ശ്രീനഗര്‍: സാഹസികതയുടെ പേരില്‍ പലരും പലതും ചെയ്ത് ഒടുവില്‍ ജീവന്‍ വരെ നഷ്ടപ്പെട്ട അവസ്ഥകളെക്കുറിച്ച് നാം ദിവസേന വാര്‍ത്തകളില്‍ വായിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ താരമാകാന്‍ ആളുകള്‍ എന്തിനും മടിക്കാത്ത അവസ്ഥയാണ്. ഇത്തരത്തിലൊരു സാഹസികതയ്ക്ക് മുതിര്‍ന്നതിന്റെ വീഡിയോ ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം ഒരു കശ്മീരി യുവാവ് പങ്കുവച്ചത്. എന്നാല്‍ രൂക്ഷവിമര്‍ശനങ്ങളാണ് ഇതിനെതിരെ വന്നുകൊണ്ടിരിക്കുന്നത്.

ഇയാള്‍ റെയില്‍വേ ട്രാക്കിന്റെ നടുവില്‍ കമിഴ്ന്ന് കിടക്കുന്നത് വീഡിയോ ദൃശ്യങ്ങളില്‍ കാണാം. തൊട്ടു പിന്നാലെ ചീറിപാഞ്ഞു വരുന്ന തീവണ്ടി. വണ്ടി കടന്നുപോയ ശേഷം വിജയശ്രീലാളിതനായി ഈ യുവാവ് ആഹ്‌ളാദത്തോടെ തിരിച്ച് വരികയാണ്.

സമൂഹമാധ്യമങ്ങളില്‍ ലക്ഷക്കണക്കിനാളുകള്‍ ഇത് പങ്കുവച്ചിട്ടുണ്ട്. എന്നാല്‍, കൈയ്യടിക്കുപകരം രൂക്ഷവിമര്‍ശനങ്ങളാണ് ഇയാള്‍ക്കെതിരെ വരുന്നത്. സാഹസികതയല്ല ഇത് അവിവേകവും അഹങ്കാരവുമാണെന്നാണ് ആളുകള്‍ പറയുന്നത്. ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും ഇതിനെതിരെ രംഗത്തെത്തിയിരുന്നു. അവിവേകം എന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്.

ഇയാള്‍ക്കും സഹായിക്കുമെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് ഫെയ്സ്ബുക്ക് ഉപയോക്താക്കളുടെ ആവശ്യം. ഇത്തരം അവിവേകങ്ങള്‍ ചെയ്യാന്‍ ആളുകളെ പ്രേരിപ്പിക്കുമെന്നതിനാല്‍ ഇത് പ്രചരിപ്പിക്കരുതെന്ന് വാട്സ് ആപ്പ് ഗ്രൂപ്പുകളില്‍ അഡ്മിന്മാര്‍ അറിയിക്കുന്നുണ്ട്. എന്നാല്‍, സര്‍ക്കാര്‍ വൃത്തങ്ങള്‍ ഇതുവരെ ഇതിനോട് പ്രതികരിച്ചിട്ടില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ