കോവിഡിന്റെ രണ്ടാം തരംഗം രാജ്യത്ത് നാശം വിതച്ചുകൊണ്ടിരിക്കുകയാണ്. പലയിടങ്ങളിലും ആശുപത്രികളിൽ കിടക്കകളില്ലാതെയും ഓക്സിജന്റെ ലഭ്യതക്കുറവും വാക്സിൻ ക്ഷാമവുമെല്ലാം ഉണ്ട്. കേരളത്തിലും കോവിഡ് കേസുകളുടെ എണ്ണം ദിനം പ്രതി വർധിക്കുകയാണ്. തനിക്ക് കോവിഡ് വന്ന് പോയ ദുരനുഭവം പങ്കുവയ്ക്കുകയാണ് കെ.ബി ഗണേശ് കുമാർ എംഎൽഎ.
കോവിഡ് മുക്തനായ ശേഷം തനിക്ക് നേരിടേണ്ടി വന്ന അനുഭവം അദ്ദേഹം വീഡിയോയിൽ വെളിപ്പെടുത്തുന്നു. ഒറ്റപ്പെട്ടുപോകുമെന്നും പരിചയമുള്ള ഒരു മുഖവും സഹായത്തിന് ഉണ്ടാവില്ലെന്നും അദ്ദേഹം ഓർമിപ്പിക്കുന്നു. നിസാരമായി എടുക്കരുതെന്ന് ആവർത്തിച്ച് ഓർമിപ്പിച്ചാണ് അദ്ദേഹം അനുഭവം പറയുന്നത്.
ചിലർക്ക് കോവിഡ് നിസാരമായി കടന്നു പോകുമെങ്കിലും എല്ലാവർക്കും അങ്ങനെയാകണമെന്നില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് തരുന്നു. ന്യൂമോണിയയുടെ അവസ്ഥയിലേക്കെത്തിയാൽ അത് നമ്മെ തളർത്തി കളയുമെന്നും താങ്ങാനാകില്ലെന്നും ഗണേശ് ഓർമിപ്പിക്കുന്നു.
സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ഇന്നലെ 13,835 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2187, കോഴിക്കോട് 1504, മലപ്പുറം 1430, കോട്ടയം 1154, തൃശൂര്‍ 1149, കണ്ണൂര്‍ 1132, തിരുവനന്തപുരം 909, ആലപ്പുഴ 908, പാലക്കാട് 864, പത്തനംതിട്ട 664, ഇടുക്കി 645, വയനാട് 484, കൊല്ലം 472, കാസര്‍ഗോഡ് 333 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്നലെ രോഗ ബാധ സ്ഥിരീകരിച്ചത്.