വാക്ക് പറഞ്ഞാല്‍ വാക്കാണ്. മാറ്റുന്ന പ്രശ്‌നമില്ല. തിരഞ്ഞെടുപ്പായാല്‍ ജയവും തോല്‍വിയും ഉണ്ടാകും. എങ്കിലും പറഞ്ഞ വാക്ക് മാറ്റിയില്ല കുഞ്ഞുമോന്‍. പാലായില്‍ കേരളാ കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ഥി ജോസ് ടോം തോറ്റാല്‍ തല മൊട്ടയടിക്കുമെന്ന് പറഞ്ഞ കെ.സി.കുഞ്ഞുമോന്‍ എല്ലാവരെയും സാക്ഷി നിര്‍ത്തി അതങ്ങ് ചെയ്തു.

പാലായിലെ കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് കെ.സി.കുഞ്ഞുമോന്‍. വോട്ടെണ്ണലിനു മുന്‍പ് തന്നെ കുഞ്ഞുമോന്‍ ബെറ്റ് വച്ചിരുന്നു. എല്‍ഡിഎഫ് പ്രവര്‍ത്തകനുമായാണ് ബെറ്റ് വച്ചത്. ജോസ് ടോം തോറ്റാല്‍ തല മൊട്ടയടിക്കുമെന്ന് കുഞ്ഞുമോന്‍ പറഞ്ഞിരുന്നു. കവലയില്‍ വച്ചായിരിക്കും തല മൊട്ടയടിക്കുക എന്നും എടുത്തുപറഞ്ഞിരുന്നു.

ഒടുവില്‍ ജോസ് ടോം തോറ്റു. കുഞ്ഞുമോന്‍ തല മൊട്ടയടിക്കുകയും ചെയ്തു. മാണി സി.കാപ്പന്‍ തോറ്റാല്‍ മൊട്ടയടിക്കുമെന്ന് കുഞ്ഞുമോനുമായി ബെറ്റ് വച്ച എല്‍ഡിഎഫ് പ്രവര്‍ത്തകന്‍ ബിനോയിയും പറഞ്ഞിരുന്നു. മൂന്ന് സാക്ഷികളെ നിര്‍ത്തിയായിരുന്നു ഇരുവരുടെയും ബെറ്റ്.

പരസ്യമായി കവലയില്‍ വച്ച് തല മൊട്ടയടിക്കുമെന്നാണ് കുഞ്ഞുമോന്‍ പറഞ്ഞിരുന്നതെങ്കിലും ബെറ്റില്‍ ചെറിയൊരു മാറ്റമുണ്ടായി. ബാര്‍ബര്‍ ഷോപ്പിലെത്തിയായിരുന്നു കുഞ്ഞുമോന്‍ നേരത്തെ പറഞ്ഞതുപോലെ തല മൊട്ടയടിച്ചത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന പാലായിൽ എൽഡിഎഫ് സ്ഥാനാർഥി മാണി സി.കാപ്പൻ 2943 വോട്ടിനാണു വിജയിച്ചത്. കെ.എം.മാണിയുടെ മരണത്തെത്തടർന്നാണു പാലായിൽ ഉപതിരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്. ജോസ് ടോം ആയിരുന്നു കേരളാ കോൺഗ്രസ് എം സ്ഥാനാർഥി.

Read Here: ഞാന്‍ പെട്ടുപോയതാണ്; ‘തടഞ്ഞ’സംഭവത്തിൽ വീണ്ടും ട്വിസ്റ്റ്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook