കുഞ്ഞുങ്ങളെ ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാവില്ല. ശൈശവ ദശയിലെ അവരുടെ കളിചിരികളിൽ മതിമറന്നിരിക്കുന്നവരാണ് എല്ലാവരും. ഏതൊരു കുഞ്ഞിന്റെയും കരച്ചിൽ കുട്ടികളെ സ്നേഹിക്കുന്നവർക്ക് ഉളളിലൊരു വേദനയാണ്.

കുഞ്ഞുങ്ങളെ കരയിക്കാൻ ആരും ഇഷ്ടപ്പെടാറില്ല. അവരുടെ ചിരി കണ്ടിരിക്കാനാണ് എല്ലാവരും ആഗ്രഹിക്കാറുളളത്. കരഞ്ഞ് തുടങ്ങിയാൽ ചിരിപ്പിക്കാനും സമാധാനിപ്പിക്കാനും പല തന്ത്രങ്ങളും പയറ്റും. അതിനാൽ തന്നെ കുഞ്ഞുങ്ങൾ എന്ത് ചെയ്യുമ്പോഴും അവരുടെ അടുത്തേക്ക് ഒരു കണ്ണ് പായിച്ചിരിക്കും.

എന്നാൽ വിവാഹ മണ്ഡപത്തിൽ ഫോട്ടോയ്ക്ക് പോസ് ചെയ്‌തിരിക്കുമ്പോഴും അത്രയും ശ്രദ്ധയോടെ കുഞ്ഞുങ്ങളെ നോക്കാനാവുമോ? കുഞ്ഞുങ്ങളുടെ കാലിടറി അവർ വീഴാൻ പോകുമ്പോൾ മനസിനേക്കാൾ വേഗത്തിൽ ശരീരം കുതിക്കും. മൂക്കും കുത്തി കുഞ്ഞ് വീഴും മുൻപ് അവരെ പിടിച്ചുനിർത്താനുളള ഒരു പരാക്രമമാകും അന്നേരം.

അക്ഷരാർത്ഥത്തിൽ ഇതാണ് വിവാഹ മണ്ഡപത്തിൽ ഒരു മണവാട്ടി ചെയ്തത്. ”ദൈവത്തിന്റെ കൈകൾ എന്നൊക്കെ പറയുന്നത് ഇതാണ്” എന്ന അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്ത വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്.

വിവാഹ വേദിയിൽ നിന്ന് താഴേക്ക് വീഴാൻ പോകുന്ന കുഞ്ഞിനെ രക്ഷിക്കാൻ നവവധു മണ്ഡപത്തിൽ നിന്ന് ഇറങ്ങി മുന്നോട്ട് കുതിക്കുന്നതാണ് വീഡിയോ. എന്നാൽ അവർക്ക് കുഞ്ഞിനെ രക്ഷിക്കാനായില്ല. പക്ഷെ അതേപോലെ കുഞ്ഞിനെ ശ്രദ്ധിച്ച് കൊണ്ടിരുന്ന മറ്റൊരാൾ കുഞ്ഞിനെ വീഴും മുൻപ് കൈപ്പിടിയിലാക്കുന്നുണ്ട്. പെൺകുട്ടി സുരക്ഷിതയാണെന്നറിഞ്ഞ് മണവാട്ടിപ്പെണ്ണിന്റെ മുഖത്ത് വിരിയുന്ന ചിരിയിലാണ് വീഡിയോ ദൃശ്യം അവസാനിക്കുന്നത്. വീഡിയയോയിൽ ഉളളവർ ആളുകൾ ആരൊക്കെയാണെന്ന് തിരിച്ചറിയാൻ സാധിച്ചിട്ടില്ല.

Get Malayalam News and latest news update from India and around the world. Stay updated with today's latest Social news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ