എല്ലാ ‘കാർപെന്റേഴ്സും’ ആശാരിമാരല്ല! കീരവാണിയുടെ ഓസ്കാർ പ്രസംഗം മലയാളത്തിലേക്ക് വിവർത്തനം ചെയ്ത ചില ഓൺലൈൻ മാധ്യമങ്ങളും ടെലിവിഷൻ ചാനലുകളുമാണ് ഇപ്പോൾ പുലിവാലു പിടിച്ചിരിക്കുന്നത്. ‘അക്കാദമിക്ക് നന്ദി, കാര്‍പന്റേഴ്‌സിനെ കേട്ടാണ് ഞാന്‍ വളര്‍ന്നത്. ഇന്ന് ഓസ്‌കറുമായി ഇവിടെ നില്‍ക്കുന്നു,’ എന്നായിരുന്നു ഓസ്കാർ വേദിയിൽ പുരസ്കാരം ഏറ്റുവാങ്ങി കീരവാണി പറഞ്ഞ വാക്കുകൾ.
എന്നാൽ കേട്ടപാതി കേൾക്കാത്ത പാതി പല മലയാളം മാധ്യമങ്ങളും ആ വാക്കുകളെ ട്രാൻസ്‌ലേറ്റ് ചെയ്തതിങ്ങനെ, ‘ആശാരിമാരെ കേട്ടാണ് ഞാൻ വളർന്നത്’. ചിലർ കയ്യിൽ നിന്ന് അൽപ്പം ഭാവന കൂടിയിട്ട് ആ വാക്കുകളെ പെരുപ്പിച്ചു. ‘ആശാരിമാരുടെ തട്ടും മുട്ടും കേട്ടാണ് ഞാൻ വളർന്നത്’ എന്നാക്കി മാറ്റി. എന്നാൽ ലോകപ്രസിദ്ധമായ പോപ് സംഗീത ബാൻഡായ ‘ദി കാർപെന്റേഴ്സി’നെ കുറിച്ചാണ് കീരവാണി പറഞ്ഞത് എന്ന് മനസ്സിലാക്കി മീഡിയ തെറ്റ് തിരുത്തി വന്നപ്പോഴേക്കും സോഷ്യൽ മീഡിയയിൽ ട്രോൾ മഴ തുടങ്ങി കഴിഞ്ഞിരുന്നു.
കാർപെന്റേഴ്സ് ബാൻഡ് തന്റെ ഇൻസ്പിരേഷനായി മാറിയതിനെ കുറിച്ചു പറഞ്ഞ കീരവാണി കാർപെന്റേഴ്സിന്റെ ‘ടോപ് ഓഫ് ദ വേൾഡ്’ എന്ന ആൽബത്തിലെ വരികളിൽ അൽപ്പം മാറ്റം വരുത്തിയാണ് വേദിയിൽ ആലപിച്ചത്.

ആരാണ് ദ കാർപെന്റേഴ്സ്?
അറുപതുകളിൽ തരംഗമായിരുന്ന ബാൻഡാണ് കാർപെന്റേഴ്സ്. സഹോദരങ്ങളായ കാരെനും, റിച്ചാർഡ് കാർപെന്ററുമായിരുന്നു ഈ അമേരിക്കൻ ബാൻഡിനു പിന്നിൽ. 14 വർഷത്തെ കരിയറിൽ, കാർപെന്റേഴ്‌സ് നിരവധി സിംഗിൾസും നിരവധി ടെലിവിഷൻ സ്പെഷ്യലുകളുമടക്കം പത്തോളം ആൽബങ്ങൾ റെക്കോർഡുചെയ്‌തു. ടിക്കറ്റ് റ്റു റൈഡ്, ക്ലോസ് റ്റു യു, എ സോങ് ഫോർ യു, നൗ ആൻറ് ദെൻ, ഹൊറിസോൺ, എ കൈൻഡ് ഓഫ് ഹഷ്, പാസേജ്, ക്രിസ്മസ് പോർട്രെയ്റ്റ്, മെയ്ഡ് ഇൻ അമേരിക്ക, വോയിസ് ഓഫ് ദി ഹാർട്ട് തുടങ്ങിയ ഹിറ്റ് ഗാനങ്ങളെല്ലാം ഒരു തലമുറയുടെ ഹരമായി മാറുകയായിരുന്നു.
ഇംഗ്ലീഷിൽ നിന്നും മലയാളത്തിലേക്ക് വിവർത്തനം ചെയ്യപ്പെടുന്ന വാർത്തകളിൽ വന്നുചേരുന്ന ഇത്തരം തെറ്റുകൾ പുതുമയല്ല. അതിന്റെ ക്ലാസിക് ഉദാഹരണമായിരുന്നു വർഷങ്ങൾക്കു മുൻപ് ഒരു മലയാളപത്രത്തിൽ വന്ന ‘ഹോട്ട് ഡോഗ്’ വിവാദം. സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി ന്യൂയോർക്കിൽ വർഷംതോറും സംഘടിപ്പിക്കാറുള്ള ഹോട്ട്ഡോഗ് തീറ്റ മത്സരത്തെ കുറിച്ച് വാർത്ത കൊടുത്താണ് ആ മാധ്യമം പുലിവാലു പിടിച്ചത്. ’10 മിനിട്ടിനുളളിൽ 68 ഹോട്ട്ഡോഗുകൾ കഴിച്ച് യുവാവ് 20,000 ഡോളർ സമ്മാനം നേടി’ എന്ന വാർത്തയെ മലയാളത്തിലേക്ക് വിവർത്തനം ചെയ്തപ്പോൾ ‘അമേരിക്കയിൽ യുവാവ് 10 മിനിട്ടിൽ 68 പട്ടിയെ തിന്ന് റെക്കോർഡിട്ടു’ എന്നായിരുന്നു മലയാളപത്രത്തിൽ വന്ന ആ വാർത്ത. അന്ന് ഹോട്ട് ഡോഗിനെ ചുട്ടപ്പട്ടിയാക്കിയെങ്കിൽ ഇന്ന് ലോകപ്രസിദ്ധമായ പോപ് ബാൻഡിനെ ആശാരിമാരാക്കിയാണ് മലയാളം മാധ്യമങ്ങൾ ട്രോൾ വാങ്ങി കൂട്ടുന്നത്.