പേര്‍ മരിക്കണമെന്നും റോഡില്‍ നടക്കുന്നതു ഭാഗ്യപരീക്ഷണമാണെന്നും കോടതി പറഞ്ഞിരുന്നു.
അടുത്തിടെ, ‘ന്നാ താന്‍ കേസ് കൊട്’ എന്ന കുഞ്ചാക്കാ ബോബന്‍ നായകനായ സിനിമയുടെ പോസ്റ്റര്‍ ‘തീയറ്ററിലേക്കുള്ള വഴിയില്‍ കുഴികയുണ്ട്, എന്നാലും വന്നേക്കണേ’ ടാഗ് ലൈനോടെ റിലീസ് ദിവസം അണിയപ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതു സര്‍ക്കാര്‍ അനുകൂലികളെ പ്രകോപിപ്പിച്ചിരുന്നു.