തിരുവനന്തപുരം: കര്‍ണാടകയിലെ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തില്‍ എംഎല്‍എമാരെ കേരളത്തിലേക്കു ക്ഷണിച്ചുകൊണ്ടുള്ള ട്വീറ്റ് ക്യാംപെയിന്റെ ഭാഗം മാത്രമായിരുന്നുവെന്ന് ടൂറിസം ഡിപ്പാർട്മെന്റ്. തങ്ങളുടെ പുതിയ ബ്രാന്‍ഡായ കം ഔട്ട് ആന്‍ഡ് പ്ലേ എന്ന ഹാഷ് ടാഗിന്റെ പ്രചരണാര്‍ത്ഥമായിരുന്നു ഇതെന്നാണ് ഡിപ്പാര്‍ട്ട്‌മെന്റ് ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോട് പറഞ്ഞത്.

എല്ലാവരും ഈ ട്വീറ്റ് വളരെ പോസിറ്റീവ് ആയാണ് എടുത്തതെന്നും തങ്ങള്‍ക്ക് ഒരുപാട് അഭിനന്ദനങ്ങള്‍ കിട്ടിയെന്നും, എന്നാല്‍ ചിലയിടത്തു നിന്ന് ലഭിച്ച നെഗറ്റീവ് കമന്റുകളാണ് പിന്നീട് ട്വീറ്റ് പിന്‍വലിക്കാന്‍ കാരണമെന്നും ഡിപ്പാർട്മെന്റ് ഡപ്യൂട്ടി ഡയറക്ടര്‍
അനിൽ പറഞ്ഞു.

കര്‍ണാടകയിലെ അതികഠിനമായ പോരാട്ടത്തിനു ശേഷം സമ്മര്‍ദത്തില്‍ നിന്നും മുക്തി നേടാന്‍ ദൈവത്തിന്റെ സ്വന്തം നാട്ടിലേക്കു വരാനായിരുന്നു കേരള ടൂറിസം വകുപ്പിന്റെ ട്വീറ്റ്. ‘വരൂ, പുറത്തിറങ്ങി കളിക്കൂ’ എന്നൊരു ഹാഷ്‌ടാഗും കൂടെയുണ്ട്. തങ്ങളുടെ സുന്ദരവും സുരക്ഷിതവുമായ റിസോര്‍ട്ടുകളില്‍ താമസമാണ് ഓഫര്‍ ചെയ്തിരുന്നത്. ട്വീറ്റിന് വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചത്. എന്നാൽ മണിക്കൂറുകൾക്കകം ഇത് പിൻവലിക്കുകയായിരുന്നു.

Kerala tourism

കേവല ഭൂരിപക്ഷം നേടുന്നതില്‍ ബിജെപി പരാജയപ്പെട്ടതോടെ കോണ്‍ഗ്രസും ജെഡിഎസും ഒന്നിച്ച് നില്‍ക്കാന്‍ തീരുമാനിച്ചു. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പങ്കാളിയാകും. ബിജെപിയെ അധികാരത്തില്‍ നിന്നകറ്റുക, മതേതര സര്‍ക്കാര്‍ നിലനിര്‍ത്തുക എന്നീ ലക്ഷ്യങ്ങളിലാണ് ജനതാദളും (സെക്യൂലര്‍) കോണ്‍ഗ്രസും ഒന്നിച്ചത്. എച്ച്.ഡി.കുമാരസ്വാമിയാകും മുഖ്യമന്ത്രി.

Read More: കര്‍ണാടക എംഎല്‍എമാര്‍ക്ക് വമ്പന്‍ ‘ഓഫറു’മായി കേരള ടൂറിസം

അതേസമയം, സര്‍ക്കാരുണ്ടാക്കാനുള്ള അധികാരം ബിജെപിക്കാണെന്ന് യെഡിയൂരപ്പ ഗവര്‍ണറെ കണ്ട് അവകാശവാദമുന്നയിച്ചു. കോണ്‍ഗ്രസ് പിന്‍വാതിലിലൂടെ അധികാരത്തില്‍ കയറാന്‍ ശ്രമിക്കുകയാണെന്ന് പത്രസമ്മേളനത്തില്‍ മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ യെഡിയൂരപ്പ കുറ്റപ്പെടുത്തി. ഇതാണ് കര്‍ണാടകയില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ അന്തരീക്ഷം.

ഇന്ത്യയില്‍ രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ രൂപപ്പെടുമ്പോള്‍ അതിന്റെ ഗുണഫലം നേടുന്ന ഒരു മേഖലയായി ടൂറിസം രംഗം മാറിയിട്ട് നാളുകള്‍ കുറച്ചായി. എന്‍.ടി.രാമറാവുന്റെ കാലത്ത് എംഎല്‍എമാരെ രാജ്യത്തെ വിവിധ ഇടങ്ങളില്‍ രഹസ്യമായി താമസിപ്പിച്ചതില്‍ ആ ചരിത്രം തുടങ്ങുന്നു. ചെന്നൈയില്‍ ജയലളിതയുടെ മരണത്തെ തുടര്‍ന്ന് രാഷ്ട്രീയ അനിശ്ചിത്വം നടന്ന കാലയളവില്‍ റിസോര്‍ട്ടില്‍ എംഎല്‍എമാരെ താമസിപ്പിച്ചിരുന്നു. അതുപോലെ ഗുജറാത്തിലെ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ അവിടെ നിന്നും മാറ്റിപ്പാര്‍പ്പിച്ചതും സമീപകാല ചരിത്രമാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ