‘മുഹമ്മദ് മുസ്‌തഫ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായ ‘കപ്പേള’ നെറ്റ്‌ഫ്‌ളിക്‌സിൽ നിന്ന് ഒഴിവാക്കി’ കഴിഞ്ഞ കുറേ മണിക്കൂറുകളായി സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തയാണിത്. എന്നാൽ, ഇതൊരു വ്യാജപ്രചാരണമാണ്. കപ്പേള ഇപ്പോഴും നെറ്റ്‌ഫ്‌ളിക്‌സിൽ ലഭ്യമാണ്. ചിത്രം നെറ്റ്‌ഫ്‌ളിക്‌സിൽ നിന്ന് ഒഴിവാക്കിയതായി ട്വിറ്ററിലാണ് വൻപ്രചാരണം നടക്കുന്നത്.
Read Also: നെറ്റ്ഫ്ളിക്സിലെ ഏറ്റവും പുതിയ മലയാളചിത്രം: ‘കപ്പേള’ റിവ്യൂ
സിനിമയ്‌ക്കെതിരെ ഇങ്ങനെയൊരു പ്രചരണം നടക്കുന്നത് എന്തുകൊണ്ടാണെന്ന് തങ്ങൾക്കറിയില്ലെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. നെറ്റ്‌ഫ്‌ള്‌ക്‌സിൽ റിലീസായതിനു പിന്നാലെ കപ്പേളയ്‌ക്ക് വൻ സ്വീകാര്യതയാണ് മലയാളി പ്രേക്ഷകരിൽ നിന്നു ലഭിക്കുന്നത്. ഇതിനിടയിലാണ് സിനിമയ്‌ക്കെതിരെ വ്യാജപ്രചരണം അരങ്ങേറിയത്.
Read Also: കൊച്ചിയെ വർണിച്ച് ഹണി ബീ ടു താരങ്ങൾ
അന്ന ബെൻ, ശ്രീനാഥ് ഭാസി, റോഷൻ, സുധി കോപ്പ തുടങ്ങിയവരാണ് കപ്പേളയിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മികച്ച അഭിപ്രായങ്ങളുമായി സിനിമ മുന്നോട്ടുപോകുമ്പോഴാണ് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സിനിമ തിയറ്ററുകളിൽ നിന്ന് പിൻവലിച്ചത്.
കഥാസ് അൺടോൾഡിന്റെ ബാനറിൽ വിഷ്ണു വേണുവാണ് കപ്പേള നിർമിച്ചത്. ജിംഷി ഖാലിദ് ഛായാഗ്രഹണവും, നൗഫൽ അബ്ദുള്ള ചിത്രസംയോജനവും സുഷിൻ ശ്യാം സംഗീതസംവിധാനവും നിർവ്വഹിച്ചിരിക്കുന്നു.