ന്യൂഡല്‍ഹി: ലൈവില്‍ അപമാനിച്ച കര്‍ണിസേനാ നേതാവിന് വനിതാ അവതാരകയുടെ ചുട്ടമറുപടി. അവതാരകയെ ‘ബേബി’ എന്ന് അഭിസംബോധന ചെയ്തതിനാണ് കര്‍ണിസേനാ നേതാവ് സുരജ്‌പാല്‍ അമുവിനെതിരെ ന്യൂസ് എക്സ് അവതാരക സഞ്ജനാ ചൗഹാന്‍ ആഞ്ഞടിച്ചത്.

“ഇതല്ല ഒരു സ്ത്രീയോട് സംസാരിക്കേണ്ട രീതി” എന്ന് പറഞ്ഞു തുടങ്ങിയ അവതാരിക ‘വാഹനങ്ങള്‍ അടിച്ചു തകര്‍ക്കുന്ന, നിങ്ങള്‍ ഗുണ്ടകള്‍ . സ്ത്രീകളോട് ഒരു ബഹുമാനം ഇല്ലാത്ത നിങ്ങളാണോ സ്ത്രീകളുടെ ആത്മാഭിമാനത്തിനായി പോരാടുന്നത്. എവിടെയാണ് സ്ത്രീകളോടുള്ള ബഹുമാനം ?” എന്ന് ആരാഞ്ഞു.
“എന്ത് ധൈര്യത്തിലാണ് നിങ്ങളെന്നെ ‘ബേബി’ എന്ന് വിളിച്ചത് ? “ഒരു ബസ്സിന് തീയ്യിട്ട ധൈര്യത്തിലാണോ നിങ്ങള്‍ എന്നെ ബേബി എന്ന് വിളിക്കുന്നത് ? ” ക്ഷുഭിതയായ അവതാരക ആരാഞ്ഞു. ഹരിയാനയിലെ ബിജെപി മീഡിയാ ചീഫ് കോര്‍ഡിനേറ്റര്‍ ആണ് സുരജ് പാല്‍ അമു.

“നിങ്ങളുടെ സംസ്ഥാനമായ രാജസ്ഥാനില്‍ നാല് കൂട്ടബലാത്സംഗമാണ് നടന്നത്. കര്‍ണിസേന എവിടെയാണ് ? നിങ്ങളിവിടെ ഇരുന്ന് എന്നെ ‘ബേബി’ എന്ന് വിളിക്കുകയാണ്‌. നിങ്ങളൊരു മിഥിലെ കഥാപാത്രത്തിന് വേണ്ടിയാണ് പോരടിക്കുന്നത്. എന്നിട്ട് യതാര്‍ത്ഥ ജീവിതത്തിലുള്ള സ്ത്രീകളെ ‘ബേബി’ എന്ന് വിളിച്ചതിക്ഷേപിക്കുന്നു. ” സഞ്ജനാ ചൗഹാന്‍ പറഞ്ഞു.

“നിങ്ങള്‍ കുട്ടികളെ ആക്രമിക്കുകയാണ്. എന്നിട്ട് എന്നെ കുട്ടിയെന്ന് വിളിക്കുന്നു. എന്ത് ധൈര്യത്തിലാണ് നിങ്ങളത് വിളിച്ചത് ? നിങ്ങളാരാണ്‌ എന്നാണ് നിങ്ങള്‍ ധരിച്ചുവച്ചിരിക്കുന്നത് ? ” പത്മാവത് സിനിമയുടെ സംവിധായകനായ സഞ്ജയ്‌ ലീലാ ബന്‍സാലിയുടേയും ദീപികാ പദുകോണിന്‍റെയും തലയറക്കുന്നവര്‍ക്ക് പത്ത് കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച സൂരജ് പാല്‍ അമുവിനോട് അവതാരക ചോദിച്ചു.

സംഭവത്തിന് പിന്നാലെ സഞ്ജന ദേശീയ വനിതാ കമ്മീഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. സൂരജ് പാല്‍ അമുവിനോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് കമ്മീഷന്‍ നോട്ടീസ് നല്‍കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ