അമേരിക്കയില്‍ സംസാരവിഷയമായി മാറി ‘ഇരുതലയുളള’ മാനിന്റെ ചിത്രം. കെന്റൂക്കിയിലെ ബല്ലാര്‍ഡ് കൗണ്ടിയിലുളള ഒരു വേട്ടക്കാരനാണ് മാനിന്റെ ചിത്രം പുറത്തുവിട്ടത്. ബോബ് ലോങ് എന്നാണ് വേട്ടക്കാരന്റെ പേരെന്ന് വനംവകുപ്പ് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. വലിയ കൊമ്പുകളുളള ഒരു മാനിനെ വളരെ ദൂരെ നിന്നാണ് വെടിവെച്ച് പിടിച്ചതെന്ന് ലോങ് പറഞ്ഞു.

വെടിയേറ്റ മാനിനെ എടുക്കാനായി അടുത്ത് എത്തിയപ്പോഴാണ് വളരെ വിചിത്രമായ കാഴ്ച്ച കണ്ടത്. മാനിന്റെ കൊമ്പില്‍ കുടുങ്ങിക്കിടക്കുന്ന രീതിയില്‍ ചത്ത് അഴുകിപ്പോയ മറ്റൊരു മാനിന്റെ കൊമ്പ് കൂടി ഉണ്ടായിരുന്നു. അഴുകിയ മാനിന്റെ കഴുത്തിന് താഴെ ഉളള ഭാഗം പൂര്‍ണമായും നഷ്ടപ്പെട്ട് പോയിരുന്നു. കൊമ്പുകള്‍ പരസ്പരം കെട്ടിപ്പിണഞ്ഞ് കിടക്കുന്നത് കൊണ്ട് തന്നെ മാനിന് ഇരുതലയാണ് ഉളളതെന്ന് തോന്നും.

ചിത്രം വനംവകുപ്പ് അധികൃതര്‍ സോഷ്യല്‍മീഡിയയില്‍ പങ്ക് വെച്ചതിന് പിന്നാലെ വൈറലായി മാറി. പലരും ലോങ്ങിനെ അഭിനന്ദിച്ചപ്പോള്‍ മറ്റ് ചിലര്‍ക്ക് ഈ ചിത്രം പുറത്തുവിട്ടതിന് എതിര്‍പ്പും ഉണ്ടായിരുന്നു. എങ്ങനെയായിരിക്കാം മാനുകളുടെ കൊമ്പുകള്‍ പരസ്പരം ഉടക്കിയതെന്നും, അതേസമയം മറ്റേ മാന്‍ എങ്ങനെ ചത്ത് പോയെന്നും സോഷ്യല്‍മീഡിയയില്‍ ചര്‍ച്ച കൊഴുത്തു.

പലരും പല തിയറികളും മുന്നോട്ട് വെച്ചു. ചത്തുപോയ മാനുകളുടെ ജഡങ്ങളില്‍ കൊമ്പ് കൊണ്ട് മുട്ടിയുരുമ്മുന്ന രീതി മാനുകള്‍ക്കുണ്ട്. അത്തരത്തില്‍ ചെയ്തപ്പോള്‍ കുടുങ്ങിപ്പോയതായിരിക്കാം എന്നാണ് ചിലര്‍ പറഞ്ഞത്. എന്നാല്‍ പരസ്പരം പോരടിച്ചപ്പോള്‍ മാനുകളുടെ കൊമ്പുകള്‍ കുടുങ്ങിയതാവാം എന്നാണ് വിശ്വാസയോഗ്യമായ വിശദീകരണം. പലപ്പോഴും പരസ്പരം പോരടിക്കുമ്പോള്‍ മാനുകളുടെ കൊമ്പുകള്‍ കുടുങ്ങിപ്പോവാറുണ്ടെങ്കിലും ഇരുമാനുകളും പരിശ്രമിച്ച് അഴിച്ചെടുക്കാറുണ്ട്. പോരടിക്കുന്നതിനിടെ രണ്ടാമത്തെ മാനിന് ഗുരുതരമായി പരുക്കേറ്റ് ചത്തതാവാം. ഈ ജഡവും പേറിയാവാം മാന്‍ ഇത്രയും കാലം ജീവിച്ചത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്താണെന്ന് സ്ഥിരീകരിക്കാനായിട്ടില്ല.

Get Malayalam News and latest news update from India and around the world. Stay updated with today's latest Social news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ