കണ്ണടച്ചു തുറക്കുന്ന വേഗത്തിലാണ് കരിക്ക് എന്ന സൂപ്പർഹിറ്റ് വെബ്ബ്സീരീസ് മലയാളികളുടെ ഇഷ്ടം കവർന്നത്. ഇന്ന് ഏഴ് മില്യണിനടുത്ത് സബ്സ്‌ക്രൈബേഴ്സും അതിലേറെ ആരാധകരുമുണ്ട് കരിക്ക് ടീമിന്. ഫേസ്ബുക്കും യൂട്യൂബുമെല്ലാം നിത്യജീവിതത്തിന്റെ ഭാഗമായ മലയാളികളിൽ ഭൂരിപക്ഷത്തിനും സുപരിചിതരാണ് കരിക്കിലെ ജോർജും ലോലനും ശംഭുവും ഷിബുവുമെല്ലാം. ഒരു പുതിയ സിനിമ ഇറങ്ങുമ്പോൾ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന ചർച്ചകൾക്ക് സമാനമാണ് പലപ്പോഴും കരിക്കിന്റെ എപ്പിസോഡുകൾക്ക് ലഭിക്കുന്ന പ്രതികരണവും.
എന്നാൽ കുറച്ചു കാലമായി കരിക്കിന്റെ പുതിയ വീഡിയോകൾ ഒന്നും വന്നിരുന്നില്ല. കരിക്കിന് എന്ത് പറ്റി, എന്നാണ് പുതിയ വീഡിയോ വരിക എന്നിങ്ങനെയുള്ള ചർച്ചകളും സോഷ്യൽ മീഡിയയിൽ ആരംഭിച്ചിരുന്നു. എന്നാൽ ഇപ്പോഴിതാ ആ കാത്തിരിപ്പിനു വിരാമമിട്ട് ക്രിസ്മസ് സ്പെഷ്യൽ വീഡിയോയുമായി എത്തിയിരിക്കുകയാണ് കരിക്ക്. ‘കലക്കാച്ചി’ എന്ന പേരിൽ രണ്ട് എപ്പിസോഡുള്ള സീരീസിന്റെ ആദ്യ ഭാഗമാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. അർജുൻ രത്തൻ ആണ് സംവിധാനം.
‘കലക്കാച്ചി’യുടെ ആദ്യ എപ്പിസോഡ് കാണാം.
കൃഷ്ണ ചന്ദ്രൻ, ശബരീഷ് സജിൻ, ആനന്ദ് മാത്യൂസ്, രാഹുൽ രാജഗോപാൽ, വിൻസി അലോഷ്യസ്, ജീവൻ സ്റ്റീഫൻ, മിഥുൻ എം ദാസ്, കിരൺ വിയ്യത്ത്, ബിനോയ് ജോൺ, ഉണ്ണി മാത്യൂസ്, റിജു രാജീവ്, ഹരി കെ.സി, സിറാജുദ്ധീൻ, നന്ദിനി, അർജുൻ രത്തൻ, അനു കെ അനിയൻ, വിഷ്ണു, അമൽ അമ്പിളി, വിവേക് , അരൂപ്, ഹരികൃഷ്ണ തുടങ്ങിവരാണ് സീരീസിൽ അഭിനയിക്കുന്നത്.
കരിക്കു ടീമാണ് കഥയും തിരക്കഥയും. സിദ്ധാർഥ് കെ.ടി ഛയാഗ്രഹണവും ആനന്ദ് മാത്യൂസ് എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ചാൾസ് നസ്‌റത്ത് ആണ് സംഗീതം.