കൊച്ചി: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് അപ്രതീക്ഷിത തോല്‍വിയും കോണ്‍ഗ്രസിന് ഗംഭീര ജയവും സമ്മാനിച്ചിരിക്കുകയാണ് ജനങ്ങള്‍. വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ 135 സീറ്റുകളിലാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്. 2018-ല്‍ മൂന്നക്കം കടന്ന ബിജെപിയാകട്ടെ 65-ലേക്ക് ചുരുങ്ങുകയും ചെയ്തു.
എക്സിറ്റ് പോളുകളില്‍ ജെഡിഎസ് സര്‍ക്കാര്‍ രൂപീകരണത്തില്‍ നിര്‍ണായകമാകുമെന്നായിരുന്നു പ്രവചനം. എന്നാല്‍ 20 സീറ്റുകളില്‍ ഒതുങ്ങേണ്ടി വന്നും പാര്‍ട്ടിക്ക്. ജെഡിഎസിന്റെ കോട്ടയില്‍ ഉള്‍പ്പെടെ കോണ്‍ഗ്രസ് കടന്നു കയറി. ഓള്‍ഡ് മൈസൂരു മേഖലയില്‍ രണ്ടക്ക സംഖ്യയിലേക്ക് കോണ്‍ഗ്രസ് ലീഡ് നില ഉയര്‍ത്തിയപ്പോള്‍ ജെഡിഎസിന് ഒറ്റക്കത്തിലേക്ക് ചുരുങ്ങി.
നാടിളക്കിയുള്ള പ്രധാനമന്ത്രിയുടെ പ്രചാരണങ്ങളിലും താമരയെ കര്‍ണാടകയിലെ ജനങ്ങള്‍ കൈവിട്ടതിന്റെ ഞെട്ടല്‍ ബിജെപിക്കുണ്ട്. ബിജെപി മുക്ത ദക്ഷിണേന്ത്യ ആഘോഷമാക്കുകയാണ് ട്രോളന്മാര്‍. അങ്ങ് കര്‍ണാടകയിലെ തോല്‍വിയില്‍ ഇവിടെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ വരെ എയറിലാണ്.
പ്രമുഖ കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി ബിജെപിയുടെ മാന്‍ഡ്രേക്കായന്നാണ് ട്രോളന്മാര്‍ പറയുന്നത്. കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ 35 സീറ്റു കിട്ടിയാല്‍ ഭരിക്കുമെന്ന് പറഞ്ഞ കെ സുരേന്ദ്രനേയും വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ട്രോളന്മാര്‍ വെറുതെ വിടാന്‍ തയാറായില്ല.
കര്‍ണാടകയിലെ വമ്പന്‍ റാലികളും റോഡ് ഷോകളുമായി സ്ഥാനാര്‍ഥികളേക്കാള്‍ നിറഞ്ഞു നിന്ന പ്രധാനമന്ത്രിക്കും കിട്ടി ട്രോളന്മാറുടെ പരിഹാസം. റോഡ് ഷോയിലെ പ്രധാനമന്ത്രിയുടെ വാഹനം അലങ്കരിച്ചതില്‍ പോലും ചിരിക്കുള്ളത് കണ്ടുപിടിച്ചിട്ടുണ്ട് നവമാധ്യമങ്ങള്‍.