ന്യൂഡല്‍ഹി: കശ്മീരിലെ കത്തുവയില്‍ എട്ടു വയസുകാരി ക്രൂരമായി ബലാത്സഗം ചെയ്ത് കൊല്ലപ്പെട്ട കേസില്‍ സോഷ്യല്‍മീഡിയയില്‍ വ്യാജ പ്രചരണം ശക്തമാകുന്നു. വര്‍ഗീയപരമായ പ്രചരണങ്ങളാണ് സോഷ്യല്‍മീഡിയയില്‍ സജീവമാകുന്നത്. സംഘപരിവാര്‍ അനുകൂല പേജുകളിലും വ്യാജ പ്രൊഫൈലുകളില്‍ നിന്നുമാണ് ഇത്തരം പോസ്റ്റുകള്‍ ഷെയര്‍ ചെയ്യപ്പെടുന്നത്. കുട്ടിയെ മയക്കുമരുന്ന് കൊടുത്ത് ക്ഷേത്രത്തിലെ ദേവസ്ഥാനത്ത് മയക്കി കിടത്തി ദിവസങ്ങളോളം ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു. എന്നാല്‍ ഇത് തെറ്റാണെന്നാണ് പ്രചരണം.

‘Why lawyers in Kathua are demanding a CBI Inquiry’ ( എന്ത് കൊണ്ടാണ് കത്തുവയിലെ അഭിഭാഷകര്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത്) എന്ന തലക്കെട്ടോടെയുളള ഒരു പോസ്റ്റില്‍ തെറ്റായ വിവരങ്ങളാണ് ചേര്‍ത്തിട്ടുളളത്. ഈ പോസ്റ്റ് വ്യാപകമായാണ് ഷെയര്‍ ചെയ്യപ്പെട്ടത്. ശങ്ക്നാട് (ShankNaad) എന്ന വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന പേജിലാണ് പോസ്റ്റ് ആദ്യം പ്രത്യക്ഷപ്പെട്ടത്. 13 ലക്ഷത്തോളം ഫോളോവേഴ്സുളള പേജിന് ട്വിറ്ററിലും ഫോളേവേഴ്സ് ഉണ്ട്.

നേരത്തേയും നിരവധി വ്യാജ പ്രചരണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച പേജാണിത്. 2017 സെപ്തംബറില്‍ ഒരു കെട്ടിടത്തിന് തീപിടിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്ത പേജ് ‘ഹൈദരാബാദില്‍ മുസ്ലിംങ്ങള്‍ അമ്പലത്തിന് തീകൊടുക്കുന്നു’, എന്ന തലക്കെട്ടോടെ പ്രചരിപ്പിച്ചിട്ടുണ്ട്. 2017 ഒക്ടോബറില്‍ സ്വാമി വിവേകാനന്ദന്റെ പ്രതിമയുടെ തല എഡിറ്റ് ചെയ്ത് വെട്ടിമാറ്റി ഉത്തര്‍പ്രദേശിലെ ബധോഹയില്‍ മുസ്ലിംങ്ങള്‍ ചെയ്തതാണെന്ന് പറഞ്ഞും പ്രചരിപ്പിച്ചിട്ടുണ്ട്. ഇത്തരത്തില്‍ നിരവധി പ്രചരണങ്ങള്‍ ഈ പേജ് വഴി മുമ്പും വന്നിട്ടുണ്ട്.

കത്തുവ കേസില്‍ തെറ്റായ പ്രചരണങ്ങളാണ് പോസ്റ്റിലൂടെ നടത്തിയത്. ‘ആദ്യ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്നായിരുന്നു ഉണ്ടായിരുന്നത്’ എന്നാണ് ആദ്യ പോയന്റായി പേജിലെ പോസ്റ്റില്‍ പറഞ്ഞത്. എന്നാല്‍ കുറ്റപത്രത്തിലെ വിവരപ്രകാരം പെണ്‍കുട്ടിയുടെ മരണശേഷം ആകെ ഒരു പോസ്റ്റ്മോര്‍ട്ടം മാത്രമാണ് നടത്തിയത്. കത്തുവ ജില്ലാ ആശുപത്രിയില്‍ ജനുവരി 17നാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയത്. കൊല്ലപ്പെടും മുമ്പ് കുട്ടി ബലാത്സംഗത്തിന് ഇരയായെന്നായിരുന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
* ‘നഗരത്തിന് മധ്യത്തിലുളള, ആള്‍ത്തിരക്കുളള ക്ഷേത്രത്തില്‍ ഒരു കുട്ടിയെ എട്ട് ദിവസത്തോളം ബന്ദിയാക്കി വെക്കുക എന്ന് പറയുന്നത് സാധ്യമായ കാര്യമല്ല’- ഇതായിരുന്നു രണ്ടാമത്തെ ആരോപണം.

കുട്ടിയെ 8 ദിവസമല്ല, 6 ദിവസമാണ് ബന്ദിയാക്കി വെച്ചത് എന്നതാണ് ആദ്യത്തെ വസ്തുത. ജനുവരി 10ന് മയക്കി കൊണ്ടുവന്ന കുട്ടിയെ കൊലപ്പെടുത്തി 15നാണ് രസനയിലെ കാട്ടില്‍ പ്രതികളില്‍ രണ്ടുപേര്‍ ചേര്‍ന്ന് ഉപേക്ഷിച്ചത്. കൂടാതെ ആള്‍ത്തിരക്ക് ഒട്ടുമില്ലാത്ത, ഒറ്റപ്പെട്ട പ്രദേശത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇത് തന്നെയാണ് കുട്ടിയെ ഒളിപ്പിക്കാന്‍ പ്രതികളെ സഹായിച്ചതും. ‘നഗരത്തിന്റെ മധ്യത്തില്‍’ എന്നാണ് പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ മലയുടെ മുകളിലെ വീടുകള്‍ അടുത്തൊന്നും ഇല്ലാത്ത പ്രദേശത്താണ് ക്ഷേത്രം. രസന ഗ്രാമം തന്നെ ദേവസ്ഥാനത്ത് നിന്നും ഒരു കിലോമീറ്ററോളം അകലെയാണ്. കൂടാതെ പ്രധാന പ്രതിയായ സഞ്ജി റാമിന്റെ പൂര്‍ണമായ അധികാരത്തിലായിരുന്നു ക്ഷേത്രം നോക്കി നടത്തിയിരുന്നത്.

*കുട്ടിയുടെ മൃതദേഹത്തില്‍ ചെളി പറ്റിപ്പിടിച്ചിട്ടുണ്ടായിരുന്നു. ക്ഷേത്രത്തിന്റെ അടുത്തൊന്നും ചെളിയില്ല. മറ്റ് എവിടേയെങ്കിലും വെച്ച് കൊല്ലപ്പെട്ട ശേഷമാണ് മൃതദേഹം ക്ഷേത്രത്തിനടുത്ത് ഉപേക്ഷിച്ചത്’- മൂന്നാമത്തെ കല്ലുവെച്ച നുണയാണ് ഇത്. പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തിലോ ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ടിലോ കുട്ടിയുടെ മൃതദേഹത്തില്‍ ചെളി കണ്ടെത്തിയതായി പറയുന്നില്ല.

ഇത്തരത്തില്‍ വേറേയും ചില വ്യാജ വിവരങ്ങളോടെയാണ് പോസ്റ്റുകള്‍ പ്രചരിക്കുന്നത്. കേരളത്തില്‍ നിന്നു തന്നെ വിഷ്ണു നന്ദകുമാര്‍ എന്നയാളുടെ വിദ്വേഷ പോസ്റ്റിനെതിരെ പൊലീസ് നടപടി എടുത്തിട്ടുണ്ട്. അത്കൊണ്ട് തന്നെ ഇത്തരം വ്യാജ പ്രചരണങ്ങളും പൊലീസ് നിരീക്ഷണത്തിലാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ