കണ്ണടച്ചു തുറക്കുന്ന വേഗത്തിലാണ് കരിക്ക് എന്ന സൂപ്പർഹിറ്റ് വെബ്ബ്സീരീസ് മലയാളികളുടെ ഇഷ്ടം കവർന്നത്. ഇന്ന് ആറു മില്യണിനടുത്ത് സബ്സ്‌ക്രൈബേഴ്സും അതിലേറെ ആരാധകരുമുണ്ട് കരിക്ക് ടീമിന്. ഫേസ്ബുക്കും യൂട്യൂബുമെല്ലാം നിത്യജീവിതത്തിന്റെ ഭാഗമായ മലയാളികളിൽ ഭൂരിപക്ഷത്തിനും സുപരിചിതരാണ് കരിക്കിലെ ജോർജും ലോലനും ശംഭുവും ഷിബുവുമെല്ലാം. ഒരു പുതിയ സിനിമ ഇറങ്ങുമ്പോൾ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന ചർച്ചകൾക്ക് സമാനമാണ് പലപ്പോഴും കരിക്കിന്റെ എപ്പിസോഡുകൾക്ക് ലഭിക്കുന്ന പ്രതികരണവും.

തീം അടിസ്ഥാനമാക്കിയുള്ള വീഡിയോകൾക്ക് ഒപ്പം തന്നെ മിനി വെബ് സീരീസുകളും കരിക്ക് പ്രേക്ഷകരിലേക്ക് എത്തിക്കാറുണ്ട്. കരിക്ക് ഫ്ലിക്ക് ചാനലിലൂടെ സംപേക്ഷണം ചെയ്യുന്ന ‘റോക്ക് പേപ്പർ സിസേഴ്സ്’ എന്ന സീരീസിന്റെ രണ്ടാമത്തെ എപ്പിസോഡാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ശ്യാമിൻ ഗിരീഷ് ആണ് ഈ സീരിസിന്റെ സംവിധാനം.

ഇന്നലെ വൈകിട്ട് റിലീസ് ചെയ്ത പുതിയ എപ്പിസോഡ് യൂട്യൂബ് ട്രെൻഡിംഗിൽ ഒന്നാമതാണിപ്പോൾ. 19,85,230 പേരാണ് ഇതിനകം ഈ വീഡിയോ കണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം യൂട്യൂബിൽ റിലീസ് ചെയ്ത ‘ദൃശ്യം 2’ വിന്റെ ടീസറിനേക്കാളും കൂടുതൽ പേർ കരിക്ക് ടീമിന്റെ ഈ പുതിയ സീരിസ് കണ്ടു കഴിഞ്ഞു.

‘ റോക്ക് പേപ്പർ സിസേഴ്സ്’ ആദ്യ എപ്പിസോഡ് ഇവിടെ കാണാം.

Read more: നിങ്ങളെന്തൊരു അച്ഛനാണ്!; വാർപ്പ് മാതൃകകളെ പൊളിച്ച് ‘കരിക്കി’ന്റെ പുതിയ എപ്പിസോഡ്

അടുത്തിടെ കരിക്കിന്റെ ‘ഫാമിലി പാക്ക്’ എന്ന എപ്പിസോഡും വ്യാപകമായി ചർച്ച ചെയ്യപ്പെട്ടിരുന്നു. തമാശയ്ക്കും രസകരമായ കഥയ്ക്കുമെല്ലാം അപ്പുറം പുരോഗമനപരമായ ചില​ ആശയങ്ങൾ മുന്നോട്ടു വച്ചതിനൊപ്പം തന്നെ ജെൻഡർ സ്റ്റീരിയോടൈപ്പിംഗിനെ ഉടച്ചുവാർക്കുന്നതുമായിരുന്നു ‘ഫാമിലി
പാക്ക്’.

അച്ഛനും അമ്മയും രണ്ട് ആൺമക്കളും മാത്രമുള്ള ഒരു വീട്ടിൽ നടക്കുന്ന കഥയാണ് ‘ഫാമിലി പാക്ക്’ പറയുന്നത്. ഉദ്യോഗസ്ഥയായ അമ്മ, വീടു നോക്കി നടത്തുന്ന അച്ഛൻ, തൊഴിൽരഹിതനായ മൂത്തമകൻ ബിബീഷ്, പഠിച്ച് മിടുക്കനായി ചെറിയ പ്രായത്തിൽ തന്നെ ജോലി നേടി ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്ത രണ്ടാമത്തെ മകൻ ബിബിൻ. ഇവർക്കിടയിലേക്കാണ് അമ്മയുടെ നിർദ്ദേശപ്രകാരം കല്യാണാലോചനയുമായി ഒരു ബ്രോക്കർ എത്തുന്നത്.

ജോലിയും കൂലിയുമില്ലാത്ത മൂത്ത മകനെ നിർത്തികൊണ്ട്, ഇളയവന് കല്യാണം ആലോചിക്കുകയാണ് അച്ഛനും അമ്മയും. അച്ഛനമ്മമാരുടെ ആ തീരുമാനം മൂത്തമകനുണ്ടാക്കുന്ന മാനസിക പ്രയാസങ്ങളും ചേട്ടന് മുന്നിൽ കിടന്നുള്ള അനുജന്റെ ഷൈൻ ചെയ്യലുമൊക്കെ രസകരമായാണ് 30 മിനിറ്റ് ദൈർഘ്യമുള്ള ഹ്രസ്വചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.

കൃഷ്ണചന്ദ്രന്‍, അനു കെ അനിയന്‍, ആതിര നിരഞ്ജന, ശബരീഷ് സജിന്‍, ഉണ്ണി മാത്യൂസ്, ബിനോയ് ജോണ്‍, ഷിന്‍സ് ഷാന്‍, റീനു സണ്ണി, ആന്‍ഡ്രൂ സ്‌റ്റെലോണ്‍ എന്നിവരും മൗഗ്ലി എന്ന നായയുമാണ് ഈ എപ്പിസോഡിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

‘ഫാമിലി പാക്കി’ൽ പറയുന്ന തൊഴിൽ രഹിതരുടെ പ്രശ്നങ്ങൾ, ജേഷ്ഠാനുജൻമാർ തമ്മിലുള്ള വഴക്ക്, മനംനൊന്ത് മകന്റെ നാടുവിട്ട് പോവൽ തുടങ്ങിയ കഥാ പ്ലോട്ടുകളെല്ലാം തന്നെ മലയാളികൾക്ക് സുപരിചിതമാണ്. എന്നാൽ സുപരിചിതമായ അത്തരമൊരു കഥാപരിസരത്തു നിൽക്കുമ്പോഴും കഥാപാത്രങ്ങളിലൂടെയും അവരുടെ കാഴ്ചപ്പാടുകളിലൂടെയും ‘കരിക്ക്’ ഉയർത്തി പിടിക്കുന്ന ചിന്തകൾ എടുത്തുപറയാതെ വയ്യ. അടുക്കള പെണ്ണിനും തൊഴിലിടങ്ങൾ ആണിനുമായി തീറെഴുതി കൊടുത്ത, സമൂഹത്തിന്റെ പൊതുബോധത്തിന്റെയും കീഴ്‌വഴക്കങ്ങളുടെയും തലയ്ക്കിട്ടുള്ള കിഴുക്കാണ് ‘കരിക്കി’ന്റെ ‘ഫാമിലി പാക്ക്’.

ഭാര്യയ്ക്ക് നല്ല ജോലി കിട്ടിയപ്പോൾ സ്വന്തം ജോലി ഉപേക്ഷിച്ചു മക്കളെ നോക്കുന്ന ഉത്തരവാദിത്വവും വീട്ടുജോലികളുമെല്ലാം ഏറ്റെടുക്കുകയാണ് കരിക്കിലെ അച്ഛൻ. വീട്ടിലെ അധികാരശക്തി നീയോ ഞാനോ തുടങ്ങിയ ദ്വന്ദ്വയുദ്ധങ്ങളൊന്നും അയാൾ ഭാര്യയ്ക്ക് മുന്നിൽ കാഴ്ച വയ്ക്കുന്നില്ല. നമ്മൾ സിനിമകളിലും കഥകളിലും കാണുന്ന, മേൽക്കൊയ്മ ഉള്ള ടിപ്പിക്കൽ ആൺബിംബമല്ല അയാൾ. സങ്കടങ്ങളിൽ ദുർബലനായി പോവുന്ന, മകനെ കാണാതാവുമ്പോൾ വാവിട്ടു കരയുന്ന അച്ഛൻ. എന്നാൽ, കാലാകാലങ്ങളായി സിനിമകൾ ചിത്രീകരിക്കുന്ന, ‘പെൺകോന്തൻ’ ഭർത്താവുമല്ല അയാൾ. ദാമ്പത്യത്തിന്റെ പാരസ്പര്യത്തെ കുറിച്ചും രണ്ടു വ്യക്തികൾ ഒന്നിച്ചുള്ള യാത്രയിൽ പുലർത്തേണ്ട കൂട്ടുത്തരവാദിത്വത്തെ കുറിച്ചുമെല്ലാം അയാൾക്ക് കൃത്യമായ കാഴ്ചപ്പാടുണ്ട്.

അതുകൊണ്ടാണ്, തൊഴിൽ രഹിതനായ മകൻ സങ്കടത്തോടെയും വിഷമത്തോടെയും, “അച്ഛന് ജോലി ഒന്നുമില്ലലോ, അമ്മേടെ ശമ്പളത്തിൽ അല്ലേ അച്ഛനും ജീവിക്കുന്നെ. അച്ഛന് നാണമില്ലേൽ എനിക്കും നാണമില്ല,” എന്ന് തർക്കിക്കുമ്പോൾ ഏറ്റവും കൃത്യതയോടെ തന്നെ അയാൾക്ക് അവനോട് മറുപടി പറയാൻ സാധിക്കുന്നത്.

“അതേ ഞങ്ങൾ തമ്മിൽ കല്യാണം കഴിക്കുമ്പോൾ ആദ്യം ജോലി എനിക്ക് ആയിരുന്നു. പിന്നീട് അവൾ കുത്തിയിരുന്ന് പഠിച്ചു. അവൾക്ക് നല്ലൊരു ജോലി കിട്ടി. പിന്നെ നിന്റെയൊക്കെ തലവട്ടം എന്ന് കണ്ടോ, അന്ന് നിന്നെയൊക്കെ നോക്കാൻ വേണ്ടി ഞാനെന്റെ ജോലി അങ്ങ് കളഞ്ഞു. അന്ന് തൊട്ടു ഈ അടുക്കളയും നിങ്ങളെയുമൊക്കെ നോക്കിയാണ് ഞാനിവിടെ ജീവിക്കുന്നത്. അടുക്കള പണി എന്ന് പറഞ്ഞാ പെണ്ണുങ്ങൾക്ക് മാത്രം പറ്റിയത് ഒന്നുമല്ല. അത് ആണുങ്ങൾ ചെയ്താലും ഒരു കുഴപ്പവുമില്ല. അതത്ര എളുപ്പമുള്ള പണിയുമല്ല. അതിൽ എനിക്കിന്ന് വരെ ഒരു നാണക്കേടും തോന്നിയിട്ടില്ല,” എന്നാണ് ആ അച്ഛൻ അഭിമാനത്തോടെ പറയുന്നത്. വളരെ ലളിതമായ സംഭാഷണങ്ങളിലൂടെ പൊതുബോധത്തിന്റെ അനാവശ്യ വാർപ്പ് മാതൃകകളെ പൊളിച്ചടുക്കുകയാണ് കരിക്കിലെ അച്ഛൻ കഥാപാത്രം.

അച്ഛൻ കഥാപാത്രത്തിനൊപ്പം തന്നെ എടുത്തു പറയേണ്ടത്, അനു കെ അനിയന്റെ അഭിനയമാണ്. നല്ല നടൻ മാത്രമല്ല, താനൊരു നല്ല സംവിധായകൻ കൂടിയാണെന്ന് തെളിയിക്കുകയാണ് അനു ‘ഫാമിലി പാക്കി’ലൂടെ. തൊഴിലിലായ്മയും അതിന്റെ സമ്മർദ്ദങ്ങളും അനുഭവിക്കുന്ന ചെറുപ്പക്കാരനെ സൂക്ഷ്മമായി തന്നെ അടയാളപ്പെടുത്തുന്നുണ്ട് അനു. തമാശയ്ക്ക് അപ്പുറം, ചില സീനുകളിൽ കാഴ്ചക്കാരുടെ കണ്ണു നനയിപ്പിക്കുന്നുമുണ്ട് അനുവിന്റെ കഥാപാത്രം. പ്രത്യേകിച്ചും, വീടുവിട്ടു പോവുന്ന സീനിൽ തന്റെ പ്രിയപ്പെട്ട നായക്കുട്ടിയോട് യാത്ര പറയുന്ന രംഗം.

Read more: Karikku: ആ കമ്പി വളയ്ക്കാൻ നോക്കുന്നത് ടൊവിനോയല്ലേ?

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook