മലപ്പുറം: കരിപ്പൂർ വിമാനാപകടമുണ്ടായപ്പോൾ കനത്ത മഴയിലും കോവിഡ് ഭീഷണിക്കിടയിലും രക്ഷാപ്രവർത്തനത്തിനിറങ്ങിയ പ്രദേശവാസികളോട് നന്ദി പറഞ്ഞ് വിമാനക്കമ്പനിയായ എയർ ഇന്ത്യ എക്സ്പ്രസ്സ്. മലപ്പുറത്തെ ജനങ്ങളുടെ കാരുണ്യത്തിനും മനുഷ്യത്വത്തിനും തങ്ങൾ എഴുന്നേറ്റ് നിന്ന് കൈയടിക്കുകയാണെന്നും എയർ ഇന്ത്യ എക്സ്പ്രസ്സ് സോഷ്യൽ മീഡിയ സന്ദേശത്തിൽ പറഞ്ഞു.
“ജീവൻ രക്ഷിക്കാനായി മുന്നിട്ടിറങ്ങാൻ വേണ്ടത് ധൈര്യം മാത്രമല്ല, മനുഷ്യത്വത്തിന്റെ ഒരു സ്പർശം കൂടിയാണ്. ഞങ്ങൾ എയർ ഇന്ത്യ എക്സ്ര്പസ്സിലുള്ളവർ കൈയ്യടിക്കുകയാണ് മലപ്പുറത്തെ ജനങ്ങൾക്ക്, ഒട്ടേറെപ്പേരുടെ ജീവൻ രക്ഷിക്കാൻ സ്വന്തം ജീവൻ തന്നെ പണയപ്പെടുത്തി മുന്നോട്ടിറങ്ങിയവർക്ക്.”
Taking a bow to HUMANITY!
A standing ovation from our hearts to the PEOPLE OF MALAPPURAM, Kerala, who had showered us…
Posted by Air India Express on Sunday, 9 August 2020
“മലപ്പുറത്തെ ജനങ്ങൾക്ക് ഞങ്ങളുടെ ഹൃദയത്തിൽ നിന്ന് അഭിനന്ദനമറിയിക്കുകയാണ്. അനിശ്ചിതത്വം നിറഞ്ഞ ആ സംഭവ സമയത്ത് ഞങ്ങൾക്കുമേൽ കാരുണ്യവും മനുഷ്യത്വവും ചൊരിഞ്ഞവർക്ക്. ഞങ്ങൾ നിങ്ങളോട് വളരെ അധികം കടപ്പെട്ടിരിക്കുന്നു,” എയർ ഇന്ത്യ എക്സ്പ്രസ്സ് ഒഫീഷ്യൽ സോഷ്യൽ മീഡിയ ഹാൻഡിലുകളിലെ സന്ദേശത്തിൽ പറഞ്ഞു.
Read More: ഭീതിയില്ലാതെ കരുതലിന്റെ കരങ്ങൾ; രക്ഷാപ്രവർത്തനം വേഗത്തിലാക്കിയത് നാട്ടുകാരുടെ ഇടപെടൽ
വെള്ളിയാഴ്ചയാണ് (ഓഗസ്റ്റ് ഏഴ്) ദുബായിൽ നിന്ന് കോഴിക്കോട്ടേക്കുള്ള വിമാനം അപകട്തത്തിൽ പെട്ടത്. 10 കുട്ടികള്‍ ഉള്‍പ്പെടെ 184 യാത്രക്കാരായിരുന്നു അപകട സമയത്ത് വിമാനത്തിൽ. അപകടത്തിൽ നാല് കുട്ടികളുള്‍പ്പടെ 18 പേരാണ് മരിച്ചത്. അപകടത്തില്‍പ്പെട്ട 115 പേരാണ് നിലവിൽ ആശുപത്രികളിൽ ചികിത്സയിൽ തുടരുന്നത്. ഇതിൽ 14 പേരുടെ നില ഗുരുതരമെന്ന് മലപ്പുറം ജില്ലാ കലക്ടർ കെ.ഗോപാലകൃഷ്ണൻ അറിയിച്ചു. 57 പേർ വിദഗ്‌ധ ചികിത്സക്ക് ശേഷം വിവിധ ആശുപത്രികളിൽ നിന്നും വീട്ടിലേക്ക് മടങ്ങിയിട്ടുണ്ട്.
കരിപ്പൂർ വിമാനാപകടത്തിൽ രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയവരെ ചലച്ചിത്ര താരങ്ങളടക്കം നിരവധി പേർ പ്രശംസിച്ചിരുന്നു. ഇടുക്കി രാജമലയിലെ ഉരുൾപൊട്ടലിലും, കരിപ്പൂർ വിമാനാപകടത്തിലും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായവർക്ക് സൂപ്പർതാരങ്ങളായ മോഹൻലാലും മമ്മൂട്ടിയും നന്ദി അറിയിക്കുകയും അവരെ പ്രശംസിക്കുകയും ചെയ്തിരുന്നു.
നമുക്ക് ഒട്ടും പരിചിതമല്ലാത്ത വേദനാജനകമായ കാലത്തിലൂടെയാണ് ലോകമിപ്പോൾ കടന്നു പോയ്ക്കൊണ്ടിരിക്കുന്നതെന്നും എന്നാൽ ഇക്കാലത്ത് എന്നാൽ പ്രതീക്ഷയുടെ വിളക്കുകൾ അണഞ്ഞു പോവുന്നില്ലെതാണ് ആശ്വാസകരമെന്നും മെഗാസ്റ്റാർ മമ്മൂട്ടി ഫെയ്സ്ബുക്കിൽ കുറിച്ചു. പ്രളയ കാലത്ത് മനുഷ്യസ്നേഹത്തിന്റെ ഉജ്ജ്വല ദൃഷ്ടാന്തങ്ങൾ നമ്മൾ കണ്ടതാണെന്നും പെട്ടിമുടിയിൽ ഉരുൾപൊട്ടിയപ്പോഴും കരിപ്പൂരിൽ വിമാനം വീണു തകർന്നപ്പോഴും ആളിക്കത്തിയത് ആ മനുഷ്യസ്നേഹത്തിന്റെ തീപ്പന്തങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിലും മറുചിന്തകളില്ലാതെ രക്ഷാപ്രവർത്തനത്തിനിറങ്ങിയ എല്ലാ സന്നദ്ധ പ്രവർത്തകർക്കും ഉദ്യോഗസ്ഥർക്കും നന്ദി പറയുന്നതായി സൂപ്പർസ്റ്റാർ മോഹൻലാൽ ട്വീറ്റ് ചെയ്തു.
“എന്നേക്കും കടപ്പെട്ടിരിക്കുന്നു. മഹാമാരിയുടെ സാഹചര്യം വകവയ്ക്കാതെ കരിപ്പൂരിലും രാജമലയിലും മറ്റു ചിന്തകളില്ലാതെ സഹായിച്ച എല്ലാ സന്നദ്ധ പ്രവർത്തകർക്കും ഉദ്യോഗസ്ഥർക്കും നന്ദി. ഇതുപോലുള്ള നിസ്വാർത്ഥ പ്രവർത്തനങ്ങളാണ് നമ്മെ മുന്നോട്ട് നയിക്കുന്നത്. രാജമലയിൽ ഈ കടുത്ത കാലാവസ്ഥയിൽ പോലും സന്നദ്ധപ്രവർത്തകർ പരമാവധി പരിശ്രമിക്കുന്നു. പരിക്കേറ്റവർക്ക് വേഗത്തിൽ സുഖം പ്രാപിക്കാൻ ആഗ്രഹിക്കുന്നു, പ്രാർത്ഥനകൾ,” മോഹൻലാൽ കുറിച്ചു.