തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയക്കെടുതിയില്‍ രക്ഷാപ്രവര്‍ത്തനം സൈന്യത്തെ പൂര്‍ണമായി ഏല്‍പ്പിക്കാത്ത സംസ്ഥാന സര്‍ക്കാരിനെതിരെ കോടതിയെ സമീപിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള. പൂര്‍ണ ക്രമീകരണമുണ്ടായിട്ടും സൈന്യത്തിന്റെ പ്രവര്‍ത്തനം വിജയകരമാവാത്തതിന് പിന്നില്‍ സംസ്ഥാനത്തിന്റെ കഴിവ് കേടാണെന്ന് അദ്ദേഹം പറഞ്ഞു.

പട്ടാളത്തെ പൂര്‍ണമായി രക്ഷാപ്രവര്‍ത്തനത്തിന്റെ ചുമതല ഏല്‍പ്പിക്കാത്തപക്ഷം കോടതിയെ സമീപിക്കുമെന്നും ശ്രീധരന്‍പിള്ള ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എന്നാല്‍ സംസ്ഥാന ഗവണ്‍മെന്‍റ് രക്ഷാ ദൗത്യത്തില്‍ നിന്ന് മാറി നിന്ന് മുഴുവന്‍ സൈന്യത്തെ ഏല്‍പ്പിക്കുകയെന്ന സൗകര്യം നിലവില്‍ ഇന്ത്യയില്‍ ഇല്ല. ഇന്നേവരെ അത്തരത്തിലൊരു സാഹചര്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടും ഇല്ല. മന്‍സൂര്‍ പാറമ്മല്‍ ഇത് സംബന്ധിച്ച് തയ്യാറാക്കിയ കുറിപ്പ് ഫെയ്സ്ബുക്കില്‍ വൈറലായി മാറി.

2005ലാണ് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനായി രാജ്യം ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് ടീമിനെ ഉണ്ടാക്കാന്‍ തീരുമാനിക്കുകയും അതിന്‍റെ ഭാഗമായി 2005ല്‍ ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് ആക്റ്റും രൂപീകരിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ പ്രത്യേകം ഡിവിഷനായാണ് ദുരന്ത നിവാരണ സംവിധാനം പ്രവര്‍ത്തിക്കുന്നത്. ഓരോ സംസ്ഥാനത്തേയും ദുരന്ത നിവാരണത്തിന്‍റെ എല്ലാ പ്രാഥമികമായ ഉത്തരവാധിത്വം സംസ്ഥാന ഗവണ്‍മെന്‍റിനാണ്. സംസ്ഥാന സര്‍ക്കാറിനെ സാമ്പത്തികമായും മറ്റു സംവിധാനങ്ങള്‍ ഉപയോഗിച്ചും പിന്തുണക്കുക എന്നതാണ് കേന്ദ്ര ദുരന്ത നിവാരണ സേനയുടെ റോള്‍. സംസ്ഥാന ഗവണ്‍മെന്‍റിന്‍റെ ആവശ്യാനുസരണം വിഭവങ്ങളും സേനാ സംവിധാനവും നല്‍കല്‍ ആണ് ഇവരുടെ ജോലി.

ഭരണകൂടത്തിന് ദുരന്ത നിവാരണം സ്വന്തം കൈയ്യില്‍ നില്‍ക്കില്ലെന്ന് തോന്നിയാല്‍ മാത്രമാണ് സൈന്യത്തെ വിളിക്കാന്‍ സാധിക്കുക. ദുരന്ത നിവാരണത്തിന്‍റെ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാറിനാണ്. ഒരു സംസ്ഥാനത്ത് എത്ര വലിയ ദുരന്തം നടന്നാലും ദുരന്ത നിവാരണ തലവന്‍ മുഖ്യമന്ത്രിയാണ്. ഇന്ത്യന്‍ സൈന്യവും കേന്ദ്ര സംവിധാനങ്ങള്‍ മുഴുവന്‍ ഇറങ്ങേണ്ടിവന്നാലും അവരൊക്കെ മുഖ്യമന്ത്രിയുടെ നിര്‍ദേശം അനുസരിച്ച് വേണം പ്രവര്‍ത്തിക്കാന്‍.

മന്‍സൂര്‍ പാറമ്മലിന്റെ കുറിപ്പിലെ ഭാഗം:

‘മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ മാസം ഒന്‍പതാം തിയ്യതി പ്രധാനമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും വിളിച്ച് കേന്ദ്ര സഹായം തേടിയതാണ്. എന്നിട്ടും കേന്ദ്രം അനുവധിച്ചതാവട്ടെ വളരെ കുറച്ച് സെെനികരെയും ഹെലിക്കോപ്റ്ററുകളെയും മാത്രവും. ഇതുവരെ കേന്ദ്ര സേന രക്ഷിച്ചത് വെറും 2000 പേരെയാണെന്ന് കേട്ടു. മല്‍സ്യ തൊഴിലാളികള്‍ മാത്രം ആയിരങ്ങളെ കരക്കെത്തിച്ചിടത്താണിതെന്നോര്‍ക്കണം. വന്ന സെെനികരും സംഘവും പണിയെടുക്കാഞ്ഞത് കൊണ്ടല്ല ഇത്. മറിച്ച് വളരെ കുറഞ്ഞ സംവിധാനങ്ങള്‍ മാത്രമാണ് സംസ്ഥാനത്തിന്‍റെ ചരിത്രത്തില്‍ ഏറ്റവും വലിയ ദുരന്തം നേരിടാന്‍ കേന്ദ്രം നല്‍കിയത് എന്നത് കൊണ്ടാണിത്.
സംസഥാന സര്‍ക്കാര്‍ ചുമ്മാതിരുന്ന് എല്ലാം സെെന്യത്തെ ഏല്‍പ്പിക്കൂ എന്ന മണ്ടത്തരം അലറുന്നവര്‍ ഒരു കാര്യത്തിന് ഉത്തരം തരണം. കേന്ദ്രത്തിന് വര്‍ഷം മുപ്പതിനായിരം കോടിക്കടുത്ത് നികുതി കൊടുക്കുന്നൊരു സംസ്ഥാനം ഇങ്ങിനൊരു ദുരന്തം നേരിടുമ്പോള്‍ അഞ്ഞൂറില്‍ താഴെ സെെനികരെയും വളരെ കുറച്ച് സംവിധാനങ്ങളും നല്‍കി മലയാളിയെ മരിക്കാന്‍ വിടുന്നതിനെ വിളിക്കേണ്ട പേരെന്താണ്…??’

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook