കൊച്ചി: ട്രോള്‍ ചലഞ്ചുമായി കേന്ദ്ര മന്ത്രിയും എറണാകുളം ലോക്‌സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ അല്‍ഫോണ്‍സ് കണ്ണന്താനം. കൊച്ചിക്ക് വേണ്ടി ഒരു ട്രോള്‍ മി ചലഞ്ച് എന്ന പേരിലാണ് കണ്ണന്താനം സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിരിക്കുന്നത്.

Read More: കത്തി എടുത്ത് കൊല്ലാന്‍ ധൈര്യമില്ലാത്തവര്‍ ഫോണെടുത്ത് ട്രോളുണ്ടാക്കുന്നു: അല്‍ഫോണ്‍സ് കണ്ണന്താനം

കൊച്ചിയുടെ വികസനത്തെക്കുറിച്ചു നല്ല നല്ല ട്രോളുകൾ ഉണ്ടാക്കി ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമന്റായി പോസ്റ്റ് ചെയ്യണമെന്നാണ് കണ്ണന്താനം ആവശ്യപ്പെട്ടിരിക്കുന്നത്. തന്നെയും കഥാപാത്രമാക്കുന്നതില്‍ വിരോധമില്ലെന്നും എല്ലാം കൊച്ചിക്ക് വേണ്ടിയല്ലേയെന്നും അദ്ദേഹം പറഞ്ഞു. നല്ല ട്രോളുകൾ ഉണ്ടാക്കുന്നവർക്ക് തന്റെ ഒപ്പം നിന്ന് സെൽഫി എടുക്കാൻ അവസരമുണ്ടെന്നും കണ്ണന്താനം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞിരിക്കുന്നു.

കണ്ണന്താനത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

“TROLL ME CHALLENGE
മലയാളികൾ വളരെ നർമ്മബോധം ഉള്ളവരാണ്.
എന്ത് സീരിയസ് കാര്യവും നമ്മൾ തമാശയാക്കി ആസ്വദിക്കാറുണ്ട്.
നമ്മുടെ യുവാക്കളുടെ പല ട്രോളുകളും കാണുമ്പോൾ അത്ഭുതപ്പെടാറുണ്ട്.
എന്തുമാത്രം സർഗ്ഗശേഷി ആണ് നമ്മുടെ യുവാക്കൾക്ക് ഉള്ളത്?
ഇതെങ്ങനെ പോസിറ്റീവ് ആയി ഉപയോഗിക്കാം എന്നും പലപ്പോഴും ചിന്തിച്ചിട്ടുണ്ട്.
എന്തായാലും എന്നെ ട്രോളുന്ന വീരന്മാർക്ക് ഒരു കൊച്ചു ചലഞ്ച് – കൊച്ചിയുടെ വികസനത്തെക്കുറിച്ചു നല്ല നല്ല ട്രോളുകൾ ഉണ്ടാക്കി ഇവിടെ കമന്റ് ചെയ്യൂ.
നല്ല ട്രോളർമാർക്ക് എന്നോടൊപ്പം ഒരു സെൽഫി എടുക്കാം, ഈ പേജിൽ ഇടാം (തെരഞ്ഞെടുപ്പായതിനാൽ മറ്റു വാഗ്ദാനങ്ങളോ സമ്മാനങ്ങളോ ഇപ്പോൾ സാധ്യമല്ല).
അപ്പൊ ശരി, തുടങ്ങുവല്ലേ?

-എന്നെയും ഒരു കഥാപാത്രമാക്കുന്നതിൽ വിരോധമില്ല.. എല്ലാം നമ്മുടെ കൊച്ചിക്കുവേണ്ടിയല്ലേ…”

എന്നാൽ,ഈ ട്രോൾ ചലഞ്ച് കണ്ണന്താനത്തിന് തന്നെ തിരിച്ചടിയായിരിക്കുകയാണ്. പോസ്റ്റിന് താഴെ നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഇതെല്ലാം കണ്ണന്താനത്തിന് എതിരെയാണ് എന്നതാണ് സോഷ്യൽ മീഡിയയിൽ ചിരി പടർത്തുന്നത്. കൊച്ചിയുടെ വികസനവുമായി ബന്ധപ്പെട്ട ട്രോളുകൾ വളരെ കുറവാണ്. അതേസമയം, കണ്ണന്താനത്തെ ട്രോളൻമാർ വെറുതെ വിടുന്നുമില്ല.

കമന്റ് ബോക്സിൽ കണ്ണന്താനത്തിനെതിരെ വന്ന ട്രോളുകൾ:

സോഷ്യൽ മീഡിയയിൽ നിരന്തരം ട്രോളുകൾ ഏറ്റുവാങ്ങുന്ന നേതാവാണ് കണ്ണന്താനം. ഇതിനെതിരെ അദ്ദേഹം തന്നെ രംഗത്തുവന്നിരുന്നു. നിരാശ തീർക്കാൻ ഒരു വഴിയുമില്ലാത്തവരാണ് ബിജെപി നേതാക്കൾക്കെതിരെ ട്രോളുമായി വരുന്നതെന്നുള്ള വിമര്‍ശനം അല്‍ഫോണ്‍സ് കണ്ണന്താനം നടത്തിയിരുന്നു. ഒരു തൊഴിലും ഇല്ലാത്ത യുവജനമാണ് ട്രോളുകള്‍ സൃഷ്ടിച്ച് മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതെന്നും കണ്ണന്താനം പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് ട്രോൾ ചലഞ്ചുമായി അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook