മലയാളികൾ എന്നും ഹൃദയത്തിൽ സൂക്ഷിക്കുന്ന “കനക നിലാവേ തുയിലുണരൂ” എന്ന ഗാനം മനോഹരമായി ആലപിച്ച് സമൂഹ മാധ്യമങ്ങളിൽ കൈയ്യടി നേടുകയാണ് അമ്പിളി. കോട്ടയം തെക്കുംതലയിലെ കെ.ആർ.നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കാന്റീനിൽ ജീവനക്കാരിയാണ് അമ്പിളി.
കോട്ടയം ചെങ്ങളം സ്വദേശിനിയാണ് ഈ സാധാരണക്കാരി. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികളാണ് അമ്പിളിയിലെ ഗായികയെ കണ്ടെത്തിയത്. ജോലിക്കിടയിൽ കാന്റീനിലെ അടുക്കളയിലിരുന്ന് കറിക്ക് പച്ചക്കറികൾ അരിയുന്നതിനിടെ അമ്പിളി അനായാസം പാടിയ പാട്ട് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ പ്രധാന ചർച്ചാ വിഷയമാണ്.
ഗ്രൈൻഡറിന്റെയും മിക്സിയുടെയും ശബ്ദം പശ്ചാത്തലത്തിലുണ്ടെങ്കിലും അമ്പിളിയുടെ പാട്ടിൽ അത് എല്ലാവരും മറക്കുകയാണ്. വളരെ മികച്ച സ്വീകാര്യതയാണ് ഗാനത്തിനും ഗായികയ്ക്കും സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ലഭിക്കുന്നത്.