കൊച്ചി: റോഡരികിലെ തട്ടുകടയില്‍ തകൃതിയായി ദോശ ചുട്ടുകൊണ്ടിരിക്കുന്ന ആളെ കണ്ട് പലരും ചോദിക്കുന്നു. ഇത് സ്ത്രീധനം സീരിയിലെ മത്തി സുകുവിന്റെ ഭാര്യ ശാന്തയല്ലെ. പക്ഷേ, ഇതൊന്നും ശ്രദ്ധിക്കാതെ ദോശ ചുട്ടുകൊണ്ടിരുന്നു കവിതലക്ഷ്മി. കടയിലെത്തുന്നവർക്ക് ഭക്ഷണം വിളന്പിക്കൊണ്ടിരിക്കുന്നു.

പ്രൈം ടൈം സീരിയലില്‍ ശ്രദ്ധേയ കഥാപാത്രമായി അഭിനയിക്കുന്ന കവിതാ ലക്ഷ്മി തട്ടുകടയില്‍ ദോശ ചുടുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. വീഡിയോയുടെ സത്യാവസ്ഥ കവിതാ ലക്ഷ്മി തന്നെ വെളിപ്പെടുത്തി.

കുറച്ച് ദിവസങ്ങളേ ആയുള്ളു സീരിയില്‍ നടിയായ കവിത ലക്ഷമി ഈ തട്ടുകട തുടങ്ങിയിട്ട്. വിദേശത്ത് പഠിക്കുന്ന മകന് ഫീസ് കണ്ടെത്താന്‍ കഴിയാതായതോടെയാണ് അവര്‍ അഭിനയത്തിന്റെ ഗ്ലാമര്‍ ലോകത്തിന് തത്കാലം കട്ട് പറഞ്ഞ് ഈ പുതിയ വേഷമണിഞ്ഞത്. ഒരു ട്രാവല്‍ ഏജന്‍സിക്കാരുടെ വാക്ക് വിശ്വസിച്ചാണ് കൈയിലെ കാശ് മുഴുവനെടുത്ത് മകനെ വിദേശത്ത് പഠിപ്പിക്കാന്‍ വിട്ടത്. ഇപ്പോള്‍ അവിടെ അവന്‍ ഫീസ് കണ്ടെത്താന്‍ കഴിയാതെ കുടങ്ങുകയാണ്. പറ്റിയ ചതിയില്‍ നിന്ന് കരകയറാന്‍ ഇപ്പോള്‍ പഠനത്തിനുള്ള പണം സമ്പാദിച്ചേ പറ്റൂ. സീരിയല്‍ അഭിനേതാക്കളുടെ സംഘടനയുടേതടക്കം പല വാതിലുകളിലും മുട്ടി. എവിടെ നിന്നും കാര്യമായ സഹായം കിട്ടാതായതോടെയാണ് തട്ടുകടയുമായി ഇറങ്ങിയത്.

ഒരു ഗ്രാനൈറ്റിന്റെ ചെറിയ ഷോപ്പ് നടത്തിയിരുന്നു, അതു നന്നായി ചെയ്യാമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. സ്വന്തമായി വസ്തു ഇല്ലാത്തത് കൊണ്ട് ലോണ്‍ ഒന്നും കിട്ടിയില്ല. മുദ്ര ലോണിനെക്കുറിച്ച് അന്വേഷിച്ച് ഒരുപാട് ബാങ്കുകള്‍ കയറിയിറങ്ങി. എല്ലായിടത്തും നിരാശയായിരുന്നു ഫലം, ഒടുവില്‍ ആ കടയും പൂട്ടി. ഈ വര്‍ഷത്തെ ഫീസ്‌ മുന്നില്‍ കണ്ടാണ്‌ ഒരു ചിട്ടി ചേര്‍ന്നത്, അതിന്മേലായിരുന്നു അവസാന പ്രതീക്ഷ. സ്വന്തം വസ്തുവില്ലാത്തതിനാല്‍ ഒടുവില്‍ അതും നടന്നില്ല. എന്തു ജോലിയും ചെയ്യുന്നതില്‍ എനിക്ക് അഭിമാനക്കുറവ്‌ തോന്നിയിട്ടില്ല. തട്ടുകട നടത്താന്‍ മാത്രമല്ല, ഹോട്ടലില്‍ പണിയെടുക്കാനും ഒരു മടിയുമില്ല, ഇന്ന് ഡബ്ബിങ് ഉള്ളതാണ്. രാത്രി തട്ടുകടയിലേക്കു വേണ്ട ചമ്മന്തി അരച്ചു വച്ചിട്ടു വേണം പോകാന്‍. വീട്ടുടമസ്ഥന്‍ ഒരു അനുഗ്രഹമാണ്, പത്തുവര്‍ഷമായി ഇവിടെ താമസിയ്ക്കുന്നു. വാടക പലപ്പോഴും മുടങ്ങും, പക്ഷെ അവര്‍ മുഖം കറുപ്പിച്ചിട്ടില്ല ഇതുവരെ.

കവിത ലക്ഷമിയുടെ കടയിലെത്തിയ രാജ് കിരണ്‍ എന്നയാള്‍ സീരിയല്‍ താരം വഴിയിരികില്‍ ദോശ ചുടുന്നതിന്റെ ദൃശ്യം പകര്‍ത്തി യൂട്യൂബിലിട്ടതോടെയാണ് കാര്യം നാട്ടുകാര്‍ അറിഞ്ഞത്. ഈ വീഡിയോ വൈറലാണിപ്പോള്‍.


കടപ്പാട്: Raj Kiran

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ